മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി: വീടുകളില്‍ വെള്ളം കയറി, വീണ്ടും പ്രതിഷേധം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി: വീടുകളില്‍ വെള്ളം കയറി, വീണ്ടും പ്രതിഷേധം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. ഇതോടെ വഞ്ചിക്കാട്, വികാസ് നഗര്‍, ആറ്റോരം, കടശ്ശിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.

മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് സ്പില്‍വെ ഷട്ടറുകള്‍ തുറന്നതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 8000 ഘനയടി വെളളമാണ് ഒഴുക്കിവിട്ടത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതും ജനങ്ങളില്‍ ആശങ്കയിലാഴ്ത്തി. വെളളം കയറിയതോടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പുകള്‍ അടക്കം ഒഴുകി പോയെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു വിടുന്ന വെളളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. രാവിലെയോടെ അഞ്ച് ഷട്ടറുകള്‍ അടക്കുകയായിരുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുളളത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നുവിടരുതെന്ന് നേരത്തെ തന്നെ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രിയില്‍ ജലനിരപ്പ് വീണ്ടും 142 അടിയില്‍ എത്തിയതോടെ തമിഴ്‌നാട് രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. പകല്‍ സമയത്ത് ജലനിരപ്പ് ക്രമീകരിക്കാമെന്നിരിക്കെയാണ് തമിഴ്‌നാടിന്റെ നടപടി.

അതേസമയം, ജലനിരപ്പ് താഴ്ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് കേരളം കത്ത് അയച്ചു. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.