ഗര്‍ഭഛിദ്ര നിരോധന നിയമത്തിനു മൂര്‍ച്ച കൂട്ടാനൊരുങ്ങി യു. എസ് സുപ്രീം കോടതി; മിസിസിപ്പി നിയമത്തെ പിന്തുണച്ച് ജഡ്ജിമാര്‍

ഗര്‍ഭഛിദ്ര നിരോധന നിയമത്തിനു മൂര്‍ച്ച കൂട്ടാനൊരുങ്ങി യു. എസ് സുപ്രീം കോടതി; മിസിസിപ്പി നിയമത്തെ പിന്തുണച്ച് ജഡ്ജിമാര്‍

വാഷിംഗ്ടണ്‍ : ഗര്‍ഭ ധാരണത്തിനു ശേഷം 15 ആഴ്ചകള്‍ കഴിഞ്ഞുള്ള എല്ലാ ഗര്‍ഭഛിദ്രങ്ങളും നിരോധിക്കുന്ന മിസിസിപ്പി നിയമത്തിന് രാജ്യവ്യാപകമായി അംഗീകാരം യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ണ്ണായക തയ്യാറെടുപ്പിലേക്ക് സുപ്രീം കോടതിയെന്നു സൂചന. 'റോ വേഴ്‌സസ് വേഡ്' കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാനുസൃതമാണെന്ന് അര നൂറ്റാണ്ടിലേറെയായി വാദിച്ചുവരുന്നവര്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു മണിക്കൂര്‍ നീണ്ട വാദത്തിനിടെ ഭൂരിഭാഗം ജഡ്ജിമാരില്‍ നിന്നുണ്ടായത്.

അതേസമയം, ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി രാജ്യം ആശ്രയിക്കുന്ന വിധികള്‍ വലിച്ചെറിഞ്ഞാല്‍ കോടതി ഒരു രാഷ്ട്രീയ സ്ഥാപനമായി കാണപ്പെടുമെന്ന സന്ദേഹം മൂന്ന് ജഡ്ജിമാര്‍ പ്രകടമാക്കി. നേരത്തെയുള്ള വിധി അസാധുവാക്കുന്നത് തത്ത്വാധിഷ്ഠിതമായാണെന്നും സാമൂഹിക സമ്മര്‍ദ്ദത്താലല്ലെന്നും കാണിക്കേണ്ടതാവശ്യമാണ് - ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ പറഞ്ഞു. ഭരണഘടനയും അതിന്റെ വായനയും വെറും രാഷ്ട്രീയ പ്രവൃത്തികളാണെന്നതാണു പൊതുബോധമെങ്കില്‍ അതുവഴിയുണ്ടാകുന്ന ദുര്‍ഗന്ധത്തെ ഈ സ്ഥാപനത്തിന് അതിജീവിക്കാനകുന്നതെങ്ങനെ?- ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ചോദിച്ചു.

'പൊതുജനങ്ങളുടെ ഉച്ചത്തിലുള്ള നിലവിളി ഏത് ഭാഗത്തിനു വേണ്ടിയാണെന്നതിനെ ആശ്രയിച്ച്, അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു രാഷ്ട്രീയ സ്ഥാപനമാണ് എന്ന തോന്നലുളവാക്കുന്ന തരത്തില്‍ കോടതി പ്രവര്‍ത്തിക്കരുതെ'ന്ന് ജസ്റ്റിസ് എലീന കഗന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി പൊതുജനങ്ങള്‍ ആശ്രയിക്കുന്നുണ്ടെങ്കിലും , തെറ്റായി തീരുമാനിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റോ വേഴ്‌സസ് വേഡ് വിധി മാറ്റാന്‍ തയ്യാറാണെന്ന് ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നീല്‍ ഗോര്‍സുച്ച്, ബ്രെറ്റ് കവനോവ് എന്നിവര്‍ അഭിപ്രായപ്പെട്ടു.' തെറ്റായിപ്പോയി ഒരു തീരുമാനം അസാധുവാക്കാന്‍ കഴിയില്ലേ?' അലിറ്റോ ചോദിച്ചു.

വിവാഹ മോചനവും സ്വവര്‍ഗ്ഗ വിവാഹവും സംബന്ധിച്ച പഴയ വിധികള്‍ അസാധുവാക്കിയതിന്റെ ഉദാഹരണങ്ങള്‍ ജസ്റ്റിസ് കവനോവ് ചൂണ്ടിക്കാട്ടി. അതേസമയം, റോ വേഴ്‌സസ് വേഡ് വിധി റദ്ദാക്കാതെ മിസിസിപ്പി നിയമം ഉയര്‍ത്തിപ്പിടിക്കാനുള്ള സന്നദ്ധതയാണ്് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മറ്റേതെങ്കിലും ജഡ്ജിമാര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ഗര്‍ഭഛിദ്ര കാര്യത്തില്‍ സ്ത്രീകള്‍ക്കു തെരഞ്ഞെടുപ്പിനു മതിയായ സമയം ലഭിക്കണമെന്ന ന്യായത്തിന്മേല്‍ 15 ആഴ്ചയെന്നത് 24 ആഴ്ചയെങ്കിലും ആക്കണമെന്ന വാദം ഉയര്‍ന്നപ്പോള്‍ ചീഫ് ജസ്റ്റിസില്‍ നിന്ന് സുപ്രധാന ചോദ്യമുയര്‍ന്നു: 15 ആഴ്ചക്കാലം മതിയായ സമയമല്ലേ ?

നിയമം 'മനുഷ്യത്വരഹിതമായ നടപടിക്രമങ്ങള്‍' നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വേദന കണ്ടെത്താനും പ്രതികരിക്കാനും ഗര്‍ഭപിണ്ഡത്തിന് കഴിയുമെന്നും ഗര്‍ഭച്ഛിദ്ര നിരോധനത്തിനായി വാദിക്കുന്ന പ്രോലൈഫ് പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ഗര്‍ഭച്ഛിദ്രത്തെ ഭരണഘടന സംരക്ഷിക്കുന്നുവെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വിധിച്ചിരുന്നുവെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയുള്ള എതിരാളികളുടെ വാദം.

എന്താണ് 'റോ വേഴ്‌സസ് വേഡ്' കേസ്?

1969 ല്‍ നോര്‍മ മകോര്‍വി ( 'ജെയിന്‍ റോ'എന്ന സാങ്കല്പിക നാമം ആണ് ഈ കേസിനെ പറ്റി പ്രതിപാദിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്) എന്ന സ്ത്രീ തന്റെ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ ഡോക്ടറെ സമീപിച്ചു. അവര്‍ താമസിച്ചിരുന്ന ടെക്‌സസ് സംസ്ഥാനത്ത് അന്ന് ഗര്‍ഭഛിദ്രം നിയമാനുസൃതമായിരുന്നില്ല. അതിനാല്‍ ഡോക്ടര്‍ അവരോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.

ടെക്‌സസിലെ ഡാളസ് ഡിസ്റ്റ്രിക്റ്റ് അറ്റോര്‍ണി ' ഹെന്റി വേഡ്' ന് എതിരെ യൂ എസ് ഫെഡറല്‍ കോര്‍ട്ടില്‍ കേസ് എത്തി. അന്ന് അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭഛിദ്രം അനിവദനീയമായിരുന്നില്ല ടെക്‌സസില്‍. അത് ഭരണഘടനാ അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വാദിഭാഗം വാദിച്ചു. മൂന്നു പേരടങ്ങുന്ന പാനല്‍ ' ജെയിന്‍ റോ' യ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

തുടര്‍ന്ന് യു.എസ് സുപ്രീം കോടതിയില്‍ ടെക്‌സസിന്റെ അപ്പീല്‍ എത്തി. 1973 ജനുവരിയില്‍ കീഴ്ക്കോടതിയുടെ വിധി ശരിവച്ചു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗര്‍ഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നും ഭരണഘടന അത് അനുശാസിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ' റോ വേഴ്‌സസ് വേഡ് ' എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് 1992ല്‍ കോടതി ഈ കേസ് വീണ്ടും പഠിച്ചു; വീണ്ടും ശരിവച്ചു.അതിന്റെ ബലത്തില്‍ 'പ്ലാന്‍ഡ് പേരന്റ്ഹുഡ് ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗര്‍ഭഛിദ്രം ഇന്നും നിയമാനുസൃതമായിതന്നെ തുടരുന്നു.

അമേരിക്കയിലെ ഇപ്പോഴത്തെ പൊതു നിയമമനുസരിച്ച് ആദ്യത്തെ മൂന്നുമാസം ഗര്‍ഭഛിദ്രം നടത്തുന്നതില്‍ നിയമത്തിന് ഇടപെടാനാവില്ല. രണ്ടാമത്തെ മൂന്നു മാസം ചില നിയന്ത്രണങ്ങളോടുകൂടി ഗര്‍ഭഛിദ്രം ആവാം. അവസാനത്തെ മൂന്നു മാസം അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭഛിദ്രം അനുവദനീയമല്ല. ഈ നിയമങ്ങളില്‍ വീണ്ടും വെള്ളം ചേര്‍ക്കാനും നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവാദം ലഭ്യമാക്കാനുമാണ് പുതിയ ഭരണകൂടത്തിന്റെ താല്‍പ്പര്യം.അതേസമയം, ലോകമെങ്ങുമുള്ള പ്രോലൈഫ്് പ്രസ്ഥാനക്കാരുടെ പ്രാര്‍ത്ഥന വിഫലമാകില്ലെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്.വിധി വരുന്നതിനു മുമ്പേ ഇതിനെതിരായ രോഷ പ്രകടനവും പ്രതീക്ഷിക്കുന്നു നിരീക്ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.