ദുബായ്: യുഎഇയുടെ സുവർണ ജൂബിലി ഔദ്യോഗിക ആഘോഷങ്ങള്‍ ദുബായ് ഹത്തയില്‍ നടന്നു. 'യുഎഇയുടെ മുന്നോട്ടുളള ദിനങ്ങളും സുന്ദരമാണ്, കഴിഞ്ഞുപോയ നാളുകളെ പോലെ' യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. കഴിഞ്ഞു പോയ നാളുകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍, മുന്നില്‍ നടന്ന പൂർവ്വികർക്കുളള സമർപ്പണമായി ഹത്തയില്‍ അവതരിപ്പിച്ചു.
ഹത്തയിലെ പ്രകൃതി മനോഹരമായിടത്തില്‍ ഏഴ് എമിറേറ്റിലേയും ഭരണാധികാരികള്‍ ഒന്നുചേർന്നു. ഹത്തയിലെ ഹജ്ജാർ മലനിരകളിലെ താഴ്വരയോട് ചേർന്ന് ഹത്താഡാമിനോട് ചേർന്നുളള തടാകത്തിലെ ഹൃദയഭാഗത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. പ്രത്യേകം തയ്യാറാക്കിയ 3ഡി പ്രൊജക്ഷനില്‍ യുഎഇയുടെ 50 വർഷത്തെ യാത്ര ചിത്രങ്ങളായി തെളിഞ്ഞു. വെളിച്ചവിന്യാസവും, സംഗീത പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ഹത്തയിലെ ആകാശത്തിന് തങ്കത്തിളക്കമേകി.
അറബ് പൂർവ്വികരായ ബെഡൂവിയന്‍സ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സംഭാഷണശകലങ്ങളോടെയായിരുന്നു തുടക്കം. യുഎഇയുടെ യാത്രയില്‍ കരുത്തായ അഞ്ച് വനിതകള്‍ക്ക് ആദരമർപ്പിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മുത്തശ്ശി ഷെയ്ഖ ഹെസ ബിന്‍ത് അല്‍ മുർ അല്‍ ഫലാസി മുതല്‍ യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്ക് വരെയുളളവരുടെ ജീവതത്തിലൂടെ കടന്ന് പോയി.
യുഎഇ എന്ന രാജ്യം പിറവിയെടുക്കുന്നതിന് നിദാനമായ ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രം തെളിഞ്ഞപ്പോള്‍ പിറന്നത് വൈകാരിക നിമിഷങ്ങള്‍. പിന്നീട് 1971 ഡിസംബർ 2 ലെ പ്രഖ്യാപനവും ഏഴ് ഭരണാധികാരികളുടെ ചിത്രവും തെളിഞ്ഞു. പിന്നീടുളള ഓരോ നിമിഷവും യുഎഇ എന്ന രാജ്യത്തിന്റെ വിജയ യാത്രയുടേതായിരുന്നു. സാങ്കേതിക തികവും ഭരണനൈപുണ്യവും കൊണ്ട് രാജ്യത്തിന് മാതൃകയായ യുഎഇ ഇനിയുളള ദിനങ്ങളും തങ്ങളുടേതാണെന്ന് ഉറപ്പിക്കുന്നു ഈ കൊച്ചുരാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.