വെല്ലിങ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനം തുടങ്ങി രണ്ടുവര്‍ഷത്തോളം ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ദക്ഷിണ പസഫിക് രാജ്യമായ കുക്ക് ദ്വീപില്‍ ആദ്യ രോഗബാധ സ്ഥിരീകരിച്ചു. സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന ഉടനെയാണു സംഭവം.
17000ത്തോളം ദ്വീപ് നിവാസികളാണ് ഇവിടെയുള്ളത്. ഇതില്‍ 96 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. പത്ത് വയസുള്ള ഒരു ആണ്‍കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രസിഡന്റ് മാര്‍ക്ക് ബ്രൗണ്‍ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തില്‍ കഴിയുകയാണ്. ന്യൂസിലന്‍ഡില്‍നിന്നാണ് കുട്ടി ദ്വീപില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.
176 യാത്രക്കാരുള്ള വിമാനത്തിലാണ് ഇവര്‍ ദ്വീപില്‍ എത്തിയത്. വിമാനയാത്ര ആരംഭിക്കുന്നതിന് മുന്‍പ് കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍, ദ്വീപില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതിര്‍ത്തികള്‍ തുറക്കുന്നതിന് മുന്നോടിയായി ഞങ്ങള്‍ സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. പരിശോധന ശക്തമാക്കിയത് കാരണമാണ് അതിര്‍ത്തിയില്‍ വെച്ചുതന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതെന്നും മാര്‍ക്ക് ബ്രൗണ്‍ പറഞ്ഞു.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ദ്വീപിലെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ജനുവരി മുതല്‍ ന്യൂസിലന്‍ഡുമായി ക്വാറന്റീന്‍ ഇല്ലാത്ത യാത്രകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലന്‍ഡുമായി സ്വതന്ത്ര സഹകരണത്തില്‍ നിലനില്‍ക്കുന്ന രാജ്യമാണിത്. വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാന സാമ്പത്തിക മേഖല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.