അഞ്ച് ലക്ഷം എ.കെ 203 റൈഫിള്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

അഞ്ച് ലക്ഷം എ.കെ 203 റൈഫിള്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യുഡല്‍ഹി: എ.കെ 203 തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം എ.കെ 203 തോക്കുകള്‍ നിര്‍മ്മിക്കാനുളള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. എ.കെ 47 തോക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും കലാഷ്‌നിക്കോവ് കണ്‍സോണും റോസോബോണ്‍ എക്‌സ്‌പോര്‍ട്ട്‌സും ചേര്‍ന്നാണ് അമേഠിയില്‍ തോക്ക് നിര്‍മ്മാണ കമ്പനി സ്ഥാപിച്ചത്. കരസേനയ്ക്ക് വേണ്ടി ഏഴര ലക്ഷം എ.കെ 203 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ 2019ല്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരുന്നു. ഇതില്‍ ഒരു ലക്ഷം തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് എ.കെ 203 നിര്‍മ്മാണത്തിന് അന്തിമ അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഡിസംബര്‍ ആറിന് പ്രസിഡന്റ് ഇന്ത്യയില്‍ എത്തും. പ്രതിരോധ നിര്‍മ്മാണ മേഖല സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തീരുമാനം. മൂന്ന് പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന ഇന്‍സാസ് റൈഫിളിന് പകരമായി എ.കെ 203 ഉപയോഗിക്കാന്‍ സാധിക്കും. ഭാരം കുറഞ്ഞ എ.കെ 203 തോക്കിന്റെ ദൂരപരിധി 300 മീറ്ററാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.