അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 05
കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിലെ അംഗമായി അഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. ജോണ്‍- സോഫിയ ദമ്പതികളായിരുന്നു മാതാപിതാക്കള്‍. പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലക്‌സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു.
തങ്ങളുടെ അഞ്ചു വയസുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് സാബ്ബാസിന്റെ അമ്മയും പിതാവിനെ അനുഗമിച്ചു. എട്ട് വയസായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ ഫ്‌ളാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. പ്രത്യേക ദൈവീക വരദാനം ലഭിച്ച കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു.
ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാപിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-ാമത്തെ വയസില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ സ്വീകരിച്ചു
ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്‌ളാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി.
മുപ്പത് വയസിനു ശേഷം അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അതോടെ അഞ്ചു വര്‍ഷക്കാലം അദ്ദേഹം തന്റെ ഗുഹയില്‍ കഠിന യാതനകള്‍ അനുഭവിച്ച് ചിലവിട്ടു.
കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആശ്രമ ജീവിതം ആഗ്രഹിച്ച് ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടിയപ്പോള്‍ ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്‌നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു.
തുടര്‍ന്ന വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുത പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ചെറിയ അരുവി ഒരു കിണര്‍ പോലെ രൂപപ്പെടുകയും ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴ പെയ്യുകയും ചെയ്തു. രോഗശാന്തി, പിശാചുക്കളെ ഒഴിവാക്കല്‍ തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ അദ്ദേഹത്തിലൂടെ സംഭവിച്ചു. 532 ല്‍ വിശുദ്ധ സബ്ബാസ് ദൈവത്തിങ്കലേക്ക് വിളിക്കപ്പെട്ടു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1.ഗോളിലെ ബാസൂസ്
2. മീഡിയായിലെ ക്രിസ്പിനാ
3. ട്രെവെസായിലെ ബസിലിസാ
4. ബ്രെക്കുനോക്കിലെ കാവര്‍ഡാഫ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.