ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം: കൂടുതല്‍ പരിശോധന ഫലം ഇന്ന്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം: കൂടുതല്‍ പരിശോധന ഫലം ഇന്ന്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയില്‍ രാജ്യം. ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡൽഹിയില്‍ നിന്ന് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും.

വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയില്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള കേരളം, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം ഉന്നയിച്ച്‌ പ്രത്യേക നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കര്‍ണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.

അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ ഭയം വേണ്ടെന്നും കൂടുതൽ ജാഗ്രത മതിയെന്നും ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. വാക്സിനേഷന്‍ പുരോഗമിക്കുന്നതും രോഗ പ്രതിരോധത്തില്‍ പ്രധാനമാകും. പുതിയ വകഭേദം നിലവിലുള്ള വാക്സിനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.