ഇസ്രായേലി സൈനിക ചെക്ക്പോസ്റ്റിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ പലസ്തീനിയെ വെടിവെച്ചുകൊന്നു; പ്രതിഷേധം രൂക്ഷം

ഇസ്രായേലി സൈനിക ചെക്ക്പോസ്റ്റിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ പലസ്തീനിയെ വെടിവെച്ചുകൊന്നു; പ്രതിഷേധം രൂക്ഷം

ടെല്‍ അവീവ്: ഇസ്രായേലിന്റെ സൈനിക ചെക്ക്പോസ്റ്റിലേക്ക് ബോധപൂര്‍വം കാര്‍ ഇടിച്ച് കയറ്റി സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ച 15 വയസ്സുള്ള പലസ്തീന്‍ സ്വദേശി വെടിയേറ്റ് മരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15 കാരനെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് ഇസ്രായേലിനെതിരായ പ്രതിഷേധം കനത്തു.

വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറെമിന് തെക്ക് ഒരു ചെക്ക് പോയിന്റിലെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനാലകള്‍ക്കിടയിലൂടെ കാര്‍ ഇടിച്ചുകയറ്റിയതാണെന്ന് ഫോട്ടോ വ്യക്തമാക്കുന്നു. നാബ്ലസില്‍ നിന്നുള്ള മുഹമ്മദ് യൂനസ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തപ്പോള്‍ യൂനസ് കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും അക്രമ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. പിരിമുറുക്കം വര്‍ദ്ധിച്ചുവരുന്നതിനിടെ അക്രമ നീക്കങ്ങളോട്് ഇസ്രായേല്‍ പോലീസ് സംയമനരഹിതമായി പ്രതികരിക്കുന്നു എന്ന പരാതി ഇതോടെ രൂക്ഷമായി. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള ചെക്ക്പോസ്റ്റുകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് തുടര്‍ന്ന് ഉത്തരവിട്ടു.

ജറുസലേമില്‍ ഇസ്രായേലി പൗരനെ കത്തി കൊണ്ടു കുത്തിയ പാലസ്തീന്‍ അക്രമിയെ കഴിഞ്ഞ ദിവസം പോലീസ് വെടിവച്ചുകൊന്നിരുന്നു.ഈ സംഭവവും വന്‍ പ്രതിഷേധത്തിനിടയാക്കി.നിലത്ത് വീണു കിടന്ന പ്രതിയെ ഒന്നിലധികം തവണ വെടിവച്ചതിന് പോലീസ് വിമര്‍ശിക്കപ്പെട്ടു.അതേസമയം, ഇസ്രായേല്‍ പ്രാദേശിക സഹകരണ മന്ത്രി ഇസ്സാവി ഫ്രെജ് ട്വിറ്ററില്‍ പറഞ്ഞത്, ആക്രമണത്തിനു മുതിരുന്നവര്‍ക്കു നേരെ ജീവരക്ഷാര്‍ത്ഥമേ വെടിവയ്ക്കാവൂ എന്നാണ്.അപകടകാരികളല്ലാത്തപ്പോള്‍ അവര്‍ക്കു നേരെ വെടിവയ്ക്കരുതെന്ന നിയമം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രി ഒമര്‍ ബാര്‍-ലെവ് പോലീസിനെ ന്യായീകരിച്ചു, സംശയിക്കുന്നയാള്‍ ആത്മഹത്യാ ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, കൊലപാതകമാണുണ്ടായതെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.