ടിയാനന്‍മെന്‍ പ്രതിഷേധം: ആപ്പിള്‍ ഡെയ്ലി ഉടമ ലായ് ഉള്‍പ്പെടെ ശിക്ഷാര്‍ഹരെന്ന് ഹോങ്കോങ്ങിലെ കോടതി

ടിയാനന്‍മെന്‍ പ്രതിഷേധം: ആപ്പിള്‍ ഡെയ്ലി ഉടമ ലായ് ഉള്‍പ്പെടെ ശിക്ഷാര്‍ഹരെന്ന് ഹോങ്കോങ്ങിലെ കോടതി

ഹോങ്കോങ്ങ്: അടച്ചുപൂട്ടിയ ഹോങ്കോങ്ങ് മാധ്യമ സ്ഥാപനത്തിന്റെ ഉടമ ജിമ്മി ലായ് ഉള്‍പ്പെടെ മൂന്ന് ആക്ടിവിസ്റ്റുകള്‍ കൂടി ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കിയതിന് ശിക്ഷാര്‍ഹരാണെന്ന് ഡിസ്ട്രിക്റ്റ് കോടതി വിധിച്ചു. മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ത്തന്നെ ജയിലില്‍ ആണ് ചൈനയെ തുറന്നെതിര്‍ക്കുന്ന ആപ്പിള്‍ ഡെയ്ലി പത്രത്തിന്റെ ഉടമയായ 74 കാരനായ ലായ്. മുന്‍ പത്രപ്രവര്‍ത്തകന്‍ ഗ്വിനെത്ത് ഹോ, പ്രമുഖ അവകാശ അഭിഭാഷകന്‍ ചൗ ഹാങ്-തുങ് എന്നിവരാണ് മറ്റ് രണ്ടു പേര്‍.


മൂവരും കോടതിയില്‍ തങ്ങളുടെ ആരോപണങ്ങളെ എതിര്‍ത്തു.ഈ മാസം 13 ന് ശിക്ഷാ വിധിയുണ്ടാകും.അഞ്ചു വര്‍ഷം തടവ് ആണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരോടൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മറ്റുള്ളവര്‍ എതിര്‍ വാദത്തിനു മുതിര്‍ന്നില്ല.ഹോങ്കോങ്ങില്‍ വര്‍ഷം തോറും നടത്തുന്ന ടിയാനന്‍മെന്‍ അനുസ്മരണം 2020ല്‍ കൊവിഡിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. നിരോധനത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഒമ്പതോളം ജനാധിപത്യ പ്രവര്‍ത്തകരെയാണ് ടിയാനന്‍മെന്‍ വിജില്‍ 2020 ല്‍ പങ്കെടുത്തതിന് 6 മാസം മുതല്‍ പത്തു മാസം വരെ ജയിലിലടച്ചത്. ആധുനിക ചൈനയുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് ഇന്നു ടിയാനന്‍മെന്‍ വിഷയം.

രണ്ട് വര്‍ഷം മുമ്പ് നടന്ന അക്രമാസക്തമായ ജനാധിപത്യ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബീജിംഗ് ഹോങ്കോങ്ങില്‍ ചുമത്തിയ കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ലായ്, ചൗ, ഹോ എന്നിവരുള്‍പ്പെടെ ഡസന്‍ കണക്കിന് പ്രവര്‍ത്തകര്‍ക്കെതിരെ പ്രത്യേക പ്രോസിക്യൂഷന്‍ നടപടി എടുത്തത്.ജൂണ്‍ നാലിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ പൊതു അനുസ്മരണം ചൈനയില്‍ നേരത്തെ തടഞ്ഞിരിക്കുകയാണ്. ഹോങ്കോങ്ങിലോ മക്കാവോയിലോ ഇനി ടിയാനന്‍മെന്‍ അനുസ്മരണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബെയ്ജിംഗ് വ്യക്തമാക്കിയിരുന്നു.

ജനാധിപത്യത്തിനു വേണ്ടി ടിയാനന്‍മെന്‍ സ്‌ക്വയറില്‍ അണിനിരന്ന ചൈനീസ് യുവതയെ 1989 ലാണ് ഭരണകൂടം നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കിയത്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് അന്നു കൊല്ലപ്പെട്ടത്. കൂട്ടക്കൊലയുടെ ഓര്‍മയ്ക്കായി ഹോങ്കോങ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിരുന്ന 'ദ പില്ലര്‍ ഒഫ് ഷെയിം' നീക്കം ചെയ്യാന്‍ രണ്ടു മാസം മുമ്പ് ഉത്തരവായിരുന്നു. നിയമോപദേശത്തെ തുടര്‍ന്നാണ് തങ്ങള്‍ ഈ ഉത്തരവിട്ടതെന്ന നിലപാടിലാണ് ഹോങ്കോങ് യൂണിവേഴ്‌സിറ്റി. ചൈനയുടെ സമ്മര്‍ദ്ദമാണ് യൂണിവേഴ്‌സിറ്റിയെ ഇതിനു പ്രേരിപ്പിച്ചതെന്നു വ്യക്തം.

തങ്ങള്‍ക്കു മേല്‍ ചൈന പുലര്‍ത്തുന്ന അധീശത്വത്തിനെതിരെ ഹോങ്കോങ്ങ് നടത്തുന്ന മൗന പ്രതിഷേധങ്ങള്‍ക്കെതിരെ ബെയ്ജിങ് നീങ്ങിയതിനെ തുടര്‍ന്നാണ് ദ പില്ലര്‍ ഒഫ് ഷെയിം നീക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. തായ് വാനെ ചൈനയുടെ ഭാഗമാക്കുമെന്ന ചൈനയുടെ പരസ്യപ്രസ്താവനയും ഇതോടു ചേര്‍ത്തു വച്ചു വായിക്കേണ്ടതാണ്. കഴിഞ്ഞ 24 വര്‍ഷമായി ഹോങ്കോങ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന പില്ലര്‍ ഒഫ് ഷെയിം ഡാനിഷ് ശില്പിയായ ജെന്‍സ് ഗല്‍ഷിയൊട്ടിന്റെ ശില്പമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.