മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി; പൂര്‍ണ ആരോഗ്യവാന്‍, ഇനി സ്വയം നിരീക്ഷണം

മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി; പൂര്‍ണ ആരോഗ്യവാന്‍, ഇനി സ്വയം നിരീക്ഷണം

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി. 33കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാ ഫലം നെഗറ്റീവായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

കല്യാണ്‍-ഡോംബിവ്‌ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയ ശേഷം വിമാന മാര്‍ഗം തന്നെയാണ് മുംബൈയില്‍ എത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവ്‌ലിയില്‍ ആശുപത്രിയിലായിരുന്നു.

ഇയാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. വാക്സിന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡിന്റെ വ്യാപന ഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണ്‍ നഗരത്തിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ബുധനാഴ്ച വൈകുന്നേരം ആറിന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കല്യാണ്‍-ഡോംബിവ്‌ലി മുന്‍സിപ്പല്‍ കമ്മീഷണര്‍ ഡോ. വിജയ് സൂര്യവംശി പറഞ്ഞു. പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹത്തെ ഡിസ്ചാര്‍ഡ് ചെയ്തു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോ. വിജയ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.