ഫ്രാന്‍സില്‍ മാതാവിന്റെ തിരുനാൾ പ്രദക്ഷിണത്തിന് നേരെ മതമൗലിക വാദികളുടെ ആക്രോശം; ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി

ഫ്രാന്‍സില്‍ മാതാവിന്റെ തിരുനാൾ പ്രദക്ഷിണത്തിന് നേരെ മതമൗലിക വാദികളുടെ ആക്രോശം;  ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി

പാരീസ്: മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സില്‍ സമാധാനപരമായി നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുത്ത കത്തോലിക്ക വിശ്വാസികള്‍ക്കു നേരെ മതമൗലിക വാദികളുടെ പ്രതിഷേധം. ഡിസംബര്‍ എട്ടിന് ഫ്രാന്‍സിലെ നാന്ററെയില്‍ നടന്ന പ്രദക്ഷിണത്തിനു നേരെയാണ് അസാധാരണമായ സംഭവങ്ങള്‍ നടന്നത്. സംഭവത്തെ ശക്തമായി അപലപിച്ചും രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്ക് പിന്തുണ അര്‍പ്പിച്ചും ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ രംഗത്തുവന്നു.

അന്നേ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് വൈദികരും ഇടവകാംഗങ്ങളുമായി ഏകദേശം മുപ്പതോളം പേര്‍ സെന്റ്-ജോസഫ് ചാപ്പലില്‍നിന്ന് പ്രദക്ഷിണമായി ഒരു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി ഇടവകയിലേക്കു പുറപ്പെട്ടത്. എല്ലാ വര്‍ഷവും ഡിസംബര്‍ 8-ന് ഏറെ സമാധാനപരമായാണ് പ്രദക്ഷിണം നടക്കാറുള്ളത്. പ്രാദേശിക അധികാരികള്‍ അംഗീകാരം നല്‍കിയ റൂട്ടിലൂടെയാണ് റാലി നടത്തിയത്.

'മെഴുകുതിരികള്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണം നൂറ് മീറ്റര്‍ മാത്രം പിന്നിട്ടപ്പോഴാണ് വഴിയിലുണ്ടായിരുന്ന അപരിചിതരായ കുറേയാളുകള്‍ വിശ്വാസികളെ ആക്ഷേപിക്കാന്‍ ആരംഭിച്ചത്. അവിശ്വാസികളെന്ന് അറബി ഭാഷയില്‍ വിളിച്ച് ആക്ഷേപിക്കുകയും ഖുര്‍ആന്‍ ഉദ്ധരിച്ച് കഴുത്ത് മുറിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തതായി റാലിയില്‍ പങ്കെടുത്ത ഇടവകയിലെ ഡീക്കനായ ജീന്‍ മാര്‍ക്ക് സെര്‍ട്ടിലാഞ്ചിനെ ഉദ്ധരിച്ച് ലെ ഫിഗാരോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്കു നേരെ വെള്ളവും കുടഞ്ഞു. തുടര്‍ന്ന് വിശ്വാസികളുടെ കൈവശമുണ്ടായിരുന്ന മെഴുകുതിരികള്‍ പിടിച്ചുവാങ്ങി റാലിക്കു നേരെ എറിഞ്ഞതായും ഡീക്കന്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് എത്തിയതോടെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് കാവലില്‍ പ്രദക്ഷിണം പുനഃരാരംഭിക്കുകയായിരുന്നു.

ഇത്തരം ഭീഷണികള്‍ക്കെതിരേ ശക്തമായ ഭാഷയിലാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. ആരാധനാ സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഏറ്റവും ശാന്തതയോടെ നിര്‍വഹിക്കാന്‍ കഴിയണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചു.

സമീപ വര്‍ഷങ്ങളില്‍, ഫ്രാന്‍സിലെ പള്ളികള്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് അടുത്തിടെ നടന്ന പഠനത്തില്‍, ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായി ഫ്രാന്‍സിനെ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.