അജപാലനത്തില്‍ മതബോധന ശുശ്രൂഷകരുടെ പങ്കാളിത്തം സുപ്രധാനമെന്ന് വത്തിക്കാന്‍

 അജപാലനത്തില്‍ മതബോധന ശുശ്രൂഷകരുടെ പങ്കാളിത്തം സുപ്രധാനമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:കത്തോലിക്കാ സഭയിലെ മതബോധന മിനിസ്ട്രിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍ മതവിദ്യാഭ്യാസം പകരുന്ന അധ്യാപകര്‍ മാത്രമല്ലെന്നും അഭിഷിക്ത ശുശ്രൂഷകരുമായി സഹകരിച്ച് അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വിശ്വാസ പ്രഘോഷണത്തിലും പ്രബോധനത്തിലും പങ്ക് നിര്‍വഹിക്കേണ്ടവരാണെന്നും വിശദമാക്കി വത്തിക്കാന്‍.

ലത്തീനിലുള്ള 'റൈറ്റ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് കാറ്റക്കിസ്റ്റ്‌സ് ' രേഖയോടൊപ്പമുള്ള കത്തിലാണ് ദൈവിക ആരാധനയ്ക്കും കൂദാശകള്‍ക്കുമുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റായ ആര്‍ച്ച്ബിഷപ്പ് ആര്‍തര്‍ റോച്ചെ ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ മതബോധന മിനിസ്ട്രിക്ക് ഔപചാരിക അംഗീകാരം നല്‍കി ഏഴ് മാസത്തിന് ശേഷം പുറപ്പെടുവിച്ച ഈ സവിശേഷ രേഖ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ മെത്രാന്‍ സംഘങ്ങളോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതബോധന രംഗത്തെ അധ്യാപകര്‍ വഹിക്കുന്ന വിവിധ ചുമതലകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കപ്പെടുന്ന ഈ തര്‍ജ്ജിമപ്പകര്‍പ്പുകള്‍ വത്തിക്കാന്റെ അംഗീകാരം നേടിയ ശേഷമായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്.

ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ത്രീകള്‍ക്കായി തുറന്ന മിനിസ്ട്രിക്കായുള്ള 'റൈറ്റ് ഫോര്‍ ദ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ലെക്ടേഴ്സ് ആന്‍ഡ് അക്കോലൈറ്റ്‌സ് 'രേഖയുടെ പരിഷ്‌കരിച്ച പതിപ്പ് 2022-ല്‍ പ്രസിദ്ധീകരിക്കുമെന്നും ആര്‍ച്ച്ബിഷപ്പ് റോച്ചെ പറഞ്ഞു

'കാറ്റക്കിസ്റ്റ്' എന്ന പദം അത് ഉപയോഗിക്കുന്ന സഭാ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത യാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുന്നു' - ആര്‍ച്ച്ബിഷപ്പ് ് അഭിപ്രായപ്പെട്ടു. ''ദീര്‍ഘകാല പാരമ്പര്യമുള്ള പള്ളികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് മിഷന്‍ പ്രദേശങ്ങളിലെ മതബോധന ശുശ്രൂഷകര്‍ വ്യത്യസ്തരാണ്. കൂടാതെ, വ്യക്തിഗത സഭാ അനുഭവങ്ങള്‍ വ്യതിരിക്ത സവിശേഷതകളും പ്രവര്‍ത്തനരീതികളും സൃഷ്ടിക്കുന്നു. അതിനാല്‍ അതിന് ഏകോപിത വിവരണം നല്‍കാന്‍ പ്രയാസമാണ്.'

'കാറ്റക്കിസ്റ്റ്' ഏറ്റെടുക്കേണ്ടത്
വ്യത്യസ്ത ദൗത്യങ്ങള്‍

ഔപചാരികമായി അംഗീകരിക്കപ്പെട്ട മതബോധന ശുശ്രൂഷകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹ പ്രാര്‍ത്ഥന നയിക്കുന്നതെന്ന് , ആര്‍ച്ച്ബിഷപ്പ് റോച്ചെ പറഞ്ഞു, ''പ്രത്യേകിച്ച് പുരോഹിതന്റെയോ ഡീക്കന്റെയോ അഭാവത്തില്‍ ഞായറാഴ്ചത്തെ ആരാധനക്രമത്തിനും നേതൃത്വം നല്‍കുന്നു അവര്‍ ; രോഗികളെ സഹായിക്കുന്നു; മൃത സംസ്‌കാര ചടങ്ങുകള്‍ നയിക്കുന്നു; മറ്റ് മതബോധന ശുശ്രൂഷകരെ പരിശീലിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു; അജപാലന സംരംഭങ്ങള്‍ ഏകോപിപ്പിക്കുന്നു; സഭയുടെ സാമൂഹിക സിദ്ധാന്തമനുസരിച്ച് മാനുഷിക വളര്‍ച്ചയ്ക്കു തുണയേകുന്നു ; പാവപ്പെട്ടവരെ സഹായിക്കുന്നു; സമൂഹവും അഭിഷിക്ത ശുശ്രൂഷകരുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നു.'

മതബോധന ശുശ്രൂഷകരുടെ വിശാലവും വൈവിധ്യമാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആളുകള്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും ആര്‍ച്ച്ബിഷപ്പ് റോച്ചെ പറഞ്ഞു. കാരണം മാമ്മോദീസ സ്വീകരണത്തിന്റെ അനന്തരഫലങ്ങളെ പൂര്‍ണ്ണമായും പ്രകടിപ്പിക്കുന്നു, ഈ അല്‍മായ ശുശ്രൂഷ. കൂടാതെ അഭിഷിക്ത ശുശ്രൂഷകരുടെ അഭാവത്തില്‍ അവരുടെ അജപാലന പ്രവര്‍ത്തനത്തിലെ പങ്കാളിത്തമാണ് മതബോധന ശുശ്രൂഷകര്‍ നിറവേറ്റുന്നത്.

അതേ സമയം, ഇടവകയിലെ അജപാലനത്തില്‍ മതബോധന ശുശ്രൂഷകരുടെ പങ്കാളിത്തമുണ്ടാകേണ്ടത് എപ്പോഴും ഒരു വൈദികന്റെ മിതത്വമാര്‍ന്ന മേല്‍നോട്ടത്തിലാകണമെന്ന് കാനന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതിനാല്‍, അവരെ പുരോഹിതനോ ഡീക്കനോ പകരക്കാരനായി കാണാതിരിക്കാന്‍ സമൂഹം മനസ്സിരുത്തേണ്ടത് ആവശ്യമാണ്. പ്രാദേശിക ബിഷപ്പ് ആയിരിക്കണം മതബോധന ശുശ്രൂഷകരെ നിയമിക്കുന്നത്.മതബോധന ശുശ്രൂഷകരായി നിയമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട 'അയോഗ്യതാ പട്ടിക'യും ആര്‍ച്ച്ബിഷപ്പ് റോച്ചെ പ്രസിദ്ധീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26