മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2023 ന്റെ തുടക്കത്തില്‍; മോഡിയുടേത് ഉറപ്പാര്‍ന്ന ക്ഷണം : കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2023 ന്റെ തുടക്കത്തില്‍; മോഡിയുടേത് ഉറപ്പാര്‍ന്ന ക്ഷണം : കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

വത്തിക്കന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2023 ന്റെ തുടക്കത്തിലാകാനുള്ള സാധ്യതയാണുള്ളതെന്ന് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനില്‍ അറിയിച്ചു.'സന്ദര്‍ശനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും; പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ അതെല്ലാം വിഫലമാകുമെന്നും മാര്‍പ്പാപ്പായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍മാരുടെ ഉപദേശക സമിതി യോഗത്തിനു ശേഷം ഡോ. ഗ്രേഷ്യസ് പറഞ്ഞു.

മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണ്. മാര്‍പാപ്പയെ ക്ഷണിക്കാന്‍ ഇന്ത്യയിലെ ബിഷപ്പുമാര്‍ ഗവണ്‍മെന്റിനോട് പലതവണ ആവശ്യപ്പെട്ടിരുന്നതായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു: 'ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇക്കാര്യം വ്യക്തിപരമായി മൂന്ന് തവണ സംസാരിച്ചിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും 'അതെ' എന്ന് പറഞ്ഞു. ഒപ്പം 'എനിക്ക് ഒരു അവസരം കണ്ടെത്താന്‍ കഴിയുന്നില്ല' എന്നും പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇത് തുടര്‍ന്നു.അതിനിടെയാണ് പെട്ടെന്ന് മോഡി റോമിലെത്തിയതും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചതും. ഇത് ശരിക്കും ആശ്ചര്യപ്പെടുത്തുന്ന സംഭവ വികാസമായിരുന്നു.'

സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യന്‍ ബിഷപ്പുമാര്‍ ഇതുവരെ വലിയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 'ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയമായും ആത്മീയമായും തയ്യാറെടുക്കാന്‍ സമയം ആവശ്യമാണ്. സഭയ്ക്കും തയ്യാറാകാന്‍ സമയം വേണം. ഞങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ആദ്യം പരിശുദ്ധ പിതാവിനെ കണ്ടപ്പോള്‍ ഇക്കാര്യം സംസാരിച്ചു. ഇന്ത്യയിലേക്ക് വരാന്‍ അദ്ദേഹത്തിന് എപ്പോഴും താല്‍പ്പര്യമുണ്ടായിരുന്നു; എന്നോട് പലതവണ അത് സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരീകരണം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.ഞാന്‍ തിരികെയെത്തി, ക്രിസ്മസിനും പുതുവല്‍സരത്തിനും ശേഷം ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കുകയും ചെയ്യും.'

2022 ഒക്ടോബറില്‍ കാലാവസ്ഥ പ്രതികൂലം

2022-ലെ കാനഡയിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടെ, തന്റെ മനസ്സിലുള്ള നിരവധി യാത്രകളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ മീറ്റിംഗില്‍ സംസാരിച്ചുവെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. 2022 അവസാനത്തോടെ ഇന്ത്യാ സന്ദര്‍ശനം സാധ്യമാകണമെന്നായിരുന്നു ആദ്യ ധാരണ. 2022 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് 50-ാം വാര്‍ഷിക പ്ലീനറി അസംബ്ലിയോട് അനുബന്ധിച്ച്. പക്ഷേ, ഈ സമയം ഉഷ്ണം അധികരിക്കാനും മണ്‍സൂണ്‍ ആരംഭിക്കാനും സാധ്യത കാണുന്നതിനാല്‍ ഇത് 2023-ന്റെ തുടക്കത്തിലേക്കു മാറ്റും.

'ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ സഭയും ജനങ്ങളും ഇക്കാര്യത്തില്‍ സന്തോഷിക്കുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴും പ്രാദേശിക സഭകള്‍ക്ക് വളരെ സഹായകരമാണ്. നമ്മുടെ കാലത്തിനും നമ്മുടെ ആളുകള്‍ക്കും വേണ്ടി അദ്ദേഹം ശരിയായ രീതിയിലാണ് ചിന്തിക്കുന്നതും, സംസാരിക്കുന്നതും. എവിടെയും അദ്ദേഹത്തിന്റെ സന്ദേശം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, അതിനാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ എനിക്ക് സവിശേഷ താല്‍പ്പര്യവും സന്തോഷവുമുണ്ട്.'



'വഴിയില്‍ തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സന്ദര്‍ശം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എപ്പോഴും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.എന്നാല്‍ പ്രധാനമന്ത്രി മോഡി ശക്തനാണ്;താന്‍ മാര്‍പാപ്പയെ ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് പിന്നോട്ട് പോകില്ല, '

ഒരു മാര്‍പ്പാപ്പയുടെ ഭാരത സന്ദര്‍ശനമുണ്ടായിട്ട് വളരെക്കാലമായി, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ ; 1964-ല്‍ അദ്ദേഹം ബോംബെയില്‍ എത്തി. പോള്‍ ആറാമനു ലഭിച്ചതുപോലെയുള്ള സ്വീകരണം ഒരു നേതാവിനും രാജ്യത്തു ലഭിച്ചിട്ടില്ല. 'നമ്മുടെ മണ്ണില്‍ ഒരു വിശുദ്ധന്‍ കാലു കുത്തിയിരിക്കുന്നു' എന്നായിരുന്നു പത്രങ്ങളിലെ തലക്കെട്ട്. 1986-ന്റെ തുടക്കത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 10 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ചു. 1999 ഒക്ടോബറില്‍ അദ്ദേഹം ന്യൂ ഡല്‍ഹിയില്‍ വീണ്ടുമെത്തി, ഏഷ്യയിലെ സഭയ്ക്കുള്ള അപ്പസ്‌തോലിക പ്രബോധനം അവതരിപ്പിക്കാന്‍.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് കൃത്യമായ പദ്ധതിയായിട്ടില്ലെങ്കിലും, നാലോ അഞ്ചോ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നും ന്യൂഡല്‍ഹിയിലെ മഹാത്മാ ഗാന്ധിയുടെയും കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെയും ശവകുടീരങ്ങളില്‍ പ്രാര്‍ത്ഥിക്കുമെന്നും പ്രതീക്ഷിക്കുന്നു. സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ സഭാ കേന്ദ്രങ്ങളിലും സന്ദര്‍ശനമുണ്ടാകുമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണ്. മതാന്തര സംവാദത്തിനുള്ള മാര്‍പാപ്പയുടെ സമര്‍പ്പണത്തിന് അനുസൃതമായി അദ്ദേഹം തന്റെ സന്ദര്‍ശന വേളയില്‍ ഹിന്ദുക്കളുമായി ഇടപഴകുമെന്നും കര്‍ദ്ദിനാള്‍ പ്രതീക്ഷിക്കുന്നു.

ഉപദേശക സമിതി യോഗത്തില്‍

ഡിസംബര്‍ 17 ന് 85 വയസ്സ് തികഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ തികഞ്ഞ ആരോഗ്യവാനായിരിക്കുന്നുവെന്നും അമേരിക്ക മാഗസിന്റെ വത്തിക്കാന്‍ പ്രതിനിധിയായ ജെറാര്‍ഡ് ഒ കൊണെലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഡോ. ഗ്രേഷ്യസ് പറഞ്ഞു. 'എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ചക്രവാളത്തില്‍ ഒരു കോണ്‍ക്ലേവോ രാജിയോ ഇല്ല.'

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കര്‍ദ്ദിനാള്‍ ഉപദേശക സംഘത്തില്‍ 2020 ഫെബ്രുവരി മുതല്‍ അംഗമാണ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇത്തവണയും റോമിലെത്തിയത് ഉപദേശക സംഘത്തിന്റെ യോഗത്തിനായിരുന്നു.തുടര്‍ന്നാണ് അവരുടെ കൂടിച്ചേരലില്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങളെക്കുറിച്ചും മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച തന്റെ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

മാര്‍പ്പാപ്പയുടെ വത്തിക്കാന്‍ ഗസ്റ്റ്ഹൗസായ സാന്താ മാര്‍ട്ടയില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് താമസിച്ചത്. മാര്‍പ്പാപ്പയും അവിടെയായിരുന്നു താമസം. കര്‍ദ്ദിനാള്‍ ഗ്രേഷ്യസും മറ്റ് കര്‍ദ്ദിനാള്‍ ഉപദേഷ്ടാക്കളും വത്തിക്കാനിലെ ത്രിദിന യോഗത്തില്‍ മാര്‍പാപ്പയോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചു.

തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശക സമിതി സ്ഥാപിച്ചു. കര്‍ദിനാള്‍ ഗ്രേഷ്യസ് തുടക്കം മുതല്‍ അംഗമാണ്. അതിനുശേഷം നേരിട്ടും കോവിഡ് -19 വ്യാധിയുടെ സമയത്ത്, വെര്‍ച്വല്‍ ആയും 39 മീറ്റിംഗുകളില്‍ പങ്കെടുത്തു. കൗണ്‍സിലില്‍ മറ്റ് ആറ് കര്‍ദ്ദിനാള്‍മാരാണുള്ളത്: വത്തിക്കാനില്‍ നിന്നുള്ള പിയെത്രോ പരോളിന്‍, ഗ്യൂസെപ്പെ ബെര്‍ത്തെല്ലോ; ഹോണ്ടുറാസിലെ ടെഗുസിഗാല്‍പ ആര്‍ച്ച്ബിഷപ്പ് ഓസ്‌കാര്‍ റോഡ്രിഗസ് മറാഡിയാഗ, ജര്‍മ്മനിയിലെ മ്യൂണിക്ക്- ഫ്രൈസിംഗ് ആര്‍ച്ച്ബിഷപ്പ് റെയ്ന്‍ഹാര്‍ഡ് മാര്‍ക്സ്, ബോസ്റ്റണിലെ ആര്‍ച്ച്ബിഷപ്പായ സീന്‍ പി ഒമാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്‍ഷാസ ആര്‍ച്ച്ബിഷപ്പ് ഫ്രിഡോലിന്‍ അംബോംഗോ ബെസുങ്കു എന്നിവരാണ് ഈ തിരുസംഘത്തിലുള്ളത്.

'യോഗത്തിനു് മുമ്പ്, ഏറ്റവും പുതിയ കൊറോണ വേരിയന്റായ ഒമിക്റോണിനെക്കുറിച്ച് പരിശുദ്ധ പിതാവ് അല്‍പ്പം ആശങ്കാകുലനായിരുന്നു. നേരിട്ടുള്ള സമ്മേളനം വേണോ എന്ന സന്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ ഞങ്ങള്‍ വരാന്‍ പ്രേരിപ്പിച്ചു,' കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി. 'ഞങ്ങളെയെല്ലാം ഒരുമിച്ച് കണ്ടപ്പോള്‍ മാര്‍പ്പാപ്പ വളരെ സന്തോഷവാനായി.'

മാര്‍പ്പാപ്പ ആരോഗ്യവാന്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് കര്‍ദിനാള്‍ പറഞ്ഞു, 'പരിശുദ്ധ പിതാവ് നല്ല ആരോഗ്യവാനാണെന്ന് എനിക്കുറപ്പുണ്ട്. 2020 ഫെബ്രുവരിയില്‍ ഞാന്‍ അവസാനമായി കണ്ടതിനേക്കാള്‍ നല്ല ആരോഗ്യത്തോടെ അദ്ദേഹം കാണപ്പെടുന്നതായി തോന്നി. അതിനാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു '.

'അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികള്‍ ഉണ്ട്. പക്ഷേ ഞാന്‍ നേരത്തെ വന്ന് ആദ്യം അദ്ദേഹത്തെ ദൂരെ നിന്ന് നിരീക്ഷിച്ചു,' പിന്നെ ഞങ്ങള്‍ മീറ്റിംഗ് നടത്തി. ഞാന്‍ എല്ലാം നിരീക്ഷിച്ചിരുന്നു. ഒപ്പം ജോലി ചെയ്തു. മൂന്ന് ദിവസം ഒരുമിച്ചായിരുന്നു. ഈ ദിവസങ്ങളില്‍ നിരന്തരമെന്നോണം സംസാരിച്ചു, ചര്‍ച്ചകളില്‍ പങ്കെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സാധാരണ നിലയിലാണെന്ന് എനിക്ക് പറയാന്‍ കഴിയും. പാപ്പ തികച്ചും സുഖമായിരിക്കുന്നു. '



ഇന്റര്‍നെറ്റില്‍ പോപ്പിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന കിംവദന്തികള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. എന്നാല്‍ 'അദ്ദേഹം കൊണ്ടുവരുന്ന മാറ്റങ്ങളില്‍ ചിലര്‍ ഉത്സാഹം കാണിക്കാത്തതാണ് ഇതിന് കാരണമെന്ന അിപ്രായമാണ് കര്‍ദ്ദിനാളിനുള്ളത്.
.
'ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ വിശ്വാസവും അഗാധമായ പ്രാര്‍ത്ഥനയുമുള്ള ആളാണ്. അദ്ദേഹം സഭയ്ക്ക് വേണ്ടി ഏറ്റവും നല്ലത് ചെയ്യുന്നതായി ഞാന്‍ കാണുന്നു. 2013 മാര്‍ച്ചില്‍ അദ്ദേഹവുമായുള്ള ആദ്യ സ്വകാര്യ ഇടപെടലില്‍ തന്നെ എനിക്കു ചില ബോധ്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന ഒരു മനുഷ്യനല്ലെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞു. തന്നോട് പലര്‍ക്കും എതിര്‍പ്പുണ്ടെന്ന വസ്തുതയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായറിയാം.പക്ഷേ അദ്ദേഹം അതിനെ ധീരമായി നേരിടുന്നു. കര്‍ത്താവ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിനു തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. ഈ വര്‍ഷങ്ങളില്‍ അദ്ദേഹവുമായുള്ള എന്റെ സംഭാഷണങ്ങളില്‍ നിന്ന്, ആ മനോഭാവം ഞാന്‍ മനസ്സിലാക്കി: കര്‍ത്താവ് എന്നെ തിരഞ്ഞെടുത്തു, കര്‍ത്താവ് ആഗ്രഹിക്കുന്നിടത്തോളം കാലം എന്നെ സംരക്ഷിക്കും. ഞാന്‍ എന്റെ പരമാവധി ചെയ്യുന്നു, അവന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ എന്നെ കൊണ്ടുപോകുന്നു. അതാണ് പാപ്പായുടെ മാനസികാവസ്ഥ.'

'നമുക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം,' കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ' വളരെയധികം വെല്ലുവിളികളാണ് അദ്ദേഹം നേരിടുന്നത് , വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളുണ്ട് . പക്ഷേ അത് ജീവിതത്തിന്റെ ഭാഗമാണെന്നും സ്വയം ചുമക്കേണ്ട കുരിശിന്റെ ഭാഗമാണെന്നും കരുതാം. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന വഴി നമുക്ക് അദ്ദേഹത്തെ സഹായിക്കാനാകും. അദ്ദേഹത്തിന് നല്ല ആന്തരിക ചൈതന്യവും ജെസ്യൂട്ട് പരിശീലനവും ഉള്ളതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും: ചക്രവാളത്തില്‍ ഒരു കോണ്‍ക്ലേവില്ല, രാജിയുമില്ല. അദ്ദേഹം വളരെ സുഖമായിരിക്കുന്നു. '

ഹൃദയത്തിലുണ്ട് സിനഡാലിറ്റി

കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി സിനഡാലിറ്റി ചര്‍ച്ച ചെയ്തു. 'ഇത് മാര്‍പ്പാപ്പയുടെ ഹൃദയത്തിന് വളരെ പ്രിയപ്പെട്ടതാണ്,'- കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 'സഭ മുഴുവനും അതിനായി ഒരുങ്ങിക്കഴിഞ്ഞു. സിനഡാലിറ്റി പല കാര്യങ്ങളിലും സ്വാധീനം ചെലുത്തുമെന്നതിനാല്‍ ഇതേപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ഒരുമിച്ച് നടക്കുക, ഒരുമിച്ച് വിവേചിച്ചറിയുക, ഒരുമിച്ച് ആത്മാവിനെ ശ്രദ്ധിക്കുക എന്നീ കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം.'

'ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ദൈവശാസ്ത്രജ്ഞനാണെന്ന കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു,' കര്‍ദ്ദിനാള്‍ പറഞ്ഞു.അദ്ദേഹം വളരെ മികച്ച ഒരു അജപാലക ശുശ്രൂഷകനുമാണ്. ശക്തമായ ദൈവശാസ്ത്രപരമായ ചായ്‌വ് അദ്ദേഹത്തിനുണ്ട്. മുഴുവന്‍ സഭയെയും ഒരുമിച്ചു ചലിപ്പിക്കാന്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രബോധനങ്ങള്‍ അദ്ദേഹം നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ അവധികളും പകര്‍ച്ചവ്യാധിയും കാരണം സിനഡാലിറ്റി സംബന്ധമായി കാര്യങ്ങള്‍ ഇപ്പോള്‍ അധികം പുരോഗമിക്കുന്നില്ല.പക്ഷേ, ജനുവരി പകുതി മുതല്‍ വലിയ മുന്നേറ്റം ഉണ്ടാകും.

റോമിലേക്ക് വരുന്നതിന് മുമ്പ് മെക്സിക്കോയിലെ ബിഷപ്പുമാര്‍, പുരോഹിതന്മാര്‍, മതവിശ്വാസികള്‍, അല്‍മായര്‍ എന്നിവരുടെ സിനഡല്‍ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പങ്കെടുത്തിരുന്നു. ഈ അനുഭവത്തെക്കുറിച്ച് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു: 'തെക്കേ അമേരിക്കയിലെ സഭാ ജീവിതത്തിലേക്ക് നോക്കുമ്പോള്‍, വലിയ സാധ്യതകള്‍ ഞാന്‍ കാണുന്നു. പുറത്തുനിന്നുള്ള ഒരു വ്യക്തിക്ക് അത് അവിടെ നിന്നുള്ള വ്യക്തിയേക്കാള്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞേക്കാം. അവര്‍ പല കാര്യങ്ങളിലും വളരെ മുന്നിലാണെന്ന് ഞാന്‍ കാണുന്നു. ആളുകള്‍ തെക്കേ അമേരിക്കയിലെ പള്ളികള്‍ വിട്ടുപോകുന്നുണ്ട്. എന്നാല്‍ ഇത് അജപാലന ശുശ്രൂഷയുടെ കുറവു മൂലമാണ്. പുരോഹിതന്മാരുടെ അഭാവം; ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.പരിഹരിക്കുകയും വേണം.

സഭയുടെ പുനരുജ്ജീവനം മുന്നോട്ട്

'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതിഫലിപ്പിക്കുന്നു. സഭയെ പുനരുജ്ജീവിപ്പിക്കാന്‍ പരിശുദ്ധാത്മാവ് മാര്‍പാപ്പയെ ഉപയോഗിക്കുകയാണ്. ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവെക്കുന്ന സിനഡാലിറ്റി സഭയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നിരുന്നാലും ഇതിന്റെ ഫലം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം.'

റോമന്‍ കൂരിയയുടെ നവീകരണാര്‍ത്ഥമുള്ള പുതിയ ഭരണഘടനയെക്കുറിച്ചുള്ള അവാസാന വിവരങ്ങളും കര്‍ദ്ദിനാള്‍ നല്‍കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിന്റെ ഫലമായുള്ള പ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്നായിരിക്കും അതെന്ന് പ്രതീക്ഷിക്കുന്നു. രേഖ പൂര്‍ത്തിയായി; അത് പരിശുദ്ധ പിതാവിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അത് വളരെ ശ്രദ്ധയോടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സിലിന്റേതല്ല, തന്റേതായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. സ്വയം മാറ്റങ്ങള്‍ വരുത്തുന്നു, ശൈലീപരമായ മാറ്റങ്ങള്‍; അദ്ദേഹത്തിന്റെ ശൈലി വളരെ വ്യതിരിക്തമാണ്. അത് കാനന്‍ നിയമവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. കൂടാതെ കാനോനിസ്റ്റുകളുമായി കൂടിയാലോചിക്കുകയും ചെയ്യുന്നു.ഇതിന്റെ വിവര്‍ത്തനങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. അതിന് കുറച്ച് സമയമെടുക്കും. എത്ര സമയമാണെന്ന് എനിക്കറിയില്ല, പക്ഷേ ഈസ്റ്ററിന് മുമ്പായി അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈ പുതിയ ഭരണഘടനയുടെ മുഖമുദ്രയെ കര്‍ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചത് 'സേവനം: സുവിശേഷീകരണത്തിന്റെ സേവനം' എന്നാണ്. 'അതാണ് ഭരണഘടനയുടെ കാതല്‍. അത് മാനസികാവസ്ഥയുടെ മാറ്റമാണ്. മാര്‍പാപ്പയെ സഹായിക്കാനും സഭയെ സഹായിക്കാനും പ്രാദേശിക ബിഷപ്പുമാരെ സഹായിക്കാനുമാണ് കൂരിയ'കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 'എനിക്ക് ടെക്സ്റ്റില്‍ വളരെ സംതൃപ്തിയുണ്ട്, പക്ഷേ 'ലൗദാത്തോ സി'യിലേത് പോലെ നല്ലൊരു മീഡിയ അവതരണം ഇതിന് ആവശ്യമാണ്.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.