ഓസ്‌ട്രേലിയയിലെ ജംപിംഗ് കാസില്‍ ദുരന്തം; പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു, മരണസംഖ്യ ആറായി

ഓസ്‌ട്രേലിയയിലെ ജംപിംഗ് കാസില്‍ ദുരന്തം; പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു, മരണസംഖ്യ ആറായി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ സ്‌കൂളിലുണ്ടായ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം ആറായി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ പതിനൊന്നുകാരനായ ചേസ് ഹാരിസണ്‍ ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് ടാസ്മാനിയയിലെ ഡെവോണ്‍പോര്‍ട്ട് ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ കൊടുങ്കാറ്റില്‍പ്പെട്ട് ദുരന്തമുണ്ടായത്. കാറ്റില്‍ ജംപിംഗ് കാസില്‍ (വായു നിറച്ച് ഉപയോഗിക്കുന്ന കുട്ടികളുടെ കളിക്കൂട്്) അന്തരീക്ഷത്തിലേക്കു പറന്നുപൊങ്ങുകയായിരുന്നു. വായുവില്‍ പത്തു മീറ്ററോളം ഉയര്‍ന്ന ജംപിംഗ് കാസിലില്‍ നിന്ന് കുട്ടികള്‍ താഴേക്കു പതിച്ചു. നാലു കുട്ടികള്‍ സംഭവ സ്ഥലത്തും രണ്ടു കുട്ടികള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സ്‌കൂളില്‍ അഞ്ചും ആറും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍.


അപകടത്തില്‍ പരിക്കേറ്റ ബ്യൂ സഹപാഠികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍

സ്‌കൂളില്‍ പ്രൈമറി വിഭാഗത്തിന്റെ അവസാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ക്കിടെയുണ്ടായ ദുരന്തം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ആഹ്ലാദ പ്രകടനങ്ങള്‍ വലിയ ദുഃഖത്തിലേക്കു വഴിമാറിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


അപകടത്തില്‍ മരിച്ച കുട്ടികള്‍

ആകെ ഒമ്പത് കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ ആറു പേര്‍ മരിച്ചു. റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാള്‍ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു

അപകടത്തില്‍ പരിക്കേറ്റെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ബ്യൂ എന്ന കുട്ടി ബന്ധുക്കള്‍ക്കൊപ്പം സഹപാഠികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് ഏവരുടെയും കണ്ണുനിറച്ചു. പരിക്കേറ്റ രണ്ട് കൈകളും ബാന്‍ഡേജുകളാല്‍ ചുറ്റി സ്‌കൂളിലെത്തിയ ബ്യൂ തന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് കളിപ്പാട്ടങ്ങളും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് സ്‌കൂളില്‍ എത്തുന്നത്. ഡെവോണ്‍പോര്‍ട്ടിലെ ജനങ്ങള്‍ ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു കരകയറിയിട്ടില്ല.

സംഭവത്തിനു സാക്ഷികളായി മാനസികമായി തകര്‍ന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ സിഡ്‌നിയില്‍നിന്നും നാലു ചൈല്‍ഡ് കൗണ്‍സിലര്‍മാര്‍ ടാസ്മാനിയയിലെത്തിയതായി പോലീസ് കമ്മിഷണര്‍ ഡാരന്‍ ഹൈന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26