സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം 'പൈശാചികം'; ഇരകള്‍ക്ക് സാന്ത്വനവും ധൈര്യവുമേകി ഫ്രാന്‍സിസ് മാര്‍പാപ്പ

സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം 'പൈശാചികം'; ഇരകള്‍ക്ക് സാന്ത്വനവും ധൈര്യവുമേകി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 'പൈശാചിക'മാണ് ഈ ഹീനകൃത്യമെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ ടിജി 5 നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലായിരുന്നു ഈ അഭിപ്രായ പ്രകടനം.

ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച വ്യക്തിയുള്‍പ്പെടെ ബുദ്ധിമുട്ടേറിയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നാല് പേരുടെ പാനലുമായി മാര്‍പാപ്പ ആശയവിനിമയം നടത്തി. ഒട്ടേറെ സ്ത്രീകള്‍ക്ക് വീടുകളില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു; അപമാനിതരാകേണ്ടിയും വരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. 'എന്റെ നോട്ടത്തില്‍ ഇത് മിക്കവാറും പൈശാചികമാണ്. സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ആക്രമിക്കപ്പെടുന്നത്,' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 'ഇത് അപമാനകരമാണ്, വളരെ അപമാനകരമാണ്.'

തുടര്‍ച്ചയായി അക്രമം അരങ്ങേറിയിരുന്ന വീട്ടില്‍ നിന്ന് തന്റെ നാല് കുട്ടികളുമായി രക്ഷപ്പെട്ട ജ്യോവന്ന എന്ന സ്ത്രീയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് അവരുടെ അന്തസ്സ് നഷ്ടപ്പെട്ടിട്ടില്ലെന്നു മാര്‍പാപ്പ നിരീക്ഷിച്ചു. 'ഞാന്‍ നിങ്ങളില്‍ മാന്യത കാണുന്നു. നിങ്ങള്‍ക്ക് മാന്യത ഇല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു,' അദ്ദേഹം ജ്യോവന്നയോടു പറഞ്ഞു.

പ്രത്യാശ പുലര്‍ത്താന്‍ കഴിയട്ടെയെന്ന് ജ്യോവന്നയോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.'നിങ്ങള്‍ പ്രതിരോധത്തിന്റെ ഉദാഹരണം നല്‍കുന്നു; ദുരന്തങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പാഠം. പരിശുദ്ധ അമ്മയെ നോക്കൂ, ധൈര്യത്തിന്റെ ആ പ്രതിച്ഛായ സ്വന്തമാക്കൂ.'' കൊറോണ വ്യാപനത്തിന്റെ തുടക്കം മുതല്‍, ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി തവണ തന്റെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

13 രാജ്യങ്ങളിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകളില്‍ പകുതിയും പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഇറ്റലിയില്‍, കഴിഞ്ഞ മാസം പുറത്തുവിട്ട പോലീസ് കണക്കുകള്‍ പ്രകാരം ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ 90 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 62 ശതമാനം ഗാര്‍ഹിക പീഡന കേസുകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26