ബെംഗളൂരു: കര്‍ണാടകത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിന് മന്ത്രിസഭ അനുമതി ലഭിച്ചു. മതസ്വാതന്ത്ര്യ സംരക്ഷണ ബില്ല് (2021) ചൊവ്വാഴ്‌ച സുവര്‍ണ വിധാന്‍ സൗധയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
നിര്‍ബന്ധ പൂര്‍വമല്ലാത്ത മതപരിവര്‍ത്തനത്തിനായുള്ള അപേക്ഷകള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സമര്‍പ്പിക്കേണ്ടതാണെന്നും ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പരിവര്‍ത്തനം സാധ്യമാകൂവെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ അനാവശ്യ സ്വാധീനം ചെലുത്തിയുള്ളതും പ്രലോഭനങ്ങളിലൂടെയുള്ളതും ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്.
മതം മാറിയ ഒരു വ്യക്തി വീണ്ടും തന്റെ പഴയ മതം സ്വീകരിക്കുകയാണെങ്കില്‍ നിയമപ്രകാരം ഇത് മതപരിവര്‍ത്തനമായി കണക്കാക്കില്ല. നിര്‍ദിഷ്ട നിയമപ്രകാരം മറ്റൊരു മതം സ്വീകരിച്ച വ്യക്തിയുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇവരുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തി എന്നിവര്‍ക്ക് ഇത്തരം മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാം.
വ്യക്തിയുടെ മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വിലയിരുത്തിയ ശേഷം മാത്രമേ ഈ പരിവര്‍ത്തനം സാധുവായി കണക്കാക്കുയുള്ളൂ. ഡ്രാഫ്റ്റ് റെഗുലേഷന്‍ അനുസരിച്ച്, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ അഞ്ച് വര്‍ഷം വരെ നീട്ടാവുന്നതുമായ തടവുശിക്ഷയും 25,000 രൂപയില്‍ കുറയാത്ത പിഴയും ചുമത്തും.
എസ്‌സി/ എസ്ടി, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ കഠിനമായിരിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍ പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന തടവുശിക്ഷയും 50,000 രൂപ വരെ പിഴയും ലഭിക്കും.
കൂട്ട മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഇത്തരം കേസുകളില്‍ ഇരയാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും. നിയമ വിരുദ്ധമായ മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ മാത്രം വിവാഹം നടത്തിയാല്‍ കുടുംബ കോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കും. നിര്‍ദിഷ്ട നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തവയാണ്. സ്വയം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കൂടാതെ, മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍, ജില്ലാ മജിസ്‌ട്രേറ്റിനോ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ മുന്‍പാകെ 60 ദിവസം മുമ്പെങ്കിലും അപേക്ഷകള്‍ നല്‍കണം.
തന്റെ സ്വതന്ത്ര സമ്മതത്തോടെയും ബലപ്രയോഗമോ നിര്‍ബന്ധമോ അനാവശ്യ സ്വാധീനമോ വശീകരണമോ ഇല്ലാതെ മതം മാറാന്‍ ആഗ്രഹിക്കുന്നുവെന്നും അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തണം. വിവരം ലഭിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റ് പോലീസ് മുഖേന നിര്‍ദിഷ്ട മതപരിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, കാരണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനമോ സംഘടനയോ ശിക്ഷയ്ക്ക് വിധേയമാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ റഫറന്‍സ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.