അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 22
ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്ത് 1850 ജൂലൈ 15 ന്  ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി ജനിച്ചു.  ഭക്തരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന കബ്രീനി പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം പ്രതിബന്ധമായി.  തുടര്‍ന്ന് മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരങ്ങള്‍ക്കൊപ്പം  കൃഷിയിടത്തില്‍ ജോലി ചെയ്തു.
ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ ആറ് വര്‍ഷത്തോളം പഠിപ്പിച്ചു. പിന്നീട്  മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം സ്‌കൂളുകളിലേയും ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി 'മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട്' എന്ന സന്യാസിനീ സഭ സ്ഥാപിച്ചു. 
'എന്നെ ശക്തിപ്പെടുത്തുന്നവനില്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. വൈകാതെ പ്രധാന ഇറ്റാലിയന്‍ പട്ടണങ്ങളിലെല്ലാം പുതിയ സഭ സ്‌കൂളുകള്‍ സ്ഥാപിച്ചു. മതപരമായ വിദ്യാഭ്യാസമായിരുന്നു മുഖ്യ ലക്ഷ്യം.
ചൈനയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് പോകണമെന്നായിരുന്നു തുടക്കം മുതല്‍ കബ്രീനിയുടെ ആഗ്രഹമെങ്കിലും ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരം ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയും അറ് കന്യാസ്ത്രീകളും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി അമേരിക്കയിലെത്തി.
തുടക്കത്തില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായെങ്കിലും ക്രമേണ അവിടെ ധാരാളം സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും അവര്‍ സ്ഥാപിച്ചു. ഈ സ്ഥാപങ്ങള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ക്കാര്‍ക്കും കുട്ടികള്‍ക്കും വളരെയേറെ അനുഗ്രഹപ്രദമായി.
 മലമ്പനി ബാധിച്ച് 1917 ഡിസംബര്‍ 22ന് ചിക്കാഗോയില്‍ കബ്രീനി മരണത്തിന് കീഴടങ്ങുമ്പോള്‍ അവര്‍ സ്ഥാപിച്ച സഭയ്ക്ക് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍  തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും സ്ഥാപനങ്ങളുമുണ്ടായിരുന്നു. 
1946 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരത്വമുള്ളവരില്‍ നിന്നും വിശുദ്ധ പദവി ലഭിച്ച ആദ്യ വിശുദ്ധ എന്ന ഖ്യാതിയും ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയ്ക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റോമായിലെ ഫ്‌ളാവിയന്‍
2. ഈജിപ്തിലെ ചെരെമോണ്‍
3. യൂടെക്ട് ബിഷപ്പായിരുന്ന ഹാങ്കെര്‍
4. അലന്റലൂഷ്യയിലെ അമാസ്വിന്തൂസ്
5. ഇറ്റലിയിലെ ദേമിത്രിയൂസ്, ഹൊണരാത്തൂസ്, ഫ്‌ളോരൂസ്.
 'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.