ആകാംക്ഷയോടെ ലോകം; ജെയിംസ് വെബ് ദൂരദര്‍ശിനി വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

ആകാംക്ഷയോടെ ലോകം; ജെയിംസ് വെബ് ദൂരദര്‍ശിനി വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

പാരീസ്: നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി ജെയിംസ് വെബ് ഇന്നു ബഹിരാകാശത്തേക്കു കുതിക്കും. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലേറി ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50 നാണു ബഹിരാകാശത്തേക്കു തിരിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാനയിലെ സ്‌പേസ് സെന്ററില്‍ നിന്നാണു ദൂരദര്‍ശിനിയുടെ വിക്ഷേപണം. ലോകത്ത് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ശേഷിയേറിയ ടെലിസ്‌കോപ്പാണ് ജെയിംസ് വെബ്. ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കും.

നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 14 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മുപ്പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്.



കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. 75047.15 കോടി രൂപയാണു ദൂരദര്‍ശിനിയുടെ ചെലവ്. ഭൂമിക്കും ചൊവ്വയ്ക്കുമിടയിലെ ഭ്രമണപഥത്തിലാകും ദൂരദര്‍ശിനി സ്ഥാനം പിടിക്കുക.

വിക്ഷേപണം കഴിഞ്ഞ് അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ജെ.ഡബ്ല്യൂ.ടി വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടും. പിന്നാലെ സോളാര്‍ പാനലുകള്‍ തുറക്കും. വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂര്‍ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാതാ മാറ്റം.

ഇത്തരത്തില്‍ മൂന്നു തവണ പേടകത്തിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തില്‍ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം. ഇവിടെയെത്താന്‍ ഒരു മാസമെടുക്കും. സൂര്യന്റെ ശക്തമായ പ്രകാശത്തില്‍ നിന്ന് ഭൂമിയും സ്വന്തം സോളാര്‍ ഷീല്‍ഡും ദൂരദര്‍ശിനിയെ സംരക്ഷിക്കും. ആദ്യ ചിത്രങ്ങള്‍ കിട്ടി തുടങ്ങാന്‍ പിന്നെയും കാത്തിരിക്കണം. എല്‍2വില്‍ എത്തിയ ശേഷം കണ്ണാടി വിടരും. എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശാസ്ത്ര ദൗത്യം തുടങ്ങുക. അതുകൊണ്ട് എല്‍2വില്‍ എത്തി ആറു മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദര്‍ശിനി കമ്മിഷന്‍ ചെയ്യുക.

2007-ല്‍ തുടങ്ങിയ നാസയുടെ പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. 2016 ലാണു ദൂരദര്‍ശനി നിര്‍മാണം പൂര്‍ത്തിയായത്. പിന്നീട് സാങ്കേതിക പ്രശ്നങ്ങളാണു തടസമായത്.

31 വര്‍ഷമായി ബഹിരാകാശത്തുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിള്‍ പ്രകാശ, യുവി കിരണങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കില്‍ ജയിംസ് വെബ് ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്.

ജെയിംസ് വെബ്ബില്‍നിന്നുള്ള ഡേറ്റയ്ക്കായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ബഹിരാകാശ ഗവേഷകരാണ്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചു നിര്‍ണായക വിവരം ജെയിംസ് വെബ് ദൗത്യത്തിലൂടെ ലഭിക്കുമെന്നാണു സൂചന. ഭൂമിക്കു പുറത്ത് ജീവനുണ്ടോയെന്ന ചോദ്യത്തിനും ഈ ദൂരദര്‍ശിനി നല്‍കുന്ന വിവരം പ്രധാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.