സിഡ്നി: സിഡ്നിയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ രണ്ടാം വസന്തം ആരംഭിച്ചെന്ന് സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി. വിശ്വാസപരമായ ഇടപെടലിലൂടെ പുനരുജ്ജീവനത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സംഭവങ്ങൾ ഈ അടുത്തകാലത്തുണ്ടായി. അതിൽ കൂടുതലും യുവാക്കളിലും മതപരമായ ആചരങ്ങളിൽ നിന്ന് മാറി നിന്നവരിലും ആണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. സിഡ്നി കാത്തലിക് ബിസിനസ് നെറ്റ്വർക്കിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
'പ്രായപൂർത്തിയായ ശേഷം കത്തോലിക്കാ മതത്തിലേക്ക് മതപരിവർത്തനക്കാരുടെ എണ്ണത്തിൽ 26 ശതമാനം വർദ്ധനവാണ് കാണപ്പെടുന്നത്. ഇവർ കത്തോലിക്കരായി വളർന്നവർ മാത്രമല്ല വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളാണ്.'- ആർച്ച് ബിഷപ്പ് പറഞ്ഞു
ജൂൺ 22-ന് നടക്കുന്ന 'Walk with Christ'(ക്രിസ്തുവിനോടൊപ്പം നടക്കുക) ഘോഷയാത്രയിൽ 20,000 വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിനായി അതിരൂപത ഒരുങ്ങുകയാണ്, ഒരു ആത്മീയ ശൈത്യകാലം എത്ര വേഗത്തിൽ ഒരു വസന്തത്തിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
'കത്തോലിക്കാ വിദ്യാഭ്യാസവും പ്രസ്ഥാനങ്ങളും അഭിവൃദ്ധി പ്രാപിക്കുകയാണ്. നമ്മുടെ കത്തോലിക്കാ സ്കൂളുകളിലേക്ക് പുതിയതായി എത്തുന്നവരുടെ നിരക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലയിലാണ്. കത്തോലിക്ക സ്കൂളുകളിലെ നമ്മുടെ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള മതവിശ്വാസത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി സർവേകൾ സാക്ഷ്യപ്പെടുത്തുന്നു.' ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
'ഞായറാഴ്ചയിലും കടമുള്ള ദിവസങ്ങളിലും തിരുനാളുകളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016-ൽ നടത്തിയ സർവേയിൽ മതമില്ല എന്ന് വ്യക്തമാക്കിയ ഏകദേശം 800,000 ആളുകൾ 2021-ലെ സെൻസസിൽ അവരുടെ ഉത്തരം ക്രിസ്ത്യൻ എന്ന് രേഖപ്പെടുത്തിയതായി ഗവേഷണം കണ്ടെത്തി. കത്തോലിക്കാ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കുന്നതിനായി ആരംഭിച്ചരിക്കുന്ന പോഡ്കാസ്റ്റുകൾ, യൂട്യൂബ് ചാനലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ദശലക്ഷക്കണക്കിന് അനുയായികളെ നേടുന്നത് പ്രശംസനീയമാണ്.'- ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
'ആഗോളതലത്തിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഈ പുരോഗതി കാണാനാകും. ലോസ് ഏഞ്ചൽസ് മാത്രം ഈസ്റ്റർ ദിനത്തിൽ 5,500 ആളുകളാണ് പുതിയതായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. യുകെയിലും സമാനമായ പ്രവണതകൾ കാണിക്കുന്നുണ്ട്. 2018 നും 2024 നും ഇടയിൽ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി'- തെളിവുകൾ ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് വിശദീകരിച്ചു.
ഈ ആഗോള പുനരുജ്ജീവനത്തിന് കാരണമെന്താണെന്ന് ചോദിച്ചാൽ അതിനുള്ള ലളിതമായ ഉത്തരം പരിശുദ്ധാത്മാവായിരിക്കും എന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സിഡ്നിയിലെ കത്തോലിക്കാ അതിരൂപത സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ബിസിനസ് നേതാക്കൾ ആർച്ച് ബിഷപ്പിന്റെ സന്ദേശത്തോട് ആവേശത്തോടെ പ്രതികരിച്ചു.
'പുതിയ തുടക്കങ്ങളുടെ ഈ അടയാളങ്ങളും വസന്തത്തിന്റെ ഈ ദർശനവും എനിക്ക് ഇഷ്ടപ്പെട്ടു. നീണ്ട ശൈത്യകാലത്തിന് ശേഷം ഒരു പുതിയ സീസണിന്റെ വരവ് പോലെയാണിത്.'- ലിവർപൂൾ കാത്തലിക് ക്ലബ്ബിന്റെ ഡയറക്ടർ ഫോർച്യൂണാറ്റോ ലെഗാറ്റോ പറഞ്ഞു.
സിഡ്നിയിലെ കത്തോലിക്കാ സ്കൂളുകളിൽ വർധിച്ച് വരുന്ന കുട്ടികളുടെ പ്രവേശനത്തിന്റെ ഫലങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് നാഷണൽ കാത്തലിക് എഡ്യൂക്കേഷൻ കമ്മീഷനിൽ നിന്നുള്ള സ്റ്റീഫൻ ഒ ഷിയ, പറഞ്ഞു.
കത്തോലിക്കാ വിശ്വാസം ഇന്ന് എവിടെയാണെന്നും അത് എവിടേക്കാണ് പോകുന്നതെന്നും സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണയോടെ വിശ്വസ്തമായ ഉൾക്കാഴ്ച ആർച്ച് ബിഷപ്പ് നൽകി. ഇവിടെ നിന്ന് ഭാവി എത്രത്തോളം പോസിറ്റീവായി കാണപ്പെടുന്നുവെന്ന് കാണുന്നത് അതിശയകരമാണ് എന്ന് സ്റ്റീഫൻ കൂട്ടിച്ചേർത്തു.
'ക്രിസ്തുമതം പലതവണ മരിച്ചു വീണ്ടും ഉയിർത്തെഴുന്നേറ്റു, കാരണം അതിന് ശവക്കുഴിയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി അറിയാവുന്ന ഒരു ദൈവമുണ്ടായിരുന്നു'. കത്തോലിക്കാ എഴുത്തുകാരനും തത്ത്വചിന്തകനുമായ ജി.കെ ചെസ്റ്റർട്ടൺന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ച് ബിഷപ്പ് സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.