120 മണിക്കൂര്‍ റെയ്ഡില്‍ പണമായി ലഭിച്ചത് 257 കോടി രൂപ; പീയുഷ് ജെയിന്‍ അറസ്റ്റില്‍

120 മണിക്കൂര്‍ റെയ്ഡില്‍ പണമായി ലഭിച്ചത് 257 കോടി രൂപ; പീയുഷ് ജെയിന്‍ അറസ്റ്റില്‍

ലക്‌നൗ: കാണ്‍പുരിലെ സുഗന്ധദ്രവ്യ വ്യാപാരി പീയുഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ പണമായി മാത്രം 257 കോടി രൂപ പിടിച്ചെടുത്തു. കൂടാതെ കിലോക്കണക്കിന് സ്വര്‍ണവും നിരവധി ആഡംബര വസ്തുവകകളുടെ രേഖകളും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 120 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് ഇത്രയും പണവും രേഖകളും പിടിച്ചെടുത്തത്.

നികുതി വെട്ടിപ്പ് നടത്തിയതിന് പീയുഷ് ജെയിനിനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 50 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീയുഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ജി.എസ്.ടി ആക്ടിലെ സെക്ഷന്‍ 69 പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ആദായനികുതി വകുപ്പും ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പീയുഷിന്റെ കാന്‍പുരിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം എണ്ണി തീര്‍ക്കാന്‍ മാത്രം മണിക്കൂറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വന്നത്. ഇതിനുപുറമേയാണ് കിലോക്കണക്കിന് സ്വര്‍ണവും വിവിധ വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തത്. കോടികള്‍ വിലമതിക്കുന്ന 16 വസ്തുവകകളുടെ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതില്‍ നാലെണ്ണം കാണ്‍പുരില്‍ തന്നെയാണ്.

ഏഴ് വസ്തുവകകള്‍ കനൗജിലാണെന്നും രണ്ടെണ്ണം മുംബൈയിലുണ്ടെന്നും ഒരെണ്ണം ഡല്‍ഹിയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബായില്‍ രണ്ട് വസ്തുവകകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പീയുഷിന്റെ വീട്ടില്‍ 18 ലോക്കറുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു. ഇതില്‍ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചത്.

അതേസമയം, ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ പീയുഷ് ജെയിന്‍ ഡല്‍ഹിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജോലിക്കാരന്‍ വെളിപ്പെടുത്തി. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാം ഡല്‍ഹിയിലായിരുന്നു. പീയുഷിന്റെ രണ്ട് ആണ്‍മക്കള്‍ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതോടെയാണ് പീയുഷ് ജെയിന്‍ കാണ്‍പുരില്‍ മടങ്ങിയെത്തിയതെന്നും വീട്ടുജോലിക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.