അബുജ: നൈജീരിയയിലെ കത്തോലിക്ക സ്‌കൂളില്‍ അതിക്രമിച്ച് കയറി 215 വിദ്യാര്‍ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മുസ ജില്ലയിലെ അസ്‌കിറ ഉബയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ കൗമാര പ്രായക്കാരായ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ഒരു ഗ്രാമം അഗ്നിക്കിരയാക്കുകയും ചെയ്തു.
വൈകുന്നേരം കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. പിന്നീട് രാത്രി മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ട ആക്രമണം നടത്തിയ തീവ്രവാദികള്‍ വീടുകളും വാഹനങ്ങളും കടകളും ഉള്‍പ്പെടെ ഗ്രാമം പൂര്‍ണമായി കത്തിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നൈജര്‍ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോര്‍ഡിംഗ് സ്‌കൂളില്‍ തോക്കുകളും മറ്റ് ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവരെ മോചിപ്പിക്കാന്‍ വലിയ തുകയാണ് തീവ്രവാദികള്‍ ആവശ്യപ്പെടുന്നത്.
അസ്‌കിറ ഉബയില്‍ കൃഷിയിടത്തില്‍ നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ട് പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എസ്.പി നഹും ദാസോ സ്ഥിരീകരിച്ചു.
മഗുമേരി ഗ്രാമത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികള്‍ വീടുകള്‍ക്കും മറ്റും തീയിടുന്നതിന് മുമ്പ് ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
നൈജീരിയയില്‍ ബൊക്കോ ഹറാം ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. മതപരമായ ലക്ഷ്യങ്ങളോടു കൂടിയ ആക്രമണങ്ങള്‍, വംശീയ, സാമുദായിക സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.