ലോസ് ഏഞ്ചലസ്: ഒമിക്രോണ്‍ വ്യാപന ഭീതിക്കിടയിലും ബോക്സ് ഓഫീസ് വിസ്മയമായി 'സ്പൈഡര്‍മാന്‍ നോ വേ ഹോം'. ആഗോള ബോക്സ് ഓഫീസില്‍ ഒരു ബില്യണ്‍ ഡോളറിലധികം നേടുന്ന മഹാമാരിക്കാലത്തെ ആദ്യ സിനിമയെന്ന നേട്ടം സ്പൈഡര്‍മാന്‍ പരമ്പരയിലെ ഈ പുതിയ സൃഷ്ടി നേടിയെടുത്തു. 2019ല്‍ 'സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്‌കൈവാക്കറി'ന് ശേഷം ബില്യണ്‍ നേട്ടം സ്വന്തമാക്കിയ ഏക ചിത്രം കൂടിയാണിത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ സിനിമാ വിപണിയായ ചൈനയില്‍ 'സ്പൈഡര്‍മാന്‍ നോ വേ ഹോം' റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ഒരു ബില്യണ്‍ എന്ന നേട്ടം സ്വന്തമാക്കി. സ്പൈഡര്‍മാന്‍: ഹോം കമിംഗ്, സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജോണ്‍ വാട്ട്സ് തന്നെയാണ് ഇരുപത്തിയേഴാമത് മാര്‍വല്‍ ചിത്രമായ നോ വേ ഹോമിന്റെയും സംവിധായകന്‍.
ചൈനീസ് നിര്‍മ്മിത കൊറിയന്‍ യുദ്ധ ഇതിഹാസമായ 'ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍' ലോകമെമ്പാടുമായി 905 മില്യണിലധികം ഡോളര്‍ നേടിയിരുന്നു. 25-ാമത്തെ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' (774 മില്യണ്‍ ഡോളര്‍) ആണ് ഈ വര്‍ഷം ഏറ്റവും മികച്ച വരുമാനം നേടിയ മറ്റൊരു ചിത്രം.ഡിസംബര്‍ 16 നായിരുന്നു 'സ്പൈഡര്‍മാന്‍ നോ വേ ഹോം' സിനിമയുടെ റിലീസ്. ടോം ഹോളണ്ട് സ്‌പൈഡര്‍മാനായി വരുന്ന ചിത്രം ഇറങ്ങിയത് ഡിസ്‌നിയുടെ മാര്‍വല്‍ സ്റ്റുഡിയോയും സോണിയും തമ്മിലുള്ള സഹകരണത്തിലാണ്.
2019 ലെ 'സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്‌കൈവാള്‍ക്കറാ'ണ് ഒരു ബില്യണ്‍ ഡോളറിലധികം നേടിയ അവസാന ചിത്രമെന്ന് മീഡിയ ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ കോംസ്‌കോര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് മഹാമാരി ആരംഭിച്ചതിന് ശേഷം മറ്റൊരു ഹോളിവുഡ് സൃഷ്ടിക്കും ആ ബോക്‌സ് ഓഫീസ് നാഴികക്കല്ലിന്റെ അടുത്ത് വരാനായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.