2022- ലോകത്തിനു മേല്‍ വെല്ലുവിളികളുടെ ഇടിമുഴക്കമോ...?

2022- ലോകത്തിനു മേല്‍ വെല്ലുവിളികളുടെ ഇടിമുഴക്കമോ...?

ഹാമാരിയുടെ ആശങ്കകള്‍ അതിരൂക്ഷമായി തുടരുന്നതിനൊപ്പം ഒട്ടനവധി പുതിയ വെല്ലുവിളികള്‍ കൂടി ലോകത്തിനു സമ്മാനിച്ചാണ് പുതുവര്‍ഷമെത്തിയത്. ആകാശത്തിന്റെ അനന്ത വിതാനം മുതല്‍ നാം വസിക്കുന്ന കൊച്ചുഭൂപ്രദേശം പോലും ആശങ്കയുടെ കരിനിഴലിനു കീഴെയാണെന്നതാണ് 2022-നെ വെല്ലുവിളികളുടെ വര്‍ഷമാക്കുന്നത്.

കോവിഡ്, കാലാവസ്ഥാ വ്യതിയാനം, ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള പോരാട്ടം, കൂട്ടപലായനം, നിയന്ത്രണാതീതമായ അഭയാര്‍ഥി പ്രവാഹം, അന്താരാഷ്ട്ര ഭീകരവാദം, അത്യന്തം പ്രഹരശേഷിയുള്ള അത്യാധുനിക ആയുധങ്ങളുടെ നിര്‍മാണം, വര്‍ധിച്ചുവരുന്ന മതമൗലിക വാദം തുടങ്ങി ഭൂമിയിലെ സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ആശങ്കകള്‍ നിരവധിയാണ്.

150-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സീന്യൂസ് ലൈവ് വായനക്കാര്‍ക്കായി ഓരോ ഭൂഖണ്ഡങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പ്രത്യേകമായി വിലയിരുത്താം. അതിനു മുന്‍പായി ആകാശത്തെ വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

ആകാശത്തെ സൈനിക-സാങ്കേതിക മത്സരങ്ങള്‍

സൈനിക മത്സരങ്ങളും ശാസ്ത്രത്തിന്റെ പുത്തന്‍ പരീക്ഷണങ്ങളും ആകാശമേഖലയെ ഈ വര്‍ഷം ഉദ്വേഗഭരിതമാക്കാനിടയുണ്ട്. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതടക്കം 18 വ്യത്യസ്തമായ ദൗത്യങ്ങളാണ് നാസ (അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി) ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ഒരു പുതിയ സ്‌പേസ് സ്‌റ്റേഷനും പദ്ധതിയുണ്ട്.



ചൊവ്വയിലേക്ക് പര്യവേക്ഷണ പേടകം അയയ്ക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ലക്ഷ്യമിടുന്നു. ഭൂമിയെ സദാ വലംവയ്ക്കുന്ന സ്‌പേസ് സ്‌റ്റേഷന്‍ പദ്ധതി ചൈന ഈ വര്‍ഷം പൂര്‍ണസജ്ജ്മാക്കിയേക്കും. റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയും ചാന്ദ്ര ദൗത്യ പേടകങ്ങള്‍ ഈ വര്‍ഷം വിക്ഷേപിക്കും. ഇതിനു പുറമേ വിനോദസഞ്ചാരത്തിന്റെ പുത്തന്‍ പ്രതീക്ഷയായ സ്‌പേസ് ടൂറിസത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളും കമ്പനികളും പ്രവേശിക്കും. സിനിമാ ചിത്രീകരണത്തിനുള്ള ലൊക്കേഷനായും ബഹിരാകാശം മാറിക്കഴിഞ്ഞത് പോയ വര്‍ഷം നാം കണ്ടു. ഇതിന്റെ കൂടുതല്‍ സാധ്യതകള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം.

ഇപ്പറഞ്ഞതെല്ലാം മനുഷ്യന്റെ അറിവിനെയും അന്വേഷണ കൗതുകത്തെയും തൃപ്തിപ്പെടുത്താനാണെങ്കില്‍ ആകാശത്തു നടക്കുന്ന ആണവായുധ മത്സരമാണ് അപായമണി മുഴക്കുന്നത്. ആകാശത്ത് എവിടെനിന്നും ആണവായുധങ്ങള്‍ തൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ഭൂമിയെ വലംവയ്ക്കുന്ന ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വാഹനങ്ങളുടെ നിര്‍മാണത്തിലാണ് അമേരിക്കയും റഷ്യയും ചൈനയും. മിസൈല്‍ അയച്ച് ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന ആന്റി സാറ്റ്‌ലൈറ്റ് പരീക്ഷണം പോയ വര്‍ഷം റഷ്യ നടത്തിയത് മത്സരത്തിന് ആക്കം കൂട്ടുന്നു. ലോകമാകെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങളെ ഭീഷണിയിലാഴ്ത്തുന്നവിധമാണ് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം മുന്നേറുന്നത്. ഭൂമിക്കു ഭീഷണിയായ വലിയ ഉല്‍ക്കയെ പേടകം അയച്ച് കൂട്ടിയിടിച്ച് ഗതി മാറ്റാനുള്ള നാസയുടെ പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഗ്രഹാന്തര പ്രതിരോധമെന്നൊക്കെയാണ് അമേരിക്ക ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇതിനുള്ള സാങ്കേതിക വിദ്യയ്ക്കു പിന്നില്‍ ആക്രമണ ലക്ഷ്യങ്ങളുണ്ടാകാമെന്ന് ശാസ്ത്രലോകം കരുതുന്നു.


ചൈനയില്‍ നടന്ന സൈനിക പരേഡില്‍ ഡിഎഫ്-17 ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ വഹിച്ച് സൈനിക വാഹനങ്ങള്‍ എത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

മാറുന്ന കാലാവസ്ഥ

ഭൂമിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ആഗോള താപനം എന്ന വലിയ ഭീഷണിയുടെ നിഴലിലാണ് നാമിന്ന്. കഴിഞ്ഞ വര്‍ഷം കാലാവസ്ഥയില്‍ ഉണ്ടായ വലിയ വ്യതിയാനങ്ങള്‍ ഈ വര്‍ഷവും ആവര്‍ത്തിക്കുമെന്നതില്‍ ശാസ്ത്ര ലോകത്തിന് വ്യത്യസ്ത അഭിപ്രായമില്ല. കാട്ടുതീ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ ഈ വര്‍ഷവും ആവര്‍ത്തിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പഠനങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം യു.എസിലെ കൊളറാഡോയിലുണ്ടായ കാട്ടുതീയുടെ ദൃശ്യം

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ പോയ വര്‍ഷം ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിക്കു തുടര്‍ച്ചയായി നവംബറില്‍ ഈജിപ്തില്‍ കോപ്-27 കാലാവസ്ഥാ ഉച്ചകോടി നടക്കും. ഗ്ലാസ്‌ഗോ ഉച്ചകോടിയിലുണ്ടായ തീരുമാനങ്ങളുടെ വളര്‍ച്ചാനിരക്ക് ഈ ഉച്ചകോടിയില്‍ വിലയിരുത്തും. മുഖ്യമായും കല്‍ക്കരി ഉല്‍പാദനം കുറയ്ക്കല്‍, ഫോസില്‍ ഇന്ധനത്തിനുള്ള സബ്‌സിഡികള്‍ വെട്ടിച്ചുരുക്കല്‍, കാര്‍ബണ്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന്റെ അളവു കുറയ്ക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണു മുഖ്യ പരിഗണന.

നിലയ്ക്കാത്ത അഭയാര്‍ഥി പ്രവാഹം

മുന്‍ വര്‍ഷങ്ങളിലേതു പോലെ വര്‍ധിച്ച തോതിലുള്ള അഭയാര്‍ഥി പ്രവാഹമായിരിക്കും പുതിയ വര്‍ഷത്തെയും ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര സംഘടനയുടെ 2020-ലെ കണക്കു പ്രകാരം 281 ദശലക്ഷം ആളുകള്‍ അഭയാര്‍ഥികളായി കണക്കാക്കപ്പെടുന്നു. അതായത് ലോക ജനസംഖ്യയുടെ 3.6 ശതമാനത്തോളം വരുമിത്. മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. സാചര്യങ്ങള്‍ മാറുമ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ സമ്മര്‍ദമേറും.



യുദ്ധമേഖലയില്‍നിന്നുള്ള പലായനം, രാഷ്ട്രീയ അസ്ഥിരതകളില്‍നിന്നു രക്ഷപ്പെട്ടോടുന്നവര്‍, വരള്‍ച്ച, പട്ടിണി, കാലാവസ്ഥാ ദുരന്തം തുടങ്ങിയ സാഹചര്യങ്ങളാല്‍ നാടും വീടും ഉപേക്ഷിക്കേണ്ടി വരുന്നവര്‍ തുടങ്ങി അന്താരാഷ്ട്ര കുടിയേറ്റം വരും നാളുകളില്‍ നിയന്ത്രണാതീതമായി വര്‍ധിക്കാനുള്ള സാധ്യതകളാണുള്ളത്.

2022-ല്‍ ഓരോ ഭൂഖണ്ഡങ്ങളും നേരിടുന്ന വെല്ലുവിളികള്‍ വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.