2022 ലോകത്തിനു മേല്‍ വെല്ലുവിളികളുടെ ഇടിമുഴക്കമോ...? (ലേഖനത്തിന്റെ രണ്ടാം ഭാഗം)
ആഗോള തലത്തില്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങള്‍ക്കു പുറമേ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധിയോടെയുള്ള വാക്‌പോരും സൈനിക നീക്കങ്ങളും 2022-ലും രൂക്ഷമാകാനുള്ള സാധ്യതകളാണു കാണുന്നത്. ദുര്‍ബലരായ രാജ്യങ്ങള്‍ക്കു മേല്‍ സാമ്പത്തികമായും സൈനികമായും പിടിമുറുക്കി ആഗോള ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങളായിരിക്കും ഈ വര്‍ഷവും ചര്‍ച്ചയാവുക. ഇതുള്‍പ്പെടെ ഉത്തര കൊറിയയും തുര്‍ക്കിയും ജനാധിപത്യ രാജ്യങ്ങള്‍ക്കു മേല്‍ ഉയര്‍ത്തുന്ന ഭീഷണികളും കാണാതെയിരുന്നുകൂടാ.
അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ആകാശത്തു നടത്തുന്ന സൈനിക-ശാസ്ത്ര പരീക്ഷങ്ങളുടെ ഭാവിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താളം തെറ്റിക്കുന്നതിനെക്കുറിച്ചുമൊക്കെ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.
ഏഷ്യപസഫിക്, മധ്യപൂര്‍വ്വേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്നത്തെ ലേഖനത്തില്‍ വിലയിരുത്തുന്നത്.
ഏഷ്യപസഫിക്
ലോകം മുഴുവനുമുള്ള കണ്ണുകള്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഒടുക്കം വരെയും തുടര്‍ന്നങ്ങോട്ടും പതിയുന്നത് ചൈനയിലേക്കായിരിക്കും. ഫെബ്രുവരിയില്‍ ശീതകാല ഒളിമ്പിക്‌സിനു തുടക്കമാകും. അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര തലത്തിലുള്ള ഒളിമ്പിക്‌സ് ബഹിഷ്‌കരണമാകും ശ്രദ്ധേയമാകുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും (ഫയല്‍ ചിത്രം)
ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനു വില നല്‍കേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പും കാര്യമായി എടുക്കേണ്ടതുണ്ട്. ചൈനയില്‍ നടക്കുന്ന വര്‍ധിച്ച തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് രാജ്യങ്ങള്‍ ഒളിമ്പിക്‌സിന് നയതന്ത്ര ബഹിഷ്‌കരണമേര്‍പ്പെടുത്തുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിനുള്ള ഒരു മുഖ്യവേദിയായി ശീതകാല ഒളിമ്പിക്‌സ് മാറുമെന്ന് കരുതുന്നവരും നിരവധിയാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാമത് ദേശീയ സമ്മേളനം ഈ വര്‍ഷം ഒടുവില്‍ നടക്കും. ആജീവനാന്ത അധികാരത്തുടര്‍ച്ച ആഗ്രഹിക്കുന്ന പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നീക്കങ്ങള്‍ കരുതലോടെയാണ് പാശ്ചാത്യ ലോകം വീക്ഷിക്കുന്നത്. ലോകം മുഴുവനും ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ഷി ജിന്‍പിങ് നടത്തുന്ന നീക്കങ്ങളില്‍ മറ്റു രാജ്യങ്ങള്‍ അസ്വസ്ഥരാണ്. തായ്‌വാനു നേരേ ചൈനയുടെ സൈനിക ആക്രമണം ഉണ്ടായാല്‍ ലോകക്രമം തന്നെ മാറിയേക്കാം.
മന്ദഗതിയിലായ സമ്പദ് ഘടന, വര്‍ധിക്കുന്ന കടം, പ്രായമാകുന്ന ജനസംഖ്യ, കാലാവസ്ഥാപരവും പാരിസ്ഥിതികവുമായ വെല്ലുവിളികള്‍ തുടങ്ങിയ നിരവധി പ്രതിസന്ധികളെതുടര്‍ന്ന് പാര്‍ട്ടിയിലും രാജ്യത്തുമുണ്ടാകുന്ന എതിര്‍പ്പുകള്‍ നിശബ്ദമാക്കാന്‍ ചൈന അയല്‍രാജ്യങ്ങളെ ആക്രമിക്കുമെന്നു കരുതുന്നവരാണ് അധികവും.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിനെതിരേ പ്രതികരിക്കുന്ന സ്ത്രീകള്‍ (ഫയല്‍ ചിത്രം)
ഇന്ത്യ-ചൈന ബന്ധങ്ങളിലെ വിള്ളലുകള്‍, അതിര്‍ത്തി തര്‍ക്കം, മ്യാന്‍മറിലെ സൈനിക ഭരണവും അവിടുത്തെ ജനാധിപത്യവാദികളെ സൈന്യം അടിച്ചമര്‍ത്തുന്നതും, അഫ്ഗാന്‍ പ്രതിസന്ധി എന്നിവയെല്ലാം മേഖലയെ പ്രതിസന്ധിയുടെ വക്കോളമെത്തിക്കുന്നു. അഫ്ഗാനിസ്ഥാനിലെ 23 ദശലക്ഷം ആളുകള്‍ പട്ടിണിയിലേക്കു നീങ്ങുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്‍കുന്നത്.
അഫ്ഗാനില്‍ അടുത്ത ആറു മാസം പട്ടിണി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് കാണേണ്ടതുണ്ട്.
മധ്യപൂര്‍വ്വേഷ്യ
നവംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളാകും ഈ മേഖലയില്‍ ലോകശ്രദ്ധ പതിയുന്നത്. ഒരു മുസ്ലിം രാജ്യത്ത് ഇതാദ്യമായാണ് ലോകകപ്പ് നടക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരോടുള്ള ഖത്തറിന്റെ സമീപനവും മനുഷ്യാവകാശ ലംഘനങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശനത്തോടെയാണു കാണുന്നത്. ആണവ ആയുധങ്ങള്‍ കരഗതമാക്കാന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങള്‍ അമേരിക്കയെയും ഇസ്രയേലിനെയും ചൊടിപ്പിക്കാനിടയുള്ളതാണ് മേഖലയിലെ പ്രധാന വെല്ലുവിളിയായി കാണുന്നത്.
2015-ലെ ആണവായുധ കരാറില്‍നിന്ന് വ്യതിചലനമുണ്ടായാല്‍ ഇറാനെതിരേ വ്യോമാക്രമണത്തിന് മടിക്കില്ലെന്ന് ഇസ്രയേല്‍ താക്കീത് നല്‍കിയിട്ടുണ്ട്. ലബനനിലെ രാഷ്ട്രീയ പ്രതിസന്ധിയും യമന്‍, ലിബിയ, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥകളും 2022-ല്‍ വാര്‍ത്താപ്രാധാന്യം നേടും.
യൂറോപ്പ്
ഈ വര്‍ഷം ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങും. തുടര്‍ഭരണത്തിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ജനവിധി തേടും. ഹംഗറി, സ്വീഡന്‍, സെര്‍ബിയ, ഓസ്ട്രിയ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
അന്താരാഷ്ട്ര തലത്തില്‍ ക്രമേണ കുറഞ്ഞുവരുന്ന യൂറോപ്യന്‍ സ്വാധീനം പുതുവര്‍ഷത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇനിയും അവസാനിക്കാത്ത മഹാമാരി വരുത്തുന്ന സാമ്പത്തിക ആഘാതം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, കാലാവസ്ഥാ ഉച്ചകോടി ഉടമ്പടികള്‍ പ്രാവര്‍ത്തികമാക്കല്‍, സീറോ കാര്‍ബണ്‍ എമിഷന്‍ തുടങ്ങി നിരവധി പ്രതിസന്ധികള്‍ യൂറോപ്പിന് തരണം ചെയ്യാനുണ്ട്.
യൂറോപ്പിനെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയുടെ നിലപാടുകളാകും. റഷ്യന്‍ സൈന്യത്തില്‍നിന്നുള്ള നിരന്തര സമ്മര്‍ദങ്ങള്‍, അതിര്‍ത്തിയിലെ സൈനിക വിന്യാസം, ന്യൂക്ലിയര്‍ മിസൈലുകളുടെ ഭീഷണി തുടങ്ങി യൂറോപ്പിനെ അസ്വസ്ഥതപ്പെടുത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്.
ബെലാറസിലെ ഗ്രോഡ്നോ മേഖലയില്‍ പോളണ്ടിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള മുള്ളുവേലി കടക്കാനുള്ള ശ്രമത്തില്‍ കുടിയേറ്റക്കാര്‍.
ആസൂത്രിത കുടിയേറ്റത്തിന് ബലാറസ് എന്ന രാജ്യം നല്‍കുന്ന പിന്തുണയും റഷ്യയുടെ രഹസ്യ സഹായവുമാണ് മേഖലയിലെ മറ്റൊരു വിപത്ത്.
എര്‍ദോഗന്റെ തുര്‍ക്കിയാണ് മറ്റൊരു തലവേദന. ഈ വര്‍ഷം എര്‍ദോഗന്റെ തീവ്ര മുസ്ലിം പാര്‍ട്ടിയായ എ.കെ.പി. ഭരണത്തില്‍ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കും. രാജ്യെത്ത അടിച്ചമര്‍ത്തല്‍ നയവും വിദേശ ബന്ധങ്ങളില്‍ അത്യന്തം പ്രകോപനപരമായ നിലപാടുകളുമുള്ള തുര്‍ക്കിയുടെ നീക്കങ്ങളും ഈ വര്‍ഷം യൂറോപ്പിന് നിര്‍ണായകമാകും.
നോര്‍ത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം നാളെ വായിക്കാം.
ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.