2022 ലോകത്തിനു മേല്‍ വെല്ലുവിളികളുടെ ഇടിമുഴക്കമോ...?(ലേഖനത്തിന്റെ അവസാന ഭാഗം)
രാഷ്ട്രീയ അസ്ഥിരതകളും തീവ്രവാദ പ്രവര്‍ത്തനങ്ങളും രോഗങ്ങളും പട്ടിണിയുമൊക്കെ ഈ വര്‍ഷവും ലോകത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എല്ലാ പ്രതിസന്ധികളും ഒരുമിച്ചു നേരിടുന്ന ആഫ്രിക്കയിലെ വലിയൊരു വിഭാഗം ജനതയുടെ ഭാവിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ അനിശ്ചിതത്വത്തിലാകുന്നത്. പകിട്ടു കുറയുന്ന പ്രതാപകാലം അമേരിക്കയെയും അസ്വസ്ഥതപ്പെടുത്തുന്നു. വര്‍ധിച്ച കോവിഡ് മരണങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും ചൈന ഉയര്‍ത്തുന്ന ഭീഷണികളും അഫ്ഗാനിലെ പിന്മാറ്റവും അമേരിക്കയെ വേട്ടയാടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതാണ് മനുഷ്യരാശിയുടെ നിലനില്‍പ്പിനു മേലുള്ള മറ്റൊരു ഭീഷണി.
ഏഷ്യപസഫിക്, മധ്യപൂര്‍വ്വേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ ദിവസത്തെ ലേഖനത്തില്‍ വിശദമായി വിലയിരുത്തിയിരുന്നു. ആഫ്രിക്ക, അന്റാര്‍ട്ടിക്ക-ആര്‍ട്ടിക്, നോര്‍ത്ത്, സൗത്ത് അമേരിക്ക എന്നീ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടര്‍ന്നു വായിക്കാം.
ആഫ്രിക്ക
പകര്‍ച്ചവ്യാധി, തീവ്രവാദം, പട്ടിണി ഇവ മൂന്നും ഈ വര്‍ഷം ആഫ്രിക്കയെയും അതുവഴി ലോകത്തെയും അസ്ഥിരപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ആഫ്രിക്കന്‍ ജനസംഖ്യയില്‍ വളരെ ചെറിയ ശതമാനം മാത്രമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. കോവിഡിന്റെ പുതുപുത്തന്‍ വകഭേദങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉടലെടുക്കുകയും അതു ലോകം മുഴുവന്‍ പടരാനിടയാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഏറ്റവും ഒടുവിലായി ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍നിന്നു കണ്ടെത്തിയത് ഈ വാദത്തെ ബലപ്പെടുത്തുന്നു.
ആഫ്രിക്കയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് ലോകത്തിനു മുഴുവന്‍ ഭീഷണിയായി നിലനില്‍ക്കുകയാണ്. ഈ ലേഖനം തയാറാക്കുമ്പോള്‍ തന്നെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ബി.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം. ആഫ്രിക്കയിലും വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നാല്‍ മാത്രമേ മഹാമാരിയുടെ ഭീഷണിയില്‍നിന്ന് ലോകത്തിനു രക്ഷ നേടാനാകൂ. സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കാതെ ലോകം മുഴുവന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാക്കുന്നതില്‍ സഹകരിച്ചാല്‍ മാത്രമേ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ.
അതിരൂക്ഷമായ വരള്‍ച്ച ബാധിച്ച സൊമാലിയയില്‍നിന്നുള്ള ദൃശ്യം
ഈ വര്‍ഷം 25 ദശലക്ഷം ആളുകള്‍ ആഫ്രിക്കയില്‍ എച്ച്.ഐ.വി എയ്ഡ്‌സ് ബാധിതരായി ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് പ്രതിസന്ധി കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയേക്കും. ഇതിനു പുറമേ മലേറിയയും ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റിനേക്കാള്‍ അധികം അന്താരാഷ്ട്ര തീവ്രവാദ സാന്നിധ്യമുള്ള പ്രദേശമായി ഈ ഇരുണ്ട ഭൂഖണ്ഡം ഈ വര്‍ഷം മാറിയേക്കുമെന്നാണ് ഈ രംഗത്തു നടത്തിയിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടങ്ങളിലെ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ വന്‍തോതില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടും. ക്രിസ്ത്യാനികള്‍ക്കെതിരേ ആഫ്രിക്കയില്‍ പല സ്ഥലങ്ങളിലും പോയ വര്‍ഷം വ്യാപകമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടു പോകലുകളും പതിവാണ്. പല സംഘങ്ങള്‍ക്കും ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖ്വയ്ദ തുടങ്ങിയ സംഘടനകളുടെ നേരിട്ടുള്ള സഹായമുണ്ട്.
നൈജീരിയ, കോംഗോ, മൊസാംബിക്, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഈറ്റില്ലമാകുമെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കുന്നത്. ഇവിടങ്ങളില്‍ ഉണ്ടാകുന്ന ജിഹാദി ആക്രമണങ്ങള്‍ക്കെതിരേ അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സൈനിക നീക്കം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇതിനു പുറമേ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന സംഭവങ്ങളും അരങ്ങേറിയേക്കാം. കഴിഞ്ഞ വര്‍ഷം സുഡാനിലടക്കം സൈനിക അട്ടിമറി സംഭവങ്ങള്‍ അരങ്ങേറിയത് ഈ വര്‍ഷവും തുടര്‍ക്കഥയായേക്കും. ഈ ലേഖനമെഴുതിക്കൊണ്ടിരിക്കുമ്പോള്‍ സുഡാനില്‍ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് പ്രധാനമന്ത്രി അബ്ദല്ല ഹംദുക്ക് രാജിവച്ച സംഭവവുമുണ്ടായി. കടുത്ത പട്ടിണിയും തീവ്രവാദവുമാണ് ഇത്തരം പല സൈനിക നീക്കങ്ങള്‍ക്കും പിന്നില്‍.
അന്താരാഷ്ട്ര കണക്കുകള്‍ പ്രകാരം അതിജീവനത്തിനുള്ള മാനുഷിക പ്രതിസന്ധി നിലനില്‍ക്കുന്ന ലോകത്തിലെ 20 രാജ്യങ്ങളില്‍ 12 എണ്ണവും ആഫ്രിക്കയിലാണ്. എത്യോപ്യ, സൗത്ത് സുഡാന്‍, കോംഗോ, സൊമാലിയ, നൈജീരിയ, മൊസാംബിക്, മാലി, കാമറൂണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ പട്ടികയില്‍ മുന്‍നിരയിലാണ്. എത്യോപ്യയിലെ ആഭ്യന്തര കലാപം ഈ വര്‍ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.
അതിശക്തമായ വരള്‍ച്ച ഈ വര്‍ഷം സൊമാലിയയിലെ 77 ലക്ഷം ആളുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അന്റാര്‍ട്ടിക്ക-ആര്‍ട്ടിക് റീജിയന്‍
ജനവാസമില്ലാത്ത ഇരു ധ്രുവങ്ങളുടെയും കാലാവസ്ഥയ്ക്കു ഭീഷണിയായി മനുഷ്യന്റെ കടന്നുകയറ്റം ഉണ്ടാകുമെന്നതാണ് ഈ മേഖലയുടെ പ്രതിസന്ധി. അന്റാര്‍ട്ടിക്കയില്‍ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കുന്നത് പാരിസ്ഥിതികമായി വലിയ വെല്ലുവിളി ഉയര്‍ത്തും.
യാത്രാവിമാനമായ എയര്‍ബസ് എ340 ചരിത്രത്തിലാദ്യമായി അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ ഇറങ്ങിയപ്പോള്‍
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ മഞ്ഞ് നിരപ്പാക്കി റണ്‍വേയും ഒരുക്കപ്പെടും. അന്റാര്‍ട്ടിക്കയിലെ പ്രകൃതി വിഭവങ്ങളില്‍ കണ്ണുനട്ട് ചൈന അടക്കമുള്ള രാജ്യങ്ങള്‍ ശക്തിപ്പെടുത്തുന്ന സൈനിക സൗകര്യങ്ങളാണ് മറ്റൊരു വെല്ലുവിളി.
നോര്‍ത്ത് അമേരിക്ക
ഈ വര്‍ഷം നവംബറില്‍ 80 വയസ് തികയുന്ന ജോ ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് അമേരിക്കയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും ഉത്കണ്ഠയിലാക്കുന്ന പ്രധാന ഘടകം. ചൈനയുടെ തായ്‌വാന്‍ കടന്നുകയറ്റം, ഉക്രെയ്ന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക വിന്യാസം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം എന്നീ വിഷയങ്ങളിലുള്ള ഭീഷണികളെ ബൈഡന്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ലോകം വീക്ഷിക്കും.
യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച്, യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെയാണു റഷ്യ വിന്യസിച്ചത്. 2022ന്റെ തുടക്കത്തില്‍തന്നെ യുക്രെയ്‌നിലേക്കു റഷ്യന്‍ പട്ടാളം അതിക്രമിച്ചു കയറുമെന്നാണു യുഎസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. യുക്രെയ്‌നില്‍ അധിനിവേശം നടത്താന്‍ റഷ്യ ശ്രമിക്കുന്നത് മൂന്നാം ലോകയുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
റഷ്യന്‍ അനുകൂല വിമതമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ഡോണെറ്റ്സ്‌ക് പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന യുക്രൈന്‍ സൈനികന്‍
നവംബറില്‍ സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിക്കും ബൈഡനും ഒരുപോലെ നിര്‍ണായകമാകും. ഫലം ഡെമോക്രാറ്റുകള്‍ക്ക് എതിരായാല്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ കരുത്താര്‍ജിച്ച് 2024-ലെ തെരഞ്ഞെടുപ്പിനെ നേരിടാനും സാധ്യതയുണ്ട്.
കോവിഡ് വാക്‌സിനേഷനെതിരേയുള്ള പ്രതിഷേധങ്ങള്‍, ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ അസൂത്രിത സമരങ്ങള്‍, കുടിയേറ്റം, സാമ്പത്തിക മേഖലയിലെ തളര്‍ച്ച തുടങ്ങി മറ്റ് നിരവധി പ്രതിസന്ധികളും അമേരിക്കയ്ക്ക് നേരിടേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ അന്താരാഷ്ട്ര രംഗത്ത് തങ്ങളുടെ ഇമേജ് സംരക്ഷിക്കുക എന്ന മഹാദൗത്യവും അമേരിക്കയ്ക്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദയനീയമായ പിന്മാറ്റം വിയറ്റ്‌നാം യുദ്ധമേല്‍പിച്ചതു പോലുള്ള അപമാനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പുതുതലമുറയുടെ തോക്ക് ഉപയോഗം സൃഷ്ടിക്കുന്ന ചോരപ്പാടുകളും അമേരിക്കയുടെ മേല്‍ കളങ്കമായി അവശേഷിക്കുന്നു.
സൗത്ത് അമേരിക്ക
ബ്രസീലില്‍ ഒക്‌ടോബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ലോക ശ്രദ്ധ ആകര്‍ഷിക്കും. പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ അനാസ്ഥ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അഞ്ചു ലക്ഷം ബ്രസീലുകാരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രസിഡന്റിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധങ്ങളുണ്ടെങ്കിലും ജനാധിപത്യത്തെയും ജനഹിതത്തെയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നിലവിലെ ഭരണ നേതൃത്വം നടത്തുമോയെന്നതാകും തെക്കേ അമേരിക്കയെ ശ്രദ്ധേയമാക്കുന്നത്.
ലേഖനത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
പിടിമുറക്കി ചൈന, കുടിയേറ്റത്തില്‍ വലഞ്ഞ് യൂറോപ്പ്, പട്ടിണിയിലേക്ക് അഫ്ഗാന്‍; 2022 കാത്തുവയ്ക്കുന്നത്
2022- ലോകത്തിനു മേല്‍ വെല്ലുവിളികളുടെ ഇടിമുഴക്കമോ...?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.