ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും തമിഴ്‌നാടിന്റെ വെല്ലുവിളി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആര്‍.എന്‍ രവി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ജലനിരപ്പ് 142 അടിയാക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 152 അടിയാക്കി ഉയര്‍ത്തുക തന്നെ ചെയ്യുമെന്നാണ് ഗവര്‍ണറുടെ പ്രഖ്യാപനം.
ഇക്കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം തമിഴ്‌നാട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ സഭയില്‍ പറഞ്ഞു. കാവേരി നദിക്ക് കുറുകെയുള്ള നിര്‍ദിഷ്ട മെക്കേദാട്ട് അണക്കെട്ട് പദ്ധതി നടപ്പാക്കാന്‍ കര്‍ണാടകയെ അനുവദിക്കില്ലെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ഇരു സംസ്ഥാനങ്ങളും അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് അധിക ജലം തുറന്നു വിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്റെ പരാതി പരിശോധിച്ച വേളയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി സംബന്ധിച്ച കേസില്‍ ജനുവരി 11 ന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.