സിഡ്‌നി: ഓസ്‌ട്രേലിയയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബസം ഹംസിയുടെ സഹോദരന്‍ സിഡ്നിയില്‍ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൗത്ത് വെന്റ്വര്‍ത്ത്വില്ലെയില്‍ വച്ചാണു സംഭവം. ഗസന്‍ അമൗണെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ എത്തിയ സംഘമാണ് കൃത്യം നടത്തിയതെന്നാണു സൂചന. അടുത്തിടെയാണ് ഗസന്‍ അമൗണ്‍ ജയില്‍ മോചിതനായത്. സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്തായി കത്തിനശിച്ച നിലയിലുള്ള കാറും കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട വാഹനമാണിതെന്നാണ് പോലീസ് നിഗമനം.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബസം ഹംസിയും കൊല്ലപ്പെട്ട സഹോദരന്‍ ഗസന്‍ അമൗണും ചേര്‍ന്നാണ് ബ്രദേഴ്‌സ് ഫോര്‍ ലൈഫ് എന്ന പേരില്‍ ഗുണ്ടാസംഘം രൂപീകരിച്ചത്. കാറില്‍ വെടിയേറ്റ നിലയിലാണ് 35 വയസുകാരനായ ഗസന്‍ അമൗണെ കണ്ടെത്തിയത്. സംഭവത്തിനു തൊട്ടുപിന്നാലെ പോലീസ് എമര്‍ജന്‍സി സര്‍വീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ സംഭവ സ്ഥത്തു തന്നെ ഗസന്‍ അമൗണിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അമൗണിന്റെ ശരീരത്തില്‍ ഒന്നിലധികം തവണ വെടിയേറ്റതായി അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. തലയ്‌ക്കേറ്റ വെടിയാണ് മരണകാരണമായതെന്ന് എ.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
ഗസന്‍ അമൗണ്‍
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാകാം സംഭവത്തിനു പിന്നിലെന്നു പോലീസ് സൂപ്രണ്ട് ഗ്ലെന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് പട്ടാപ്പകല്‍ നടുറോഡില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഇത്തരം ഏറ്റുമുട്ടലുകള്‍ക്ക് അറുതി വരുത്താനാണ് ശ്രമമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
കാറിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരില്‍ ഒരാളാണ് വെടിവെച്ചത്. മറ്റേയാള്‍ വാഹനം ഓടിക്കുകയായിരുന്നു.
ഗസന്‍ അമൗണിന്റെ ജീവനു ഭീഷണിയുള്ളതായി പോലീസ് നേരത്തെ ബസം ഹംസിയുടെ അഭിഭാഷകനോട് സൂചിപ്പിച്ചിരുന്നു. 2020-ല്‍ ഇവരുടെ സഹോദരനായ മെജീദ് ഹംസിക്കു നേരെ വെടിവയ്പ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സിഡ്‌നിയിലെ ഒരു ജപ്പാന്‍ റസ്‌റ്റോറന്റിനു പുറത്തുവച്ച് ബന്ധുവായ ബിലാല്‍ ഹംസിക്കു നേരെയും വെടിവയ്പ്പുണ്ടായി. ബസം ഹംസയാണ് തടവില്‍ കഴിയവേ ബ്രദേഴ്‌സ് ഫോര്‍ ലൈഫ് എന്ന പേരില്‍ ഗുണ്ടാസംഘം രൂപീകരിച്ചത്.
1999-ല്‍ 19 വയസിലാണ് ബസം ഹംസിയെ 21 വഷത്തെ തടവിനു ശിക്ഷിച്ചത്. ഒരു കൗമാരക്കാരനെ സിഡ്‌നിയിലെ നൈറ്റ് ക്ലബിനു പുറത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. തുടര്‍ന്ന് മയക്കുമരുന്ന് കേസുകളിലും ഇയാളെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഗസന്‍ അമൗണെ കഴിഞ്ഞ വര്‍ഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെതുടര്‍ന്ന് തടവിലാക്കുകയായിരുന്നു. ഈ തടങ്കല്‍ കഴിഞ്ഞ് പുറത്തുവന്നതിനു പിന്നാലെയാണ് കൊലപാതകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.