കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45 നാണ് വാദം കേള്‍ക്കുക. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
കൂടാതെ കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടര്‍ രാജി വെച്ചിരുന്നു. ഈ സാഹചര്യവും കോടതി ഇന്ന് പരിശോധിച്ചേക്കും.
കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി പുതിയ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നല്‍കും.
ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ എസ്എച്ച്ഒയും സംഘത്തിലുണ്ട്. അന്വേഷണം സംഘം ഉടന്‍ യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ ആലോചിക്കും.മുഖ്യപ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടുന്നതടക്കമുള്ള കാര്യം യോഗം ആലോചിക്കും.
നേരത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിജിപി ബി സന്ധ്യ ഫയര്‍ ഫോഴ്‌സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘം. ഐ.ജി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സാഹചര്യത്തിലാണ് ഐ.ജി ഫിലിപ്പിനെ പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ചേരാനെല്ലൂര്‍ എഎസ്‌ഐ ബിനു കെ വിയും അന്വേഷണ സംഘത്തിലെ പുതിയ അംഗമാണ്.
കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എറണാകുളം സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമന്‍സ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടന്‍ ദിലീപടക്കമുളളവര്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തയിടെ പുറത്തു വിട്ടത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ഇതുവരെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. എന്നാല്‍ ഈ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദ രേഖകളും അതിന് ശേഷം ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ദിലീപിനെ വിളിച്ചപ്പോള്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും, ഇതിന് തെളിവായി വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസേജും സംവിധായകന്‍ പുറത്തു വിട്ടിരുന്നു.
''ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണില്‍ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാന്‍ കാത്തിരിക്കുകയാണ്'', എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാന്‍ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
അതിനാലാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതിന് തുടര്‍ച്ചയായി ദിലീപിനെയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന് വിളിക്കുന്ന സുനില്‍കുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണ മേല്‍നോട്ട ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏല്‍പിക്കും. നിലവിലെ അവസ്ഥയില്‍ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ വിസ്താരത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.