ജോക്കോവിച്ചിന്റെ വിസ റദാക്കിയ കേസില്‍ വിധി തിങ്കളാഴ്ച്ച; ഓസ്‌ട്രേലിയക്കെതിരേ ആഞ്ഞടിച്ച് താരത്തിന്റെ മാതാപിതാക്കള്‍

ജോക്കോവിച്ചിന്റെ വിസ റദാക്കിയ കേസില്‍ വിധി തിങ്കളാഴ്ച്ച; ഓസ്‌ട്രേലിയക്കെതിരേ ആഞ്ഞടിച്ച് താരത്തിന്റെ മാതാപിതാക്കള്‍

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വിസ് റദ്ദാക്കിയ സംഭവത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ആഞ്ഞടിച്ച് താരത്തിന്റെ കുടുംബാംഗങ്ങള്‍. മകനെ നാടുകടത്താനുള്ള പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സെര്‍ബിയയെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നൊവാക് ജോക്കോവിച്ചിന്റെ പിതാവ് സ്രഡ്ജന്‍ ആരോപിച്ചു

സംഭവം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജോക്കോയെ മെല്‍ബണിലെ ഇമിഗ്രേഷന്‍ നിയന്ത്രണത്തിലുള്ള ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രേഖകളില്ലാതെ രാജ്യത്തേക്കു കടക്കുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത് ഇവിടെയാണ്. ജോക്കോവിച്ചിനെ തിരിച്ചയയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച കോടതി വിധി പറയും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പങ്കെടുക്കാനാണ് ജോക്കോവിച്ച് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെത്തിയത്. ദുബായില്‍നിന്നുള്ള വിമാനത്തില്‍ എത്തിയ താരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ വച്ചാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് തടഞ്ഞത്. രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട മെഡിക്കല്‍ രേഖകള്‍ ജോക്കോയുടെ പക്കലില്ലെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ജോക്കോവിച്ചിന്റെ വിസയില്‍ ഇളവുകളൊന്നും നല്‍കാനാവില്ലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ അധികൃതരുടെ നിലപാട്.


സ്രഡ്ജന്‍ ജോക്കോവിച്ച്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണെന്നിരിക്കെ പ്രത്യേക ഇളവു നല്‍കിയാണ് സംഘാടകര്‍ ജോക്കോവിച്ചിന് അനുവാദം കൊടുത്തത്. ജോക്കോവിച്ച് സമൂഹ മാധ്യമത്തിലൂടെ ഇതു പരസ്യമാക്കിയതോടെ ഓസ്‌ട്രേലിയയില്‍ പ്രതിഷേധമുയര്‍ന്നു. അതോടെ സര്‍ക്കാര്‍ ഇടപെട്ടു. താരത്തിന്റെ വിസ റദ്ദാക്കി നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സംഭവം സെര്‍ബിയ-ഓസ്‌ട്രേലിയ നയതന്ത്ര തര്‍ക്കത്തിനും കാരണമായി.

സെര്‍ബിയയ്ക്കും അവിടത്തെ ജനങ്ങള്‍ക്കുമെതിരായ ആക്രമണമാണ് ഓസ്‌ട്രേലിയയുടെ തീരുമാനമെന്നു സ്രഡ്ജന്‍ ജോക്കോവിച്ച് പറഞ്ഞു.

സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ മകന്റെ പേരിലുള്ള റെസ്റ്റോറന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോക്കോവിച്ചിനെ തടവിലാക്കിയിരിക്കുകയാണെന്ന് പിതാവ് ആരോപിച്ചത്. ഓസ്‌ട്രേലിയ സെര്‍ബിയയെയും അവിടുത്തെ ജനതെയയും ചവിട്ടിമെതിക്കാന്‍ തന്റെ മകനെ ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

ഈ സംഭവത്തിന് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ല, ഇതൊരു രാഷ്ട്രീയ അജണ്ടയാണ്. നൊവാക്ക് ലോകത്തിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരനും കായികതാരവുമാണ്, എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.

തന്റെ മകന്‍ ഒരു തടവുകാരനായി കഴിയുകയാണെന്നു അമ്മ ഡിജാന പറഞ്ഞു. ഇത് മനുഷ്യത്വപരമല്ല. രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളതായി മകന്‍ പറഞ്ഞതായി ഡിജാന വെളിപ്പെടുത്തി.
വ്യാഴാഴ്ച ജോക്കോവിച്ചിന്റെ കുടുംബം സെര്‍ബിയന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്കു സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

അതിനിടെ, കായിക താരങ്ങളെ രാജ്യത്തേക്കു പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ടെന്നീസ് ഓസ്ട്രേലിയയുമായി ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ കത്തിടപാടിനെക്കുറിച്ച് അറിയില്ലെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നവംബറില്‍ ടെന്നീസ് ഓസ്ട്രേലിയയുടെ സിഇഒയുമായി ഫെഡറല്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. അന്താരാഷ്ട്ര ടെന്നീസ് കളിക്കാര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡത്തെക്കുറിച്ച് കത്തില്‍ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ടെന്നീസ് ഓസ്ട്രേലിയ ഈ വിവരം വിക്ടോറിയ സംസ്ഥാന സര്‍ക്കാരുമായി പങ്കുവെച്ചിട്ടില്ലെന്ന് ആക്ടിംഗ് പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു. ടെന്നീസ് ഓസ്‌ട്രേലിയയും വിക്ടോറിയന്‍ സര്‍ക്കാരുമാണ് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന താരത്തിന് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്കു മടങ്ങാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഓസ്ട്രേലിയയില്‍ പ്രവേശിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് യാത്രക്കാരന്റെ ഉത്തരവാദിത്തമാണെന്ന് കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ജോക്കോയെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിന് പുറത്ത് ആരാധകര്‍ പിന്തുണ അര്‍പ്പിച്ച് നടത്തിയ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ അറസ്റ്റിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.