ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് 2021 ല്‍ കമ്പനി നല്‍കിയ പ്രതിഫലം 733 കോടി രൂപ

  ആപ്പിള്‍ സി.ഇ.ഒ  ടിം കുക്കിന് 2021 ല്‍ കമ്പനി   നല്‍കിയ പ്രതിഫലം 733 കോടി രൂപ

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ലാഭകരവുമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കമ്പനിയായ ആപ്പിളിന്റെ സി ഇ ഒ ആയ ടിം കുക്കിന് 2021 ല്‍ ലഭിച്ച മൊത്തം പ്രതിഫലം 98.7 മില്യണ്‍ ഡോളര്‍ (ഏകദേശം 733.19 കോടി രൂപ). അടിസ്ഥാന ശമ്പളം 3 മില്യണ്‍  ഡോളറും  ഇന്‍സെന്റീവ് 12 മില്യണ്‍ ഡോളറും അധിക ഓഹരി ഇനത്തിലെ 82 മില്യണ്‍ ഡോളറും ഇതില്‍ വരും. 

ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം സുരക്ഷാ കാരണങ്ങളാല്‍ സി ഇ ഒയുടെ യാത്ര സ്വകാര്യ വിമാനത്തിലാക്കിയതിനാല്‍ ആ ഇനത്തില്‍  ചെലവായത് 712,488 ഡോളര്‍. കമ്പനിയുടെ സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരതാ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് 1200 കോടി ഡോളറും നല്‍കിയിട്ടുണ്ട്. കൂടാതെ സുരക്ഷയ്ക്കായി 630,630 ഡോളര്‍, അവധിക്കാലം ആഘോഷിക്കാനായി 23,077 ഡോളര്‍. സി ഇ ഒയുടെ 401(സ) പ്ലാനിലേക്കുള്ള സംഭാവന ഇനത്തില്‍ 17,400 ഡോളറും അദ്ദേഹത്തിന് ലഭിച്ചു. 

ആപ്പിളിന്റെ എസ്ഇസി ഫയലിങ് പ്രകാരം സി ഇ ഒ യുടെ 2021-ലെ ശമ്പളം ടെക് ഭീമന്‍ കമ്പനിയിലെ  ശരാശരി ജീവനക്കാരന്റെ 1,447 ഇരട്ടിയാണ്.2021-ല്‍, ജീവനക്കാരുടെ ശരാശരി ശമ്പളം 68,254 ഡോളര്‍. 2020 ലെ ശരാശരി ശമ്പളം 57,783 ഡോളറും. കുക്കിന്റെ ശമ്പളം ഇതിന്റെ 256 മടങ്ങായിരുന്നു. വര്‍ക്ക് ഫ്രം ഹോം ശൈലിയുടെ പിന്‍ബലത്തോടെ  കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഫോണ്‍ നിര്‍മ്മാണ കമ്പനിയുടെ  ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡ് ആപ്പിളിന്റെ വരുമാനം 30 ശതമാനം ഉയര്‍ത്തി 365.82 ബില്യണ്‍ ഡോളറിലെത്തിച്ചു.2011ലാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്.

2021-ലെ ആപ്പിളിന്റെ പ്രകടനവും അതേ വര്‍ഷം ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് കുക്ക് നല്‍കിയ സംഭാവനയം പരിഗണിച്ചാണ് സിഇഒയുടെ ഓഹരി വിഹിതം നല്‍കുന്നത് നിശ്ചയിച്ചതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു. 2014-ല്‍, ആപ്പിള്‍ സിഇഒയ്ക്ക് ആകെ 14.8 ദശലക്ഷം ഡോളറാണ് ലഭിച്ചത്. അതില്‍ ആ സമയത്ത് ഓഹരികള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ സിഇഒ ആണ് ടിം കുക്ക്. നിലവില്‍ ടെസ് ല സിഇഒ ഇലോണ്‍ മസ്‌ക് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.