കൃത്യമായി 'മിഴി തുറന്ന്' ജെയിംസ് വെബ്; ബഹിരാകാശ ദൂരദര്‍ശിനി സജ്ജമായതില്‍ ആഹ്‌ളാദവുമായി നാസ

കൃത്യമായി 'മിഴി തുറന്ന്' ജെയിംസ് വെബ്; ബഹിരാകാശ ദൂരദര്‍ശിനി സജ്ജമായതില്‍ ആഹ്‌ളാദവുമായി നാസ

ഹൂസ്റ്റണ്‍: വിക്ഷേപണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഒരുക്കങ്ങളത്രയും കിറുകൃത്യമാക്കി ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. 'ഗോള്‍ഡന്‍ മിറര്‍ പാനല്‍' വിജയകരമായി തുറന്നത് വിന്യാസ ഘട്ടത്തിലെ സുപ്രധാന നേട്ടമാണെന്ന് നാസ അറിയിച്ചു. പ്രപഞ്ചോല്‍പത്തി, പരിണാമ സംബന്ധമായി സുപ്രധാന നിരീക്ഷണ ജോലികളിലേക്കിറങ്ങാന്‍ ജെയിംസ് വെബ് ഇതോടെ പൂര്‍ണ്ണ സജ്ജമായി. വിന്യസിച്ചുകഴിഞ്ഞ ഭാഗങ്ങളെയത്രയും ഉറപ്പിച്ചു നിര്‍ത്താനുള്ള 'കൊളുത്തിടല്‍' പ്രക്രിയയാണ് ഇനിയത്തേത്.

കൂറ്റന്‍ ടെലിസ്‌കോപ്പിനെ അതിന്റെ യഥാര്‍ത്ഥ വികസിത രൂപത്തില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ അരിയാനെ 5 റോക്കറ്റിനു കഴിയുമായിരുന്നില്ല. അതിനാല്‍ മടക്കിയ നിലയില്‍ റോക്കറ്റിന്റെ 'മൂക്കി'നോടു ഘടിപ്പിച്ച് ബഹിരാകാശത്തെത്തിച്ചശേഷം അനുക്രമമായി വിടര്‍ത്തിയെടുക്കുന്ന പ്രക്രിയയാണിപ്പോള്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലെ മുന്‍കൂട്ടി നിശ്ചയിച്ച ഭ്രമണപഥ ബിന്ദുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മണിക്കൂറുകളെടുത്ത വിന്യാസ പ്രക്രിയ.

ആദ്യത്തെ പ്രകാശം, ഗാലക്‌സികളുടെ കൂടിച്ചേരല്‍, നക്ഷത്രങ്ങളുടെയും പ്രോട്ടോപ്ലാനറ്ററി സിസ്റ്റങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും ജീവന്റെയും ഉത്ഭവം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ജെയിംസ് വെബ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദര്‍ശിനി കണ്ണു തുറന്നിരിക്കുന്നതായി നാസയിലെ ജെയിംസ് വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എഞ്ചിനീയറിംഗ് ടീമുകള്‍ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ലോകത്തെ അറിയിച്ചു. 'ഞാന്‍ ഇതേക്കുറിച്ച് വികാരാധീനനാണ് ; അത്ഭുതകരമായ നാഴികക്കല്ലാണിത് ' ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകര്‍ ആഘോഷമാക്കിയ ലൈവ് വീഡിയോ ഫീഡിനിടെ മുതിര്‍ന്ന നാസ എഞ്ചിനീയര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ ആണ് ശാസ്ത്ര സ്‌നേഹികള്‍ക്കും ആകാശ നിരീക്ഷകര്‍ക്കും സമ്മാനമായി നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (ജെഡബ്ല്യുഎസ്ടി) എന്ന ബഹിരാകാശ ശാസ്ത്ര ദൂരദര്‍ശിനി ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചത്.ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായാണ് ജെയിംസ് വെബിനെ കണക്കാക്കുന്നത്. നാസയുടെ ഫ്‌ളാഗ്ഷിപ്പ് ടെലിസ്‌കോപ്പാണ് ഹബിള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹബിള്‍ പ്രവര്‍ത്തന നിരതമാണ്.


ബഹിരാകാശ ശാസ്ത്ര വസ്തുക്കളുടെ ചിത്രങ്ങളും സവിശേഷതകളും പകര്‍ത്തുന്നതിനുള്ള ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിലെ നാല് ഉപകരണങ്ങള്‍ 0.6 മുതല്‍ 28 മൈക്രോണ്‍ വരെ തരംഗദൈര്‍ഘ്യം നല്‍കും (വൈദ്യുതകാന്തിക സ്‌പെക്ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗം ഏകദേശം 0.75 മൈക്രോണ്‍ മുതല്‍ നൂറുകണക്കിന് മൈക്രോണ്‍ വരെയാണ്).ഇന്‍ഫ്രാറെഡ് നിരീക്ഷണം പ്രധാനമാണ്. കാരണം ഈ തരംഗദൈര്‍ഘ്യ പ്രകാശത്തിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്ന പൊടിപടലങ്ങളെ ദൃശ്യമാക്കാനും കൂടുതല്‍ വ്യക്തത നല്‍കാനും കഴിയും.

13.5 ബില്യണ്‍ വര്‍ഷം മുമ്പ് ആദ്യമായി രൂപം കൊണ്ട നക്ഷത്രങ്ങളുടെയും ആകാശ ഗംഗകളുടെയും നിരീക്ഷണത്തിലൂടെ പ്രപഞ്ചോല്‍പത്തി, പരിണാമ സിദ്ധാന്തങ്ങള്‍ വലിയ തോതില്‍ പരിപോഷിപ്പിക്കാന്‍ ജെയിംസ് വെബ് വഴിതെളിക്കുമെന്ന് നാസ പറയുന്നു. ഡിസംബര്‍ 22 നായിരുന്നു വിക്ഷേപണം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണ പേടകവും പെലോഡും തമ്മിലുള്ള ഇലക്ട്രോണിക് ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് 24 ലേക്ക് മാറ്റി. തുടര്‍ന്ന് വിക്ഷേപണത്തറ ഉള്‍ക്കൊള്ളുന്ന ഫ്രഞ്ച് ഗയാനയിലെ മോശം കാലാവസ്ഥ മൂലം ക്രിസ്മസ് ദിനത്തില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

https://twitter.com/NASA/status/1479837936430596097


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.