ന്യൂയോര്‍ക്ക്: ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സിഖ് ടാക്സി ഡ്രൈവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക. വൈവിധ്യങ്ങളാണ് യു.എസിനെ കൂടുതല്‍ ശക്തമാക്കുന്നുവെന്നും വിദ്വേഷം അടിസ്ഥാനമാക്കിയുള്ള ഏത് തരത്തിലുള്ള അക്രമത്തെയും രാജ്യം അപലപിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
'ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു സിഖ് ക്യാബ് ഡ്രൈവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നു.'-ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് ആണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു.
ജനുവരി 4 ന് നവജ്യോത് പാല്‍ കൗര്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത തീയതിയില്ലാത്ത 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വിമാനത്താവളത്തിന് പുറത്ത് ഒരാള്‍ സിഖ് ടാക്സി ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യമുള്ളത്. വിമാനത്താവളത്തില്‍ വച്ച് ഒരു കാഴ്ചക്കാരനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കൗര്‍ ട്വീറ്റ് ചെയ്തു.
ഇരയ്ക്കെതിരെ ആള്‍ ശാപവാക്കുകള്‍ ഉപയോഗിക്കുന്നതായി കേള്‍ക്കാം. അയാള്‍ ഇരയെ ആവര്‍ത്തിച്ച് അടിക്കുകയും തലപ്പാവ് ഉലയ്ക്കുകയും ചെയ്യുന്നുണ്ട്.
'ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒരു കാഴ്ചക്കാരനാണ് ഈ വീഡിയോ എടുത്തത്. ഈ വീഡിയോയുടെ അവകാശം എനിക്കില്ല. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ വിദ്വേഷം തുടരുന്നു എന്ന വസ്തുത ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നിര്‍ഭാഗ്യവശാല്‍, സിഖ് ഡ്രൈവര്‍മാര്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നു,' കൗര്‍ ട്വീറ്റ് ചെയ്തു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസ് അധികൃതരോട് ആവശ്യപ്പെട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റവാളികളെ പ്രതിക്കൂട്ടിലാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
'വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാകുന്നതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ട്, അത്തരം കുറ്റകൃത്യങ്ങള്‍ എവിടെ നടന്നാലും' ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ട്വീറ്റില്‍ പറഞ്ഞു.യു.എസില്‍ ഇതാദ്യമായല്ല ഒരു സിഖ് ടാക്സി ഡ്രൈവര്‍ ആക്രമിക്കപ്പെടുന്നത്.
ഒരു ഇന്ത്യന്‍ വംശജനായ സിഖ് ഉബര്‍ ഡ്രൈവര്‍ 2019-ല്‍ യു.എസ് സംസ്ഥാനമായ വാഷിംഗ്ടണില്‍ ആക്രമിക്കപ്പെടുകയും വംശീയമായി അധിക്ഷേപിക്കപ്പെടുകയും ചെയ്തു.സിഖ് വംശജനായതിനാലാണ് താന്‍ ആക്രമണ വിധേയനായതെന്ന് കരുതുന്നതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.2017-ല്‍ ന്യൂയോര്‍ക്കില്‍ 25 കാരനായ സിഖ് ക്യാബ് ഡ്രൈവറെ മദ്യപിച്ചെത്തിയ യാത്രക്കാര്‍ ആക്രമിക്കുകയും തലപ്പാവ് അഴിച്ചെടുക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.