കര്‍ണാടകയില്‍ വിവാദമായി കോണ്‍ഗ്രസ് പദയാത്ര; കോവിഡ് പരിശോധനയ്ക്ക് വേദിയില്‍ ഉദ്യോഗസ്ഥരെത്തി

 കര്‍ണാടകയില്‍ വിവാദമായി കോണ്‍ഗ്രസ് പദയാത്ര; കോവിഡ് പരിശോധനയ്ക്ക് വേദിയില്‍ ഉദ്യോഗസ്ഥരെത്തി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയുടെ പേരില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. കോവിഡ് വ്യാപനത്തിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പദയാത്ര നടത്തിയെന്നാരോപിച്ച് ഡി കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ അടക്കം നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പദയാത്ര വേദിയില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഡി കെ ശിവകുമാര്‍ മടക്കി അയയ്ക്കുകയും ചെയ്തു. ഇതുകൂടി ആയപ്പോള്‍ സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്.

കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ദിവസം നീളുന്നതാണ് കോണ്‍ഗ്രസിന്റെ പദയാത്ര. രമാനഗരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് നടത്തുന്ന യാത്രയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയുമാണ് നേതൃത്വം നല്‍കുന്നത്. ആയിരണകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് റാലി തുടരുകയായിരുന്നുവെന്നാണ് ആരോപണം.

കടുത്ത പനിയെ തുടര്‍ന്ന് പദയാത്ര തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സിദ്ധരാമ്മയ്യ ബെംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പദയാത്ര നടക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനും നേതാക്കള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഡി കെ ശിവകുമാറിനും സിദ്ധരാമ്മയ്യക്കും എതിരെ രാമനഗര പൊലീസ് കേസ് എടുത്തു.

പിന്നാലെ പദയാത്രയ്ക്കിടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പും രാമനഗരയിലെത്തി. എന്നാല്‍ കോവിഡ് പരിശോധനയക്ക് വിസമ്മതിച്ച ഡി കെ ശിവകുമാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചുവിടുകയായിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ പദയാത്രയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.