ലണ്ടന്‍: ജലദോഷം വഴി ശരീരം കൈവരിക്കുന്ന പ്രതിരോധവും കൊറോണ വൈറസിനെ തടയുമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ സ്ഥിരീകരിച്ചു. ജലദോഷത്തിലൂടെ ഉയര്‍ന്ന തോതില്‍ ടി സെല്ലുകള്‍ ആര്‍ജിക്കുന്നവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കുറവാണെന്ന്് നേച്ചര്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലദോഷം ഉള്‍പ്പെടെയുള്ള കൊറോണ വൈറസ് ബാധയിലൂടെ ആര്‍ജിക്കുന്ന ടി സെല്ലുകള്‍ കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസിനെ തിരിച്ചറിയുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു പ്രതിരോധമായി മാറുമെന്ന നിഗമനം ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ടി സെല്ലുകള്‍ കോവിഡില്‍നിന്നു സംരക്ഷിത കവചമായി പ്രവര്‍ത്തിക്കുന്നതിനു തെളിവു നല്‍കുന്ന ആദ്യത്തെ ആധികാരിക പഠനമാണ് ഇംപീരിയല്‍ കോളജിലെ ഗവേഷകരുടേത്.
കോവിഡ് 19 നെതിരെയുള്ള പ്രതിരോധശേഷിയുടേത് അതിസങ്കീര്‍ണ്ണ ചിത്രമാണിപ്പോഴും. വാക്‌സിനേഷന്‍ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ആന്റിബോഡിയുടെ അളവ് കുറയുന്നതിന്റെ തെളിവുകള്‍ ഉണ്ടെങ്കിലും, ടി-സെല്ലുകളുടെ സംരക്ഷണ ദൗത്യം സുപ്രധാനമാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
2020 സെപ്റ്റംബറില്‍ ആരംഭിച്ച പഠനം, 52 പോസിറ്റീവ് കോവിഡ് 19 കേസുകളുടെ കാര്യത്തില്‍ മുമ്പത്തെ ജലദോഷം സൃഷ്ടിച്ച ക്രോസ്-റിയാക്ടീവ് ടി-സെല്ലുകളുടെ അളവ് പരിശോധിച്ചു.ഇതില്‍ അണുബാധ തീവ്രമാകാതിരുന്ന 26 പേരിലും ടി-സെല്ലുകളുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. അതേസമയം, ടി-സെല്ലുകളില്‍ നിന്നുള്ള സംരക്ഷണം എത്ര കാലം നിലനില്‍ക്കുമെന്ന് ഇംപീരിയല്‍ ഗവേഷകര്‍ക്കു കണ്ടെത്താനായിട്ടില്ല.
'ജലദോഷം പോലുള്ള വൈറസ ബാധയിലൂടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഉയര്‍ന്ന തലത്തിലുള്ള ടി സെല്ലുകള്‍ക്ക് കോവിഡ് 19 അണുബാധയില്‍ നിന്ന് സംരക്ഷണമേകാന്‍ കഴിയുമെന്ന് ഞങ്ങള്‍ കണ്ടെത്തി,'- പഠന രചയിതാവ് ഡോ.റിയ കുണ്ടു പറഞ്ഞു. ടി-സെല്ലുകള്‍ ലക്ഷ്യമിടുന്ന സാര്‍സ്് കോവ് 2 വൈറസിന്റെ ആന്തരിക പ്രോട്ടീനുകള്‍ തിരിച്ചറിയുന്നത്് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ തുണയാകുമെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷനിലെ റിപ്പോര്‍ട്ടിലുണ്ട്.
ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളെ തടയാനാവുന്ന, കോവിഡിനെതിരെ പ്രയോഗിക്കാവുന്ന സാര്‍വത്രിക വാക്സിന്‍ നിര്‍മിക്കുന്നതിനു വഴി തെളിക്കുന്നതാണ് പുതിയ പഠനമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡിന്റെ വരാനിരിക്കുന്ന വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ഇത്തരത്തിലൊരു വാക്‌സിനു കഴിയുമെന്ന പ്രതീക്ഷയുമുണ്ടവര്‍ക്ക്.
ആദ്യ സൂചന സിംഗപ്പൂരിലും ഇന്ത്യയിലും
ഇതുവരെ കോവിഡ് ബാധിക്കാത്തവര്‍ മുന്‍കൂട്ടി രോഗപ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകുമെന്ന നിഗമനം മുന്‍നിര്‍ത്തി ഇന്ത്യയില്‍ നടത്തിയ പഠനത്തിന്റെ കരടു റിപ്പോര്‍ട്ട് 2020 നവംബറില്‍ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് നേരിയ തോതില്‍ വന്നുപോയവര്‍ക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധ ഘടകങ്ങള്‍ ഉണ്ടാകാമെന്ന് അന്നേ കണ്ടെത്തിയിരുന്നു.
സാധാരണ ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളുമായുള്ള പ്രവര്‍ത്തനം വഴിയാണ് സാര്‍സ് കോവ് 2 ബാധിച്ചിട്ടില്ലാത്തവരില്‍ പ്രതിരോധ ഘടകങ്ങള്‍ ഉണ്ടാകുന്നത് (ക്രോസ് റിയാക്ടിവിറ്റി ഇമ്മ്യൂണിറ്റി) എന്ന് സിംഗപ്പൂരില്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ അതിനു മുമ്പേ സൂചന ലഭിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചിട്ടില്ലാത്ത 70 ശതമാനം ആളുകളില്‍ ക്രോസ് റിയാക്ടിവിറ്റി ഇമ്മ്യൂണിറ്റി ഉണ്ടെന്നും കണ്ടെത്തി. സിംഗപ്പൂരില്‍ ഇത് 45 ശതമാനവും അമേരിക്കയില്‍ 50 ശതമാനവുമാണ്. ഇന്ത്യയില്‍ കോവിഡ് മരണസംഘ്യ കുറയാനുള്ള ഒരു കാരണമായി കരുതുന്നതും ഇതാണ്.
ആന്റിബോഡികള്‍ക്കൊപ്പമുള്ള ടി സെല്ലുകള്‍ വൈറല്‍ അണുബാധകള്‍ക്കെതിരായ പ്രതിരോധത്തിന്റെ അവിഭാജ്യ ഘടകമാണ്. കോശങ്ങളെ നേരിട്ട് ലക്ഷ്യംവയ്ക്കാനും ഇല്ലാതാക്കാനുമുള്ള കഴിവ് തന്നെയാണ് കാരണം. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളില്‍ നിര്‍ദ്ദിഷ്ട ടി സെല്‍ പ്രതിരോധശേഷി ഉണ്ടെന്ന് സിംഗപ്പൂര്‍ പഠനം കണ്ടെത്തിയിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെയും എയിംസ് ഡല്‍ഹിയിലെയും ഗവേഷകരും അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇത് ഇന്ത്യയിലും കണ്ടെത്തി.
കോവിഡ് രോഗികളില്‍ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷമുള്ള നാല് മുതല്‍ അഞ്ച് മാസം വരെ സാര്‍സ്-കോവ്-2നെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡിക്ക് കുറവുണ്ടാകുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയത് കോവിഡ് വാക്സിന്‍ നിര്‍മാണത്തിനും ഗുണകരമായി.മറ്റ് രാജ്യങ്ങളില്‍ കണ്ടതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ രോഗപ്രതിരോധ ഘടകങ്ങള്‍ ഇന്ത്യയിലെ ആളുകളില്‍ ഉണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.അക്കൂടെയാണ് സാധാരണ ജലദോഷം പോലുള്ള അസുഖങ്ങള്‍ വന്നവരിലും ക്രോസ് റിയാക്ടിവിറ്റി ഇമ്മ്യൂണിറ്റി ഉള്ളതായി കണ്ടെത്തിയത്.പക്ഷേ, ഇതു സംബന്ധിച്ച് ആധികാരിക ഗവേഷണം നടത്തിയത് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ വിദഗ്ധരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.