കാലാവസ്ഥാ വ്യതിയാനങ്ങളും അന്തരീക്ഷ മലിനീകരണവും കനത്ത ഭീഷണി: മഹാ നഗരങ്ങള്‍ മുങ്ങും; 200 കോടി ജനങ്ങള്‍ ദുരിതത്തിലാകും

കാലാവസ്ഥാ വ്യതിയാനങ്ങളും അന്തരീക്ഷ മലിനീകരണവും കനത്ത ഭീഷണി: മഹാ നഗരങ്ങള്‍ മുങ്ങും; 200 കോടി ജനങ്ങള്‍ ദുരിതത്തിലാകും

കാലാവസ്ഥ വ്യതിയാനങ്ങളും അന്തരീക്ഷ മലിനീകരണവും 2050 മുതല്‍ കനത്ത ആഗോള ഭീഷണി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നത് ദശലക്ഷ കണക്കിന് ആളുകള്‍ അധിവസിക്കുന്ന പ്രധാന നഗര കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കും.

നിരന്തരം ശക്തമായ തിരമാലകള്‍ ലോകമെമ്പാടുമുള്ള തീരങ്ങളില്‍ ആഞ്ഞടിക്കും. ഗ്രാമങ്ങളെയും പട്ടണങ്ങളെയും ഇത് അപകടത്തിലാക്കിയേക്കും. വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ആല്‍ഫ്രഡ് മക്കോയ് 'ദി നേഷനി'ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

ആഫ്രിക്ക, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ നൂറ് ദശലക്ഷം അഭയാര്‍ത്ഥികള്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി കടല്‍ മാര്‍ഗമോ കരമാര്‍ഗമോ സഞ്ചരിക്കും. എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്യും.

'ആഗോള താപനവും കാര്‍ബണ്‍ പുറന്തള്ളലും നിയന്ത്രിക്കാന്‍ കഴിഞ്ഞാലും മാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങളില്‍ വലിയ മാറ്റമുണ്ടാകില്ല. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാല് മീറ്ററിലധികം വരെ സമുദ്ര നിരപ്പ് ഉയരാം. അത് ലോകത്തിന്റെ മാപ്പ് തന്നെ മാറ്റിയേക്കാം. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന കാര്യങ്ങളാണിത്'. സമുദ്രങ്ങളുടേയും മഞ്ഞു മലകളുടേയും അവസ്ഥ പഠിച്ച ശേഷം ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

ആഗോള താപനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അപകടകരമായ മാറ്റങ്ങള്‍ സമുദ്രങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കുമുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയ, ബ്രസീല്‍, കാലിഫോര്‍ണിയ, കാനഡ എന്നിവിടങ്ങളിലെ കാട്ടുതീ വെല്ലുവിളിയാകുമ്പോള്‍ വിദൂര ധ്രുവപ്രദേശങ്ങളില്‍ കൂടുതല്‍ ഗുരുതരവും ഭയാനകവുമായ വേഗതയില്‍ മഞ്ഞുപാളികള്‍ ഉരുകും. ലോകമെമ്പാടും സമുദ്രനിരപ്പ് ഉയരും.

ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലുമെല്ലാം വലിയ തോതില്‍ മഞ്ഞുമലകകള്‍ ഉരുകുകയാണ്. സമുദ്രങ്ങള്‍ കൂടുതല്‍ ചുട് പിടിച്ചതും ആസിഡ് അംശമുള്ളതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമായ നിലയിലേയ്ക്ക് മാറുകയാണ്. 21-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ വന്‍ നഗരങ്ങളില്‍ പകുതിയും ജീവിക്കുന്നത് തീര പ്രദേശങ്ങളിലാണ്. ഏതാണ്ട് 200 കോടിയോളം ജനങ്ങള്‍. അന്റാര്‍ട്ടിക്കയില്‍ അപ്രതീക്ഷിതമായ വേഗതയിലാണ് മഞ്ഞുരുകല്‍ നടന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തിയില്ലെങ്കില്‍ 61 സെന്റീമീറ്റര്‍ മുതല്‍ 110 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 10 മീറ്റര്‍ കൂടുതലാണിത്.

പത്ത് മീറ്റര്‍ കൂടുതല്‍ സമുദ്രനിരപ്പ് എന്ന് പറയുമ്പോള്‍ ഒരു കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കാം എന്ന് പഠനം പറയുന്നു. 2100 ആകുമ്പോളേക്ക് 238 സെമി വരെ ഉയരാം. ലോകത്തെ പല വന്‍ നഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ട് എന്ന് രണ്ട് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ യു.എന്‍ യൂണിവേഴ്‌സിറ്റിയിലെ സീറ്റ സെബെസ്വാരി 'ദ ഗാര്‍ഡിയനോ'ട് പറഞ്ഞു.

അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഉടന്‍ നിയന്ത്രിച്ചാല്‍ പോലും 29 സെന്റീ മീറ്ററിനും 59 സെന്റീ മീറ്ററിനും ഇടയില്‍ സമുദ്രനിരപ്പ് ഉയരുന്ന ഭീഷണി നിലവിലുണ്ട്. സമുദ്ര താപനം കൊടുങ്കാറ്റുകള്‍ക്കും വലിയ മഴക്കെടുതികള്‍ക്കും കാരണമായേക്കാമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ അടക്കമുള്ള ആവാസ വ്യവസ്ഥകളെ ഇത് പ്രതികൂലമായി ബാധിക്കും.

ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റും മറ്റ് ചില പ്രദേശങ്ങളില്‍ പ്രളയവുമാണുണ്ടാവുക. മണ്ണടിച്ചിലുകള്‍ വര്‍ധിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹിമാലയന്‍ പര്‍വത നിരയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കുമെന്നാണ് ഐപിസിസി പറയുന്നത്. ഉത്തര ധ്രുവമായ ആര്‍ട്ടിക്കിലും കാര്യമായ മഞ്ഞുരുകലാണ് ഐപിസിസി പ്രവചിക്കുന്നത്.

സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ നാശമുണ്ടാകും. മത്സ്യസമ്പത്ത് നിലവിലുള്ളതിന്റെ കാല്‍ ഭാഗമായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.