വിവാഹിതരേ ഇതിലേ ഇതിലേ..

വിവാഹിതരേ ഇതിലേ ഇതിലേ..

ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ച ചില അറിവുകൾ പങ്കു വയ്ക്കാം. ഇണയോടും കുടുംബത്തോടും ഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്. ഒരിണയെ തിരഞ്ഞെടുത്താൽ ആ ഇണയെ വിട്ട് മറ്റെങ്ങും പോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്. മുട്ടയിട്ടു കഴിഞ്ഞാൽ ആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും. മുട്ടവിരിഞ്ഞ് കുഞ്ഞ് പുറത്തു വന്നാൽ കുഞ്ഞിന് ഭക്ഷണം തൊണ്ടയിൽ കരുതി കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുന്ന ഉത്തരവാദിത്വവും ഇരുവരും മാറി മാറി നിർവ്വഹിക്കും.

ഒരിക്കൽ മാത്രം നിരീക്ഷിച്ച മറ്റൊരു കാര്യം കൂടി കുറിക്കാം കൂട്ടത്തിൽ ഒരു ആൺ പ്രാവിനെ നായ പിടിച്ചു. തനിച്ചായ പെൺ പ്രാവ് ഇണ ചേരാൻ വേണ്ടി മാത്രം സ്വന്തമായ് ഇണയുള്ള മറ്റൊരു ആൺപ്രാവിന്റെ സഹായം തേടി. അത് പ്രജനനത്തിന് അത്യാവശ്യമാണുതാനും. എന്നാൽ ആ ആൺപ്രാവ് കൂടൊരുക്കാനോ, അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാനോ അവളുടെ കൂടെ കൂടാതെ തന്റെ ഇണയോട് കൂറുപുലർത്തിയത് ശ്രദ്ധേയമായ് തോന്നി.

കാര്യങ്ങൾ ഇത്ര വിശദീകരിക്കാൻ കാരണം അടുത്ത ദിനങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകളാണ്. ഭാര്യമാരെ മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്ന ഭർത്താക്കന്മാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ. കേവലം ഒരു പങ്കാളി കാണിച്ച ധൈര്യത്തിന്റെ പേരിലാണ് പോലീസിൽ ഈ വിവരങ്ങൾ എത്തുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഉഭയസമ്മതത്തോടെയും അല്ലാതെയും ഇങ്ങനെയുള്ള കാമകേളികളിൽ ദിനവും ഉൾപ്പെടുന്നത് എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഈ കുടുംബങ്ങളിലെ മക്കളുടെ ഭാവി, പങ്കു വയ്ക്കപ്പെടുന്ന വ്യക്തികളുടെ മാനസികാവസ്ഥ ഇവയെല്ലാം
ആര് പരിഗണിക്കാൻ?

ഉഭയസമ്മതത്തോടെ ആർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന നിയമമുള്ള നമ്മുടെ രാജ്യത്ത് ഇതിലും വലുത് നടന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ... കുടുംബം പവിത്രവും വിശുദ്ധവുമാണെന്ന് പക്ഷികൾ പോലും പഠിപ്പിക്കുമ്പോൾ അതിന്റെ പവിത്രതയിലേക്ക് ഇനിയുമെത്രയോ നമ്മൾ ഉയരാനുണ്ട്.

കത്തോലിക്കാ സഭയിൽ വിവാഹം കൂദാശയാണ്. ദമ്പതികൾ തമ്മിലുള്ള കൂടിച്ചേരലുകൾ ദൈവകൃപയുടെ സ്രോതസുകളാണ്. ക്രിസ്തു ജനിച്ചതും ഇങ്ങനെയൊരു കുടുംബത്തിലാണല്ലോ? മാത്രമല്ല കാനായിലെ വിവാഹവേളയിലാണ് അവൻ തന്റെ ആദ്യത്തെ അദ്ഭുതം പ്രവർത്തിച്ചതും (യോഹ 2:1-12).

"അവര്‍ക്കു വീഞ്ഞില്ല" (യോഹ 2 : 3) എന്ന് മകനോട് പറഞ്ഞ് കുടുംബത്തിലെ കുറവുകളിലേക്ക് ഇറങ്ങിച്ചെന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമുക്ക് തേടാം. മണവറയും ഊഷ്മള കുടുംബ ബന്ധങ്ങളും ഒരിക്കലും മലിനമാകാതിരിക്കട്ടെ. അതിനുള്ള പ്രയത്നങ്ങളും മാതൃകകളും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകട്ടെ!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.