ഫാ.ഗബ്രിയേല്‍ ചിറമേല്‍ സിഎംഐ: ബഹുമുഖ പ്രതിഭയായ സന്യാസവര്യന്‍

ഫാ.ഗബ്രിയേല്‍ ചിറമേല്‍ സിഎംഐ: ബഹുമുഖ പ്രതിഭയായ  സന്യാസവര്യന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം.

ന്ന് നാമാരും ഓര്‍ക്കാന്‍ സാധ്യത ഇല്ലാത്തതും എന്നാല്‍ തന്റെ സംഭാവനകളാല്‍ നമ്മുടെ സമൂഹത്തില്‍ ചിരപ്രതിഷ്ഠിതനുമായ വ്യക്തിയാണ് ഫാ. ഗബ്രിയേല്‍ ചിറമേല്‍. ബഹുമുഖ പ്രതിഭയായ ഒരു സന്യാസവര്യന്‍ ആയിരുന്നു ഗബ്രിയേല്‍ ചിറമേല്‍. സീറോ മലബാര്‍ സഭയില്‍ സിഎംഐ സന്യാസ സമൂഹത്തിലെ അംഗമായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിലെ തിളങ്ങുന്ന മാണിക്യങ്ങളെ തിരിച്ചറിയാതെ മറ്റു നാടുകളിലെ പ്രതിഭകള്‍ക്ക് പിന്നാലെ പരക്കം പായാനുള്ള ഒരു പ്രവണത നമുക്കുണ്ട്. നമ്മുടെ നാട്ടിലും ഓര്‍ത്തിരിക്കേണ്ടവര്‍ ഏറെപ്പേര്‍ ഉണ്ട് എന്ന് തിരിച്ചറിയാന്‍ ഇദ്ദേഹത്തിന്റെ ജീവിതം പാരായണം ചെയ്യുന്നത് നമ്മെ സഹായിക്കും.

കേരളത്തില്‍ മണലൂര്‍ എന്ന സ്ഥലത്ത് 1914 ഡിസംബര്‍ 11 നാണ് ഫാ.ഗബ്രിയേല്‍ ചിറമേല്‍ ജനിക്കുന്നത്. ആന്റണി എന്നായിരുന്നു വീട്ടിലെ പേര്. 1933 നവംബര്‍ 24 ന് അദ്ദേഹം സി എം ഐ സഭയില്‍ വ്രതം എടുത്തു. 1942 മെയ് 30 ന് വൈദികനായി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത് ചമ്പക്കുളം യു.പി സ്‌കൂളിലാണ്. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് ഒന്നാം റാങ്കോടു കൂടിയും മദ്രാസ് പ്രെസിഡെന്‍സി കോളേജില്‍ നിന്ന് ബി എ രണ്ടാം റാങ്കോടെയും പാസായി. ഇതിനു ശേഷം തേവര എസ്.എച്ച് കോളേജില്‍ അധ്യാപകനായി.

കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. ഫാ.ഗബ്രിയേല്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നീണ്ടനിര അദ്ദേഹത്തിന്റെ സംഭാവനകളുടെ സൂചനയാണ്. തേവര എസ്എച്ച് കോളേജിന്റെ സുവോളജി ഡിപ്പാര്‍ട്‌മെന്റ്, തൃശൂരിലെ അമല ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയിലെ തന്നെ സെന്റ് ജോസഫ്സ് കോളേജ്, ചാലക്കുടിയിലെ കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കാട്ടെ ഭാരത് മാതാ സ്‌കൂള്‍, കോഴിക്കോട്ടെ ദീപ്തി സാംസ്‌കാരിക കേന്ദ്രം, ഇരിങ്ങാലക്കുടയിലെ കാത്തോലിക് സെന്റര്‍ എന്നിവയെല്ലാം അദ്ദേഹം തുടക്കമിട്ട സ്ഥാപനങ്ങളാണ്.

1956 മുതല്‍ 1975 വരെ അദ്ദേഹം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ ആയിരുന്നു. പഠനത്തോടൊപ്പം പഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ കോളേജ് കാതങ്ങള്‍ താണ്ടിയത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ്. അദ്ദേഹം സ്ഥാപിച്ച കലാലയങ്ങള്‍ എല്ലാം തന്നെ പഠനത്തിനും കലയ്ക്കും കായിക പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യത്തിനുമെല്ലാം പ്രാധാന്യം നല്‍കുന്ന സ്ഥലങ്ങളാണ്. 1963 ല്‍ ക്രൈസ്റ്റ് കോളേജില്‍ വനിതകള്‍ക്കായി ആരംഭിച്ച വിഭാഗമാണ് കാലാന്തരത്തില്‍ സെന്റ് ജോസഫ് കോളേജ് ആയി പരിണമിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും അദ്ദേഹം നടത്തിയ സംഭാവനകള്‍ ഇതില്‍നിന്നും വ്യക്തമാണ്.

കോളേജില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ കൂടിയായിരുന്നു അദ്ദേഹം. ഇക്കാലത്താണ് അമലയ്ക്ക് തുടക്കമിടുന്നത്. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയുമെല്ലാം ഒരു മതില്‍ക്കെട്ടില്‍ ഒന്നാകുന്ന തൃശൂര്‍ അമല അദ്ദേഹത്തിന്റെ പുത്രിയാണ്. കാന്‍സര്‍ ചികിത്സക്കായി ആരംഭിച്ച സ്ഥാപനമാണ് ഇന്ന് വളര്‍ന്നു വികസിച്ചു ഒരു ബൃഹദ് സംരംഭമായി മാറിയിരിക്കുന്നത്.

തേവര കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്ത് അദ്ദേഹം ജലത്തില്‍ വളരുന്ന ഒരുതരം മോളുസ്‌ക് നിരീക്ഷിച്ചു. ജലോപരിതലത്തില്‍ കപ്പലുകളുടെയും വള്ളങ്ങളുടെയും തടി കാര്‍ന്നു തിന്നുന്ന ഈ മോളുസ്‌ക് പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി. ഇന്ന് അതിനു bankia gabrieli എന്നാണ് പേര്. പിന്നീട് എട്ടുകാലി വര്‍ഗ്ഗത്തിലെ ഒരു പുതിയ സ്പീഷീസിനും അദ്ദേഹത്തിന്റെ പേരു നല്‍കുകയുണ്ടായി.

ഭാരതത്തില്‍ സിവിലിയന് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷണ്‍ നല്‍കി രാജ്യം 2006 ല്‍ അദ്ദേഹത്തെ ആദരിച്ചു. വിദ്യാഭ്യാസ സാമൂഹിക നവോത്ഥന മേഖലകളില്‍ അദ്ദേഹം നടത്തിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നീ ഉന്നത സമിതികളില്‍ അംഗത്വം ഉണ്ടായിരുന്നു ഫാ ഗബ്രിയേല്‍ ചിറമേലിന്. യൂണിവേഴ്‌സിറ്റിയുടെ ഉന്നത സമിതികളില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിനു സഹായകമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

2017 മെയ് 11 ന് 103 വയസ്സുള്ളപ്പോള്‍ അദ്ദേഹം സ്വര്‍ഗയാത്ര ആരംഭിച്ചു. അദ്ദേഹം തന്നെ സ്ഥാപിച്ച അമല ഇന്‍സ്റ്റിറ്റിയുട്ടിലായിരുന്നു അന്ത്യം. 2017 മെയ് 13 ന് അദ്ദേഹത്തെ ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് സിഎംഐ ആശ്രമത്തില്‍ സംസ്‌കരിച്ചു. 74 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിനു ശേഷമാണു അദ്ദേഹം വിട പറഞ്ഞത്.

ജീവിതം മുഴുവന്‍ സഭയ്ക്കും ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമായി ഉഴിഞ്ഞുവെച്ചയാളാണ് ഫാ ഗബ്രിയേല്‍ ചിറമേല്‍. അദ്ദേഹത്തെപ്പോലെ തീക്ഷ്ണമതികളായ ജ്ഞാനികള്‍ക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.