നാല്പത്തിയാറാം മാർപാപ്പ വി. ഹിലാരിയൂസ് (കേപ്പാമാരിലൂടെ ഭാഗം-47)

നാല്പത്തിയാറാം മാർപാപ്പ വി. ഹിലാരിയൂസ് (കേപ്പാമാരിലൂടെ ഭാഗം-47)

മഹാനായ വി.ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 461 നവംബര്‍ 19-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട വി. ഹിലാരിയൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം സമാധാനപൂര്‍ണ്ണവും വലിയ കോളിളക്കങ്ങള്‍ ഇല്ലാതിരുന്നതുമായ കാലമായിരുന്നു. ഹിലാരിയൂസ് മാര്‍പ്പാപ്പ ലിയോ മാര്‍പ്പാപ്പയുടെ ആര്‍ച്ച്ഡീക്കനായിരുന്നു. കൊള്ളക്കാരുടെ സൂനഹദോസ് എന്നറിയപ്പെട്ട ഏ.ഡി. 449-ലെ എഫേസോസ് സൂനഹദോസിലേക്ക് അയക്കപ്പെട്ട ലിയോ മാര്‍പ്പാപ്പയുടെ പ്രതിനിധികളില്‍ ഒരാളായിയിരുന്നു ഡീക്കനായിരുന്ന ഹിലാരിയൂസ്. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയര്‍ക്കീസായ ഫ്‌ളാവിയനെ പിന്തുണക്കുകയും കൗണ്‍സില്‍ തീരുമാനങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനാല്‍ ഡൈസോറിയസിന്റെ പക്ഷക്കാർ അവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഹിലാരിയൂസും സംഘവും അത്ഭുതകരമായി ഏഫോസോസിൽ നിന്നും രക്ഷപ്പെട്ടു.

തന്റെ മുന്‍ഗാമിയുടെ പാതയില്‍ തന്നെ ചരിച്ച് അദ്ദേഹത്തിന്റെ നയങ്ങള്‍ പിന്തുടരുവാന്‍ ഹിലാരിയൂസ് മാര്‍പ്പാപ്പ പരിശ്രമിച്ചു. പൗരസ്ത്യസഭയുടെ ഭരണകാര്യങ്ങളില്‍ തന്റെ മുന്‍ഗാമിയായ ലീയോ മാര്‍പ്പാപ്പയെപ്പോെല അദ്ദേഹവും ഇടപെട്ടിരുന്നില്ല. എന്നിരുന്നാലും സഭയില്‍ ഉടലെടുത്തിരുന്ന പല പാഷണ്ഡതകളെയും ഖണ്ഡിച്ചുകൊണ്ടും, സഭയില്‍ നടന്ന സാര്‍വത്രിക സൂനഹദോസുകളായ നിഖ്യാ സൂനഹദോസ് (325), എഫേസോസ് സൂനഹദോസ് (431), ചാല്‍സിഡോണിയണ്‍ സൂനഹദോസ് (451) എന്നീ സൂനഹദോസുകളുടെയും സൂനഹദോസ് പഠനങ്ങളുടെയും പ്രാധാന്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടും ലിയോ മാര്‍പ്പാപ്പയുടെ പ്രശസ്തമായ ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ എന്ന ഔദ്യോഗിക രേഖയെ വീണ്ടും ഉറപ്പിച്ചുകൊണ്ടും ഹിലാരിയൂസ് മാര്‍പ്പാപ്പ പൗരസ്ത്യസഭയിലെ മെത്രാന്മാര്‍ക്കായി ഒരു ഡിക്രിപുറപ്പെടുവിച്ചു.

ക്രിസ്തു ദൈവപുത്രനാണ് എന്ന വിശ്വാസസത്യത്തെ തള്ളികളഞ്ഞുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ ഏറ്റവും ഉത്തമമായ സൃഷ്ടി മാത്രമാണ് എന്ന് പഠിപ്പിച്ച ആര്യനിസം എന്ന പാഷണ്ഡത ഇറ്റലിയില്‍ വ്യാപിക്കുന്നത് തടയുവാനായിട്ടുള്ള മുന്‍കരുതലുള്‍ ഹിലാരിയൂസ് മാര്‍പ്പാപ്പ സ്വീകരിക്കുകയും ആര്യനിസത്തെ പിന്തുണയ്ക്കുന്നവരെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പാഷണ്ഡികള്‍ റോമില്‍ സമ്മേളിക്കുന്നത് ഏതു വിധേനയും തടയുമെന്ന് പ്രതിജ്ഞചെയ്യുവാന്‍ അന്‍തെമിയൂസ് ചക്രവര്‍ത്തിയെ മാര്‍പ്പാപ്പ നിര്‍ബന്ധിച്ചു.

ഗൗളിലിലെയും സ്‌പെയിനിലെയും സഭാകാര്യങ്ങളില്‍ ഹിലാരിയൂസ് മാര്‍പ്പാപ്പ ഇടപ്പെട്ടിരുന്നു. സ്‌പെയിനിലെ മെത്രാന്മാര്‍ക്കും വിശാസസമൂഹങ്ങള്‍ക്കുമായി എഴുതിയ കത്തുകളില്‍നിന്ന് സ്പാനിഷ് മെത്രാന്മാര്‍ സഭാകാര്യങ്ങള്‍ക്കായി എത്രമാത്രം റോമിനെയും മാര്‍പ്പാപ്പയെയും ആശ്രയിച്ചിരുന്നു എന്നും എപ്രകാരം മാര്‍പ്പാപ്പ വി. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ അവരുടെ മേല്‍ തന്റെ അജപാലനാധികാരം നിര്‍വഹിച്ചുവെന്നും സൂചിപ്പിക്കുന്നവയായിരുന്നു. ഏ.ഡി. 465-ല്‍ അദ്ദേഹം റോമില്‍ ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. മേരി മേജര്‍ ബസിലിക്കയില്‍ സമ്മേളിച്ച കൗണ്‍സിലില്‍ വെച്ച് മെത്രാന്മാര്‍ തങ്ങളുടെ മരണസമയത്ത് പിന്‍ഗാമികളെ നിയമിക്കരുതെന്ന് ഡിക്രി പുറപ്പെടുവിച്ചു.

എഫേസോസില്‍നിന്ന് താന്‍ അത്ഭുകരമായി രക്ഷപ്പെടതിന് കാരണം വി. യോഹന്നാന്‍ ശ്ലീഹായുടെ ഇടപെടലാണെന്ന് ഹിലാരിയൂസ് മാര്‍പ്പാപ്പ ശക്തമായി വിശ്വസിച്ചു. കാരണം എഫേസോസ് നഗരത്തിനു വെളിയിലുള്ള യോഹന്നാന്‍ ശ്ലീഹായുടെ കബറിടത്തിലാണ് ഹിലാരിയൂസ് അഭയം നേടിയത്. താന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം റോമിലെ ലാറ്ററന്‍ ബസിലിക്കയോട് ചേര്‍ന്ന് വി. യോഹന്നാന്‍ ശ്ലീഹായുടെ ബഹുമാനാര്‍ത്ഥം മൂന്ന് കപ്പേളകള്‍ നിര്‍മിക്കുകയും അതിലൊരണ്ണം വി. യോഹന്നാന്‍ ശ്ലീഹായുടെ നാമത്തില്‍ പ്രത്യേകം പ്രതിഷ്ഠിക്കുകയും ചെയ്തു. ഏ.ഡി. 455-ലെ വാന്‍ഡല്‍ ഗോത്രവംശജര്‍ നടത്തിയ കലാപത്തിനും അട്ടിമറിക്കുമിടയിൽ റോമില്‍ നിന്ന് അപഹരിച്ച അമൂല്യ വസ്തുക്കള്‍ക്കു പകരമായി മാര്‍പ്പാപ്പ അനേകം അമൂല്യവസ്തുക്കള്‍ ജനങ്ങൾക്ക് സമ്മാനമായി നല്‍കി. ഏ.ഡി. 468 ഫെബ്രുവരി 29-ാം തീയതി ഹിലാരിയൂസ് മാര്‍പ്പാപ്പ കാലം ചെയ്യുകയും താന്‍ സ്ഥാപിച്ച വി. ലോറന്‍സിന്റെ മോണസ്റ്ററിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു.

St. Hilarius succeeded Leo on November 19, 461. Hilarius was Leo the Great’s archdeacon and was at the so-called “robber council” of Ephesus during the reign of Leo. Since he supported Bishop Flavian, who was condemned by this council, Hilarius barely escaped from Ephesus with his life. Since he claimed that he had been rescued by the intercession of St. John the Evangelist when he had hidden himself in St. John’s burial chambers, Hilarius dedicated one of three chapels adjacent to the Lateran Basilica which he had built, to St. John. Pope Hilarius worked closely with the churches in Gaul and Spain, which depended on the pope’s decisions and ability to arbitrate in ecclesiastical matters. Hilarius died on February 29,

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26