തിരുസഭ അതിന്റെ ചരിത്രത്തില്‍ കണ്ടതില്‍വെച്ച് ഏറ്റവും ശക്തനും മഹാനുമായ മാര്‍പ്പാപ്പമാരില്‍ ഒരാളായിരുന്നു വി. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പ. ഒരു ഡീക്കന്‍ മാത്രമായിരുന്ന അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഒരു നയതന്ത്ര ദൗത്യത്തിനായി ഗൗളിലായിരുന്നു. തന്റെ ദൗത്യം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തിയ ലിയോ മാര്‍പ്പാപ്പ ഏ.ഡി. 440 സെപ്റ്റംബര്‍ 29-ാം തീയതി റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
ലിയോ മാര്‍പ്പാപ്പയുടെ ഭരണകാലം സഭയുടെ ചരിത്രത്തിലും മാര്‍പ്പാപ്പമാരുടെ ചരിത്ത്രിലും തന്നെ ഒരു വഴിത്തിരവായ ഭരണകാലഘട്ടം തന്നെയായിരുന്നു. റോമിന്റെ മെത്രാനും വി. പത്രോസിന്റെ പിന്‍ഗാമിയുമെന്നുള്ള നിലയില്‍ തിരുസഭയില്‍ മാര്‍പ്പാപ്പയെന്ന നിലയില്‍ തനിക്കും തന്റെ പിന്‍ഗാമികളായി തിരഞ്ഞെടുക്കപ്പെടുന്ന മാര്‍പ്പാപ്പമാര്‍ക്കുമുള്ള സാര്‍വത്രികവും പരമേന്നതവുമായ അധികാരത്തെ ലിയോ മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. വി. പത്രോസിന്റെ കബറിടം റോമില്‍ സ്ഥിതി ചെയ്യുന്നതാണ് തങ്ങളുടെ അധികാരത്തിന്റെയും വി. പത്രോസിന്റെ സിംഹാസനത്തിന്റെ പിന്‍തുടര്‍ച്ചവകാശത്തിന്റെയും അടിസ്ഥാനമെന്ന് തന്റെ മുന്‍ഗാമികളായ മാര്‍പ്പാപ്പമാര്‍ പല അവസരങ്ങളിലും പ്രഖ്യാപിച്ചിരുന്നുവെങ്കിലും വി. പത്രോസിന്റെ പിന്‍ഗാമി അല്ലെങ്കില്‍ പിന്തുടര്‍ച്ചക്കാരന്‍ എന്ന പദവി ആദ്യമായി ഉപയോഗിച്ചത് ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പയാണ്. തന്റെ തിരഞ്ഞെടുപ്പിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ അദ്ദേഹം നല്‍കിയ വചനസന്ദേശത്തിനിടയില്‍ തന്റെ സാര്‍വത്രിക അധികാരത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, 'ക്രിസ്തുവാകുന്ന പറമേല്‍നിന്ന് പത്രോസാകുന്ന പറയ്ക്ക് ലഭിച്ച ഉറപ്പും സ്ഥിരതയും അദ്ദേഹം തന്റെ പിന്‍ഗാമികള്‍ക്കും കൈമാറ്റം ചെയ്യുന്നു.' പിന്നിട് ലിയോ മാര്‍പ്പാപ്പയുടെ പിന്‍ഗാമികളായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പമാരെല്ലാം തങ്ങളെ സഭയുടെ വലിയമുക്കുവനായ പത്രോസിന്റെ സ്ഥാനം വഹിക്കുന്ന വ്യക്തിയെന്നനിലയില്‍ വിശ്വാസിസമൂഹത്തിന്റെ മേലും സഭയിലെ മെത്രാന്മാരുടെ മേലും തങ്ങളുടെ അജപാലനാധികാരം നിര്‍വ്വഹിച്ചുപോരുന്നു.
വി. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ ലിയോ മാര്‍പ്പാപ്പ മിലാനും വടക്കന്‍ പ്രവശ്യയുമടക്കം ഇറ്റലി മുഴുവനിലുമുള്ള മെത്രാന്മാരുടെമേലും രൂപതകളുടെമേലും തന്റെ അജപാലനാധികാരം നിര്‍വ്വഹിക്കുകയും അവരുടെ വ്യവഹാരങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറ്റലി മുഴുവനിലും അജപാലനകാര്യങ്ങളില്‍ ഐക്യം കൊണ്ടുവരുന്നതിനും ദുരാചാരങ്ങളും മോശമായ പെരുമാറ്റങ്ങളും തിരുത്തുന്നതിനും തര്‍ക്കങ്ങളും കലഹങ്ങളും പരിഹരിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സ്‌പെയിനില്‍ വ്യാപിച്ചുകൊണ്ടിരുന്ന മനുഷ്യശരീരം തിന്മയാണെന്ന് പഠിപ്പിച്ച പ്രിസില്ലിയനിസം എന്ന പാഷണ്ഡതയെ നേരിടുന്നതില്‍ തങ്ങള്‍ക്കാവശ്യമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്‌പെയിനിലെ മെത്രാന്മാര്‍ ലിയോ മാര്‍പ്പാപ്പയോട് അപ്പീല്‍ ചെയ്തപ്പോള്‍ പ്രസ്തുത പാഷ്ണ്ഡത നേരിടുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി.
ആഫ്രിക്കന്‍ സഭാസമൂഹം തങ്ങളുടെ അജപാലന സ്വയം ഭരണാധികാരത്തെ ഉയര്‍ത്തിപിടിക്കുകയും ഈ അധികാരത്തിന്‍മേലുള്ള റോമിന്റെ ഇടപെടലുകളെ സംശയത്തോടെ വിക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും സഭയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെയും ചില പ്രാദേശിക സംഘര്‍ഷങ്ങളെയും സംബന്ധിച്ചുള്ള മാര്‍പ്പാപ്പയുടെ ഉത്തരവുകള്‍ ആഫ്രിക്കന്‍ സഭാസമൂഹം അംഗീകരിക്കുകയും പൂർണ മനസോടെ സ്വീകരിക്കുകയും ചെയ്തു. ആര്‍ള്‍സ് രൂപതക്കും രൂപതാമെത്രാനും ഗൗള്‍ പ്രവാശ്യയിലെ രൂപതകളുടെമേലും സഭാസമൂഹങ്ങളുടെമേലും സോസിമസ് മാര്‍പ്പാപ്പ നല്‍കിയ അധികാരം പിന്നീട് ബോനിഫസ് മാര്‍പ്പാപ്പ റദ്ദു ചെയ്തിരുന്നുവെങ്കിലും ആര്‍ള്‍സിന്റെ മെത്രാനായ ഹിലരി പ്രവശ്യയിലെ മറ്റു രൂപതകളുടെമേലും സഭാസമൂഹങ്ങളുടെമേലും തനിക്ക് അധികാരമുണ്ട് എന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ ലിയോ മാര്‍പ്പാപ്പ അദ്ദേഹത്തോട് തന്റെ അജപാലന അധികാരവും ദൗത്യങ്ങളും തന്റെ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമായി നിജപ്പെടുത്തുവാന്‍ ശക്തമായി ആവശ്യപ്പെട്ടു. മാത്രമല്ല, മറ്റു രൂപതകളില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും ഇടപെടരുത് എന്ന് കല്പ്പിക്കുകയും ചെയ്തു. ഒരു രൂപതയില്‍ മെത്രാനെ തിരഞ്ഞെടുക്കേണ്ടത് ആ രൂപതയിലെ പുരോഹിത സമൂഹവും ആത്മായ നേതൃത്വവും കൂടിയാണെന്നും പ്രസ്തുത തിരഞ്ഞെടുപ്പ് വിശ്വാസി സമൂഹം ഔപചാരിക അംഗീകാരം നല്‍കണമെന്നും ലിയോ മാര്‍പ്പാപ്പ കല്പ്പിച്ചു. മെത്രാന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ലിയോ മാര്‍പ്പാപ്പയുടെ ഈ തത്വം ഇന്നും മെത്രാന്മാരുടെ തിരഞ്ഞെടുപ്പിന്റെ ഒരു മാനദണ്ഡ തത്വമായി സഭയിൽ പാലിക്കുന്നു.
ലിയോ മാര്‍പ്പാപ്പയടെ തീരുമാനം വന്നതിന് നാലു ദിവസത്തിനുശേഷം പാശ്ചാത്യ സാമ്രാജ്യത്തിന്റെ അധികാരിയായിരുന്ന വലെന്റീനിയന്‍ മൂന്നാമന്‍ തന്റെ സൈന്യാധിപനോട് ഗൗളില്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് ഉടനെതന്നെ നടപ്പിലാക്കുവാന്‍ ആജ്ഞാപിച്ചു. മാര്‍പ്പാപ്പയുടെ അധികാരത്തെ അംഗീകരിക്കുന്നതിന്റെ കാരണമായി ചക്രവര്‍ത്തി പറഞ്ഞത് റോമാ നഗരത്തിന്റെ പ്രാധാന്യമായിരുന്നു. എന്നാല്‍ ഇത് മാര്‍പ്പാപ്പയില്‍ അസംതൃപ്തി ഉളവാക്കുന്നതിന് കാരണമായി. കാരണം അപ്പോഴേക്കും റോമിന്റെ രാഷ്ട്രീയ പ്രാധാന്യം തീരെ ക്ഷയിച്ചിരുന്നു. ഈ കാരണത്താല്‍ പൗരസ്ത്യസാമ്രജ്യത്തിലെ രാഷ്ട്രീയ നേതൃത്വവും സഭാനേതൃത്വവും റോമില്‍ നിന്ന് സഭാ ഭരണകേന്ദ്രം കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റുന്നതിനായി കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു. അതിനാല്‍ തന്നെ ലിയോ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലിക അവകാശവാദങ്ങളെ പാശ്ചാത്യസഭാസമൂഹത്തെപ്പോലെ പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ പൗരസ്ത്യ സഭാനേതൃത്വം തയ്യാറായിരുന്നില്ല.
തിരുസഭയില്‍ പ്രത്യേകിച്ച് പൗരസ്ത്യ സഭയില്‍ കത്തിപടര്‍ന്ന ദൈവശാസ്ത്ര തര്‍ക്ക വിഷയമായിരുന്നു മോണോഫിസിറ്റിസം എന്ന പഠനം. കോണ്‍സ്റ്റന്റിനോപ്പിളിലെ ആബട്ടായിരുന്ന യൂറ്റിക്കസ് എന്ന സന്ന്യാസി ക്രിസ്തുവിന് മറ്റു മനുഷ്യരുടേതിന് സമാനമായ മനുഷ്യസ്വഭാവമാണുള്ളത് എന്ന പഠനത്തെ നിരാകരിച്ചു. ക്രിസ്തുവിന്റെ മനുഷ്യാവതാര സമയത്ത് അവിടുത്തെ മനുഷ്യസ്വഭാവവും ദൈവികസ്വഭാവും ഒന്നുചേരുകയും ക്രിസ്തുവില്‍ ദൈവികസ്വഭാവം അതായത് ഒരു സ്വഭാവം മാത്രമേയുള്ളു എന്നും യൂറ്റിക്കസ് പഠിപ്പിച്ചു. എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മെത്രാനായ ഫ്‌ളാവിയന്‍ യൂറ്റിക്കസിന്റെ പഠനത്തെ വിശ്വാസത്തിനെതിരായ പഠനമാണെനന് വിധിച്ചു. ഏ.ഡി. 448-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സമ്മേളിച്ച കൗണ്‍സിലില്‍വെച്ച് യൂറ്റിക്കസിന്റെ പഠനം തെറ്റാണെന്ന് വിധിക്കുകയും അലക്‌സാണ്ട്രിയായിലെ വി. സിറിലിന്റെ പഠനമായ ഡയോഫിസിറ്റിസം എന്ന പഠനത്തെ അംഗീകരിച്ചു. ക്രിസ്തുവിന്റെ മനുഷ്യാവതാരശേഷവും അവിടുന്നില്‍ മനുഷ്യസ്വഭാവും ദൈവികസ്വഭാവും ഒരുപ്പോലെ സമ്മേളിച്ചിരിക്കുന്നു എന്ന പഠനമാണ് ഡയോഫിസിറ്റസം. കൗണ്‍സിലിനെ തുടര്‍ന്ന് യൂറ്റിക്കസ് ലിയോ മാര്‍പ്പാപ്പയോട് അപ്പീല്‍ ചെയ്തു. അതോടൊപ്പം തന്നെ ഫ്‌ളാവിയന്‍ മെത്രാനും കൗണ്‍സിലിന്റെ തീരുമാനം മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. ഏ.ഡി. 449 ജൂണ്‍ 13-ന് ലിയോ മാര്‍പ്പാപ്പാ ഫ്‌ളാവിയന്‍ മെത്രാനെ സംബോധന ചെയ്തുകൊണ്ട് ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ (Tomusad Flavianum) എന്ന പ്രശസ്തമായ ഡിക്രി വഴി തന്റെ മറുപടി നല്‍കി. ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ എന്ന ഡിക്രി ക്രിസ്തുവിനെക്കുറിച്ചുള്ള സഭയുടെ പഠനം വ്യക്തമാക്കുന്ന ഡിക്രിയായിരുന്നു. പ്രസ്തുത ഡിക്രിവഴി ലിയോ മാര്‍പ്പാപ്പ ക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങള്‍ അതായത് മനുഷ്യ- സ്വഭാവവും ദൈവികസ്വഭാവവും ഒരു പോലെ സത്തപരമായി സമ്മേളിച്ചിരിക്കുന്നുവെന്ന് വ്യക്തമായി പഠിപ്പിച്ചു.
ഇതിനിടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനായി തെയോഡൊസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ഏ.ഡി. 449 ആഗസ്റ്റ് ഒന്നാം തീയതി എഫേസോസില്‍ പുതിയൊരു സൂനഹദോസ് വിളിച്ചുചേര്‍ത്തു. സഭയുടെ യാഥാസ്ഥിതികവും സത്വവിശ്വാസത്തിനു നിരക്കുന്നതുമായ പഠനങ്ങള്‍ അടങ്ങിയ ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ എന്ന ഡിക്രി കൈവശം നല്‍കികൊണ്ട് മാര്‍പ്പാപ്പ തന്റെ പ്രതിനിധികളായി മൂന്നുപേരേ എഫേസോസിലേക്ക് അയച്ചു. ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ എന്ന തന്റെ ഡിക്രിയും അതിലെ തന്റെ ശിക്ഷണം സൂനഹദോസ് പിതാക്കന്മാര്‍ സ്വീകരിക്കുമെന്ന് ലിയോ മാര്‍പ്പാപ്പ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആഗസ്റ്റ് 8-ാം തീയതി അലക്‌സാണ്ട്രിയയില്‍ നിന്നുള്ള ഡൈസോറിയസിന്റെ നേതൃത്വത്തില്‍ സമ്മേളിച്ച സൂനഹദോസ് മാര്‍പ്പാപ്പയുടെ പഠനത്തെ അവഗണിക്കുകയാണ് ഉണ്ടായത്. ഫ്‌ളാവിയനോടും അന്ത്യോക്യ വിഭാഗക്കാരോടുമുള്ള അന്ധമായ എതിര്‍പ്പ് കാരണം മാര്‍പ്പാപ്പയുടെ പ്രതിനിധികളുടെ കടുത്ത വിയോജിപ്പ് വകവെയ്ക്കാതെ ഡൈസോറിയസ് തന്റെ മോണോഫിസിറ്റിക്ക് പഠനങ്ങള്‍ക്ക് ഫ്‌ളാവിയനാല്‍ ശിക്ഷിക്കപ്പെട്ട യൂറ്റിക്കസിനെ കുറ്റവിമുക്തനാക്കുകയും ഫ്‌ളാവിയനെ നാടുകടത്തുകയും ചെയ്തു. ഫ്‌ളാവിയന്‍ പ്രവാസത്തിനായി പോകുന്ന വഴിയില്‍ മരണമടഞ്ഞു. സൂനഹദോസ് പിതാക്കന്മാരെ ഭീഷണിപ്പെടുത്തി ചക്രവർത്തി സൂനഹദോസ് തീരുമാനങ്ങളില്‍ ഒപ്പുവെയ്പ്പിച്ചു. സ്ഥിതിഗതികള്‍ വഷളാകുന്നുവെന്ന് മനസ്സിലാക്കിയ പേപ്പല്‍ പ്രതിനിധികള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് റോമിലെത്തി മാര്‍പ്പാപ്പയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ലിയോ മാര്‍പ്പാപ്പ പ്രസ്തുത സൂനഹദോസിനെയോ സൂനഹദോസ് തീരുമാനങ്ങളെയോ അംഗീകരിക്കുവാന്‍ തയ്യാറായില്ല. മാത്രമല്ല പ്രസ്തുത കൗണ്‍സിലിനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘കൊള്ളക്കാരുടെ കൗണ്‍സില്‍’ (‘Latrocinium’) എന്നാണ്.
ഇതിനെതുടര്‍ന്ന് ലിയോ മാര്‍പ്പാപ്പ തെയോഡൊസിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയോട് പുതിയതായി വീണ്ടും ഒരു സൂനഹദോസ് വിളിച്ചുചേര്‍ക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാര്‍പ്പാപ്പയുടെ ആവശ്യം നിരാകരിക്കുകയാണ് ചക്രവര്‍ത്തി ചെയ്തത്. ഏ.ഡി. 450 ജൂലൈ 28-ന് തെയോഡൊസിയസ് ചക്രവര്‍ത്തി അപ്രതീക്ഷിതമായി മരണമടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരിയും തിരുസഭാപഠനങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന പുള്‍ക്കേരിയ ഭരണം ഏറ്റെടുക്കുകയും വിശ്വാസിയും യാഥാസ്ഥിതികനുമായ മാര്‍ഷ്യനെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ഷ്യന്‍ ചക്രവര്‍ത്തിയായി ആരോഹണം ചെയ്യപ്പെട്ടു. ലീയോ മാര്‍പ്പാപ്പയുടെ ഡിക്രിയായ ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ അംഗീകരിച്ച മാര്‍ഷ്യന്‍ മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചതനുസരിച്ച് വീണ്ടും ഒരു സൂനഹദോസ് വിളിച്ചു ചേര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. അങ്ങനെ ഏ.ഡി. 451 ഒക്ടോബര്‍ 8-ാം തീയതി ചാല്‍സിഡോണ്‍ എന്ന സ്ഥലത്ത് വീണ്ടും ഒരു സൂനഹദോസ് വിളച്ചുചേര്‍ത്തു. ലിയോ മാര്‍പ്പാപ്പ പ്രസ്തുത സൂനഹദോസിനുമുമ്പായി താന്‍ തന്നെ തന്റെ പ്രതിനിധികളിലൂടെ സൂനഹദോസിന് അദ്ധ്യക്ഷതവഹിക്കുമെന്ന ഉപാധി ചക്രവര്‍ത്തിക്കുമുമ്പില്‍ വയ്ക്കുകയും ചക്രവര്‍ത്തി സമ്മതിക്കുകയും ചെയ്തു. തിരുസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു റോമിന്റെ മെത്രാന്റെ അദ്ധ്യക്ഷതയില്‍ ഒരു സാര്‍വത്രികസൂനഹദോസ് സമ്മേളിക്കുന്നത്.
ചാല്‍സിഡോണ്‍ സൂനഹദോസിലേക്ക് അദ്ദേഹം തന്റെ പ്രതിനിധികളായി രണ്ടുമെത്രാന്മാരെയും രണ്ടു പുരോഹിതരെയും അയച്ചു. അവരില്‍ പാസ്‌ക്കസിനൂസ് മെത്രാന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ കൗണ്‍സിലിന് അദ്ധ്യക്ഷത വഹിച്ചു. സൂനഹദോസ് പിതാക്കന്മാര്‍ ഡൈസോറിയസിനെ കുറ്റക്കാരെനെന്ന് കണ്ടെത്തി നാടുകത്തുകയും ഭീഷണി മൂലം ഏ.ഡി. 449-ലെ എഫേസോസ് കൗണസിലിന്റെ തീരുമാനങ്ങളില്‍ ഒപ്പുവെയ്‌ക്കേണ്ടിവന്ന മെത്രാന്മാരുമായി അനുരജ്ഞനപ്പെടുകയും ചെയ്തു. എഫേസോസ് കൗണ്‍സിലിന്റെ പഠനങ്ങളെ അസാധുവാക്കുകയും ലിയോ മാര്‍പ്പാപ്പയുടെ പഠനങ്ങളെ അംഗീകരിച്ചുകൊണ്ട് ക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങള്‍ അതായത് മനുഷ്യസ്വഭാവവും ദൈവിക സ്വഭാവവും ഒരുപോലെ സമ്മേളിച്ചിരിക്കുന്നുവെന്ന് പഠിപ്പിക്കുകയും ചെയ്തു. “വി. പത്രോസ് ലിയോയിലൂടെ സംസാരിച്ചിരിക്കുന്നു” എന്ന് ഘോഷിച്ചുകൊണ്ട് സൂനഹദോസ് ലിയോ മാര്‍പ്പാപ്പയുടെ ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ സഭയുടെ ഔദ്യോഗിക പഠനമായി അംഗീകരിച്ചു.
ലിയോ മാര്‍പ്പാപ്പ ഏ.ഡി. 453 മാര്‍ച്ച് 21-ാം തീയതി ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങളെല്ലാം 28-ാം കാനന്‍ ഒഴികെ അംഗീകരിച്ചു. രാജകീയ നഗരമായതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിന് റോമിന് തൊട്ടുതഴെ രണ്ടാസ്ഥാനം നല്‍കുന്നതിനും പൗരസ്ത്യ സാമ്രാജ്യത്തില്‍ റോമിന് തുല്യമായ സ്ഥാനം നല്‍കുന്നതിനും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനെ സാര്‍വത്രിക പാത്രിയാര്‍ക്കീസ് എന്ന നാമം നല്‍കുന്നതിനുമുള്ള തീരുമാനം അടങ്ങിയ 28-ാമത്തെ കാനന്‍ അംഗീകരിക്കുന്നതിന് മാര്‍പ്പാപ്പ തയ്യാറായില്ല. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ രാജസദസ്സില്‍ ലിയോ മാര്‍പ്പാപ്പയുടെ പ്രതിനിധിയായി കോസിന്റെ മെത്രാനായ ജൂലിയന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
തിരുസഭയെ തന്റെ ധീരവും സത്യവിശ്വാസത്തോടുകൂടിയുള്ള പഠനങ്ങളിലൂടെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതില്‍ വിജയച്ചതിനു പുറമേ ലിയോ മാര്‍പ്പാപ്പ തന്റെ നയതന്ത്ര പാടവത്തിലൂടെ റോമിനെ ജര്‍മൻ ഗോത്രങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിലും ഒരു പരിധി വരെ വിജയിച്ചു. ഹൂണ്‍സ് ഗോത്രവംശജര്‍ തങ്ങളുടെ രാജാവായ അറ്റാലിയയുടെ നേതൃത്വത്തില്‍ ഏ.ഡി. 452-ല്‍ റോമാ നഗരം ആക്രമിക്കുന്നതിനായി ഇറ്റലിയില്‍ പ്രവേശിച്ചപ്പോള്‍ രാജകീയ പ്രതിനിധി സംഘത്തൊടൊപ്പം ലിയോ മാര്‍പ്പാപ്പ അദ്ദേഹത്തെ മന്റ്റുവാ എന്ന സ്ഥലത്തുവെച്ച് കണ്ടുമുട്ടുകയും റോമിനെ ആക്രമിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കുകയും ചെയ്തു. ഏ.ഡി. 455-ല്‍ വാന്‍ഡല്‍ ഗോത്രക്കാല്‍ തങ്ങളുടെ രാജാവായ ഗയിസെറിക്കിന്റെ നേതൃത്വത്തില്‍ റോം ആക്രമിക്കുന്നതിനായി റോമാനഗരത്തിന്റെ മതിലുകള്‍ക്ക് വെളിയില്‍ എത്തിയപ്പോള്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ റോമിനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ ഗയിസെറിക്ക് പിന്‍വാങ്ങുവാന്‍ തയ്യാറായില്ല. എന്നിരുന്നാലും നഗരത്തെ നശിപ്പിക്കുന്നതില്‍നിന്നും കൂട്ടകൊലകള്‍ നടത്തുന്നതില്‍നിന്നും അദ്ദേഹം പിന്‍വാങ്ങി. പക്ഷെ ഗായിസെറിക്കും സംഘവും പതിനാലുദിവസത്തോളം റോമാനഗരം മുഴുവന്‍ കൊള്ളയടിച്ചു.
ഇരുപതുവര്‍ഷങ്ങളോളം സഭയെ ധീരമായി വിശ്വാസത്തില്‍ നയിച്ച ലീയോ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡ. 461 നവംബര്‍ 10-ാം തീയതി കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു. 1751-ല്‍ ബനടിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പ ലിയോ മാര്‍പ്പാപ്പയെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
St. Leo I, better known as Leo the Great, succeeded Sixtus III on September 29, 440. He was a deacon when he was elected pope while on a diplomatic trip in Gaul. He forcefully exerted the universal jurisdiction of the papacy and claimed to be Peter’s heir, thus having the prerogative of Peter, saying that Peter lived on in him. In his dispute with Monophysitism, the heresy that held that Christ only had a divine nature, Leo wrote a letter that came to be known as Leo’s Tome, which condemned the Monophysite heresy. This letter was read at the Council of Chalcedon and was accepted with the acclamation, “Peter has spoken through Leo.” In addition to his theological and ecclesiastical role in the disputes at the time, Leo met Attila the Hun near Mantua in 452 and convinced him to withdraw beyond the Danube. He also convinced Gaiseric, the king of the Vandals, not to torch Rome and to spare the people, although he could not persuade him not to take Rome. Leo died on November 10, 461, and his feast day is celebrated on November 10.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26