നാല്പത്തിനാലാം മാർപാപ്പ സിക്സ്റ്റസ് മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-45)

നാല്പത്തിനാലാം മാർപാപ്പ സിക്സ്റ്റസ് മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-45)

ഏ.ഡി. 432 ജൂലൈ 31-ാം തീയതി തിരുസഭയുടെ നാല്പത്തിനാലാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സിക്സ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പക്ക്, എഫേസോസ് സൂനഹദോസിന്റെ അനന്തരഫലമായി സഭയില്‍ സംജാതമായ അസന്തുഷ്ടവും സമാധാനമില്ലാത്തതുമായ സാഹചര്യത്തെ പരിഹരിച്ച് സഭയില്‍ സമാധാനം സംജാതമാക്കുവാന്‍ സാധിച്ചു. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ തന്റെ ധര്‍മ്മം അനുസരിച്ച് സഭയില്‍ ഉടലെടുത്തിരിക്കുന്ന വിഭാഗീയതയുടെ മുറിപ്പാടുകളെ ഉണക്കിയും വിഘടിച്ചു നില്‍ക്കുന്ന വിഭാഗങ്ങളെ ഒരുമിച്ചു ചേര്‍ത്തും സഭയിലെ ഐക്യം സംരക്ഷിക്കുന്നതിന് മാര്‍പ്പാപ്പ എപ്പോഴും ശ്രദ്ധാലുവായിരുന്നു.

എഫേസോസ് സൂനഹദോസ് മൂലം സഭയില്‍ ഉടലെടുത്ത വിഭാഗീയത പരിഹരിക്കുന്നതിനായി സിക്സ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പ എഫേസോസ് സൂനഹദോസിൽ സഭാഭ്രഷ്ടരാക്കുകയും തങ്ങളുടെ രൂപതകളില്‍ നിന്ന് നിഷ്‌കാസിതരാക്കപ്പെടുകയും ചെയ്ത അന്ത്യോക്യായിലെ മാര്‍ ജോണിനോടും മറ്റു സഭാശ്രേഷ്ടന്മാരോടും അനുരജ്ഞനപ്പെടുവാന്‍ തയ്യാറായി. സഭയുമായി വിണ്ടും ഐക്യപ്പെടുവാനുള്ള വ്യവസ്ഥയായി മാര്‍പ്പാപ്പ അന്ത്യോക്യായിലെ മാര്‍ ജോണിന്റെ മുമ്പില്‍ വെച്ചത് എഫേസോസ് സൂനഹദോസിന്റെ പഠനങ്ങളെ അംഗീകരിക്കുവാനും നെസ്‌തോറിയസിന്റെ പഠനങ്ങളെ നിഷേധിക്കുവാനും നിരാകരിക്കുവാനുമാണ്. ദൈവകൃപയുടെ സഹായമില്ലാതെ മനുഷ്യപ്രയത്‌നം വഴി രക്ഷ നേടാമെന്ന പഠിപ്പിച്ച പെലേജിയനിസം എന്ന പാഷ്ണ്ഡതയൊട് മൃദുസമീപനമായിരുന്നു സിക്സ്റ്റസിനുണ്ടായിരുന്നത്. എന്നാല്‍ സോസിമസ് മാര്‍പ്പാപ്പ പ്രസ്തുത പഠനത്തെ തെറ്റാണെന്ന് വിധിച്ചപ്പോള്‍ വി. അഗസ്റ്റിന്റെ പ്രേരണവഴിയായി അപ്പസ്‌തോലിക പഠനം അംഗീകരിച്ചു.

നെസ്‌തോറിയന്‍ പാഷണ്ഡതയുടെ പേരിലും എഫേസോസ് സൂനഹദോസ് കാരണവും പരസ്പരം വിഘടിച്ചു നിന്നിരുന്ന അന്ത്യോക്യന്‍ വിഭാഗക്കാരും (തങ്ങളുടെ പഠനങ്ങളില്‍ ക്രിസ്തുവിന്റെ മാനുഷികതയ്ക്ക് ഊന്നല്‍ കൊടുത്ത വിഭാഗം) അലക്‌സാണ്ട്രിയന്‍ വിഭാഗക്കാരും (തങ്ങളുടെ പഠനങ്ങളില്‍ ക്രിസ്തുവിന്റെ ദൈവികതയ്ക്ക് പ്രാധാന്യം കൊടുത്ത വിഭാഗം) തമ്മിലുള്ള അനുരജ്ഞനത്തിനായി മാര്‍പ്പാപ്പ അതിയായി അഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. ഏ.ഡി. 433-ല്‍ അന്ത്യോക്യന്‍ വിഭാഗക്കാരും അലക്‌സാണ്ട്രിയയിലെ വി. സിറിലും ക്രിസ്തുവിന്റെ ദൈവികതയും മാനുഷികതയും കുറിച്ചുള്ള പഠനങ്ങളില്‍ ഒരു യോജിപ്പിലെത്തുകയും ക്രിസ്തുവിന്റെ സ്വാഭാവങ്ങളെ നിര്‍വചിച്ചുകൊണ്ടുള്ള ഫോര്‍മുല ഓഫ് യൂണിയന്‍ (Formula of Union) എന്ന രേഖയില്‍ ഒപ്പിടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു.

സിക്സ്റ്റസ് മാര്‍പ്പാപ്പ റോമും പൗരസ്ത്യ സഭാനേതൃത്വവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്നതെങ്കിലും ഏ.ഡി. 434-ല്‍ പ്രസ്തുത അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് തിരച്ചടി നേരിടേണ്ടി വന്നു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയര്‍ക്കീസായ പ്രോക്ലസ് ഇല്ലിറിക്കുമിലെ അപ്പസ്‌തോലിക് വികാരിയത്തിനെ റോമിന്റെ അധീനതയില്‍നിന്നും വേര്‍പ്പെടുത്തി പൗരസ്ത്യ സഭയുടെ അധീനതയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. സിക്സ്റ്റസ് മാര്‍പ്പാപ്പ ഇല്ലിറിക്കുമിലെ മെത്രാന്മാരോട് പ്രോക്ലസിന്റെ അത്തരത്തിലുള്ള ശ്രമങ്ങളെ അവഗണിക്കുവാന്‍ ആജ്ഞാപിക്കുകയും തെസലോനിക്കയുടെ മെത്രാനെ ഇല്ലിറിക്കത്തിന്റെ അപ്പസ്‌തോലിക വികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല അദ്ദേഹം പ്രോക്ലസിനോട് ഇല്ലിറിയന്‍ പ്രാവശ്യയിലെ മെത്രാന്മാര്‍ കോണ്‍സ്റ്റാന്റിനോപ്പിളിന് നല്‍കുന്ന അപ്പീലുകള്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടു.

ഏ.ഡി. 410-ല്‍ വിസിഗോഥിക് വംശജരുടെ അധിനിവേശത്തിന്റെ ഫലമായി റോമിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും കേടുപാടുകള്‍ വന്ന ദേവാലയങ്ങളും മറ്റും പുനഃരുദ്ധരിക്കുന്നതിനും സിക്സ്റ്റസ് മാര്‍പ്പാപ്പ പ്രയത്‌നിച്ചു. ഇന്നു കാണുന്നതുപ്പോലെ അഷ്ടകോണാകൃതിയില്‍ ലാറ്ററന്‍ ബാപ്റ്റിസ്റ്ററിയും (ജ്ഞാനസ്‌നാനസ്ഥലം) മേരി മേജര്‍ ബസിലിക്കയുടെയും പുനഃനിര്‍മ്മിച്ചു. ലാറ്ററന്‍ ബാപ്റ്റിസ്റ്ററിയില്‍ മുദ്രണം ചെയ്യപ്പെട്ട ലിഖിതങ്ങള്‍ മാമ്മോദീസായുടെ സ്വഭാവത്തെയും രക്ഷനേടുന്നതിനായി കൃപയുടെ ആവശ്യകതെയും സൂചിപ്പിക്കുന്നതായിരുന്നു. മേരി മേജര്‍ ബസിലിക്കയിലെ ചിത്രപണികള്‍ നെസ്‌തോറിയനിസം എന്ന പാഷണ്ഡതയുടെമേല്‍ സഭ നേടിയ വിജയത്തെയും എഫേസോസ് സൂനഹദോസിന്റെ നടപടികളെ സൂചിപ്പിക്കുന്നതുമായിരുന്നു. വിസിഗോഥ് ഗോത്രവംശജരാല്‍ വി. പത്രോസിന്റെയും പൗലോസിന്റെയും ബസിലിക്കളില്‍നിന്നും ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും കൊള്ളയടിക്കപ്പെട്ട വിലയേറിയ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേതുമായ ആഭരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും പകരമായി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളും വസ്തുക്കളും നല്‍കുവാന്‍ മാര്‍പ്പാപ്പ വാലെന്റീനിയന്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു. റോമല്‍ വി. സെബസ്ത്യാനോസിന്റെ നാമത്തില്‍ റോമില്‍ ആദ്യത്തെ മോണസ്റ്ററി സ്ഥാപിച്ചത് സിക്സ്റ്റസ് മാര്‍പ്പാപ്പയാണ്.

ഏകദേശം എട്ടുവര്‍ഷത്തോളം നീണ്ടുനിന്ന അര്‍ത്ഥപൂര്‍ണ്ണവും ഫലപ്രദവുമായ ഭരണത്തിനുശേഷം ഏ.ഡി. 440 ആഗസ്റ്റ് 19-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. ലോറന്‍സിന്റെ നാമത്തിലുള്ള സിമിത്തേരിയില്‍ അടക്കം ചെയ്തു.

St. Sixtus III succeeded Celestine as pope on July 31, 432. Sixtus upheld the condemnation of the heresies that had already been condemned, including Pelagianism, although he had once supported it. Sixtus extended an olive branch to John of Antioch, who had also been excommunicated at the Council of Ephesus, by stipulating that he would restore communion with him if he would merely accept the decrees of the Council of Ephesus and reject Nestorianism. In addition to this, Sixtus strove for unity between the Antiochenes, who emphasized Christ’s humanity and did not want it subsumed into his divinity, and the Alexandrians, who emphasized Christ’s divinity and did not want it watered down. The two groups came to an agreement through accepting a document called the Formula of Union. Sixtus died on August 18, 440.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26