വി. ബോനിഫസ് മാര്‍പ്പാപ്പയുടെ കാലശേഷം മിലാനിലെ വി. അംബ്രോസിന്റെ സഹവര്‍ത്തിയായിരുന്ന സെലസ്റ്റിന്‍ ഏ.ഡി. 422 സെപ്റ്റംബര്‍ 10-ാം തീയതി തിരുസഭയുടെ നാല്പത്തിമൂന്നാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ നോവേഷനിസം എന്ന പാഷ്ണ്ഡത പിന്തുടര്‍ന്നവരുടെ റോമിലുണ്ടായിരുന്ന ദേവലായങ്ങള്‍ അദ്ദേഹം കണ്ടുകെട്ടുകയും ഏ.ഡി. 410-ല്‍ ഗോഥിക് ഗോത്രവശംജരുടെ ആക്രമണം വഴി തകര്‍ക്കപ്പെട്ട ജൂലിയന്‍ ബസിലിക്കയുടെ (സെന്റ് മേരീസ് ബസിലിക്ക) പുനഃരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മാര്‍പ്പായായുള്ള തിരഞ്ഞെടുപ്പിനെ അനുമോദിച്ചുകൊണ്ട് സെലസ്റ്റിന്‍ പാപ്പായ്ക്ക് അയ്ച്ച കത്തിലൂടെ ആഫ്രിക്കന്‍ സഭാസമൂഹം അയോഗ്യനെന്ന് കണ്ടെത്തിയ ഫുസ്സലയുടെ മെത്രാനായ അന്റോണിയസിനെ അയോഗ്യനാക്കിയ നടപടി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
തന്റെ മുന്‍ഗാമിയായ സോസിമസ് മാര്‍പ്പാപ്പയെപ്പോലെതന്നെ വടക്കെ ആഫ്രിക്കയിലെ സഭാകാര്യങ്ങളില്‍ നടത്തിയ ചില അനാവശ്യ ഇടപെടലുകള്‍ സഭനേതൃത്വവും മെത്രാന്മാരുമായുള്ള തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ചു. തന്റെ മെത്രാനാല്‍ പൗരോഹിത്യപദവിയില്‍ നിന്നു പുറത്താക്കപ്പെടുകയും സോസിമസ് മാര്‍പ്പാപ്പ പൗരോഹിത്യ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്ത അപിയാരിയസിനെ തന്റെ പൗരോഹിത്യ പദവിയില്‍ പുനഃസ്ഥാപിക്കണമെന്ന് രണ്ടാമതും സെലസ്റ്റിന്‍ പാപ്പ കല്പിച്ചു. എന്നുവരികിലും ഏ.ഡി. 426-ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച കൗണ്‍സിലില്‍വെച്ച് അപ്പിയാരിയസ് തന്റെ തെറ്റ് സമ്മതിച്ചു. റോമില്‍ നിന്ന് ആഫ്രിക്കയിലേക്ക് അദ്ദേഹത്തെ അനുഗമിച്ച പുരോഹിതനോട് അപ്പിയാരിയസിനെ നിഷേധിക്കുവാന്‍ ആവശ്യപ്പെട്ടു. ഇത് തങ്ങളുടെ സ്വയം ഭരണാധികാരത്തില്‍ കൈകടത്തിയതിനും നിഖ്യാ സൂനഹദോസ് പഠനങ്ങള്‍ക്കെതിരായി തങ്ങള്‍ സഭാഭ്രഷ്ടരാക്കിയ വ്യക്തികളുമായി ഐക്യപ്പെട്ടതിനും ആഫ്രിക്കന്‍ സഭാനേതൃത്വം മാര്‍പ്പാപ്പയെ ശക്തമായി വിമര്‍ശിച്ചു.
റോമിന്റെ മെത്രാനും വി. പത്രോസിന്റെ പിന്‍ഗാമിയുമെന്ന നിലയില്‍ തനിക്ക് റോമിനു പുറത്ത് സാര്‍വത്രിക സഭയുടെമേല്‍ അതായത് പാശ്ചാത്യ സഭയുടെമേലും പൗരസ്ത്യ സഭയുടെമേലും തനിക്ക് അജപാലനാധികാരം ഉണ്ടെന്ന് സെലസ്റ്റിന്‍ മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. തന്റെ മേലന്വേഷണത്തിന്‍ കീഴിലാണ് ഓരോ മെത്രാന്മാരും എന്ന് ഗൗളിലെ മെത്രാന്മാരെ ഓര്‍മിപ്പിക്കുകയും പതിവില്‍ നിന്ന് വ്യത്യസ്തമായ സ്ഥാനവസ്ത്രങ്ങള്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത് തുടങ്ങിയ അവരുടെ പല ആചാരങ്ങളിലുമുള്ള തന്റെ വിയോജിപ്പും എതില്‍പ്പും അദ്ദേഹം അവരെ അറിയിക്കുകയും ചെയ്തു. മാത്രമല്ല സഭയില്‍ കടന്നുകൂടികൊണ്ടിരിക്കുന്ന സെമിപെലെജിയനിസം എന്ന പാഷ്ണ്ഡതയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ സെലസ്റ്റിന്‍ പാപ്പ മുന്നറിയിപ്പ് നല്കുകയും ചെയ്തു.ദൈവത്തിങ്കലേക്ക് തിരിയുക എന്നതുമാത്രമാണ് മനുഷ്യപ്രയത്‌നമെന്നും രക്ഷ നേടുന്നതിനായി ദൈവകൃപ അത്യന്താപേഷിതമാണുമെന്നുള്ള സന്യാസിയായ ജോണ്‍ കാസിയന്റെ പാഷണ്ഡപരമായ പഠനമാണ് സെമിപെലെജിയനിസം. റോമില്‍നിന്നും പാശ്ചാത്യസഭയില്‍ നിന്നുതന്നെയും പാഷണ്ഡതയായ പെലെജിയനിസം എന്ന പഠനത്തെ പിന്തുടര്‍ന്നവരുടെ സമൂഹത്തിന്റെ നേതാക്കളെയെല്ലാം പുറത്താക്കി. സെലസ്റ്റിന്‍ പാപ്പാ പെലെജിയനിസത്തിന്റെ വളര്‍ച്ച തടയുക എന്ന ദൗത്യവുമായി ഒരു സംഘത്തെ തന്നെ റോമിലേക്ക് അയച്ചു.
പാപ്പയാണ് ഏ.ഡി. 431-ല്‍ അയർലണ്ടിലേക്ക് ആദ്യത്തെ മിഷണറി സംഘത്തെ അയക്കുന്നത്. ബ്രിട്ടനിലെ മെത്രാനായിരുന്ന പലാഡിയസിനെ അദ്ദേഹം അയർലണ്ടിന്റെ മെത്രാനായി അയച്ചു. പ്രദേശവാസികളുടെ എതിര്‍പ്പും ശത്രുതാ മനോഭാവും മൂലം അദ്ദേഹം ഉടനെതന്നെ ബ്രിട്ടണിലേക്ക് മടങ്ങി. പിന്നീട് വി. പാട്രിക്ക് അയർലണ്ടിലേക്ക് അയക്കപ്പെടുകയും അദ്ദേഹം അയർലണ്ടിനെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. സെലസ്റ്റിന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് തിരുസഭയില്‍ അരങ്ങേറിയ അനേകം സംഭവവികാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുസഭയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ സാര്‍വത്രിക സൂനഹദോസായ എഫേസോസ് സൂനഹദോസ്.
കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയര്‍ക്കീസായ നെസ്‌തോറിയസ് ക്രിസ്തുവിന്റെ മാനവികതയെ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ പഠനങ്ങളെ ക്രമീകരിച്ചിരുന്ന അന്ത്യോക്യന്‍ വീക്ഷണരീതി (Antiochian School) പിന്തുടര്‍ന്നിരുന്ന വ്യക്തിയായിരുന്നു. അവരുടെ പഠനങ്ങളുടെ സ്വാധീനം മൂലം സഭാപഠനങ്ങളില്‍നിന്നും വിശ്വാസത്തില്‍നിന്നും വിത്യസ്ഥമായി ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവവും ദൈവിക സ്വഭാവവും തമ്മിലുള്ള ഐക്യത്തെ വെവ്വേറെ കാണുവാന്‍ ആരംഭിച്ചു. ക്രിസ്തുവില്‍ രണ്ടു വിത്യസ്ത വ്യക്തികള്‍ അതായത് മനുഷ്യവ്യക്തിയും ദൈവികവ്യക്തിയുമുണ്ട് എന്നും മനുഷ്യനായ നസ്രത്തിലെ യേശുവിന്റെ അമ്മ മാത്രമാണ് മറിയമെന്നും നെസ്‌തോറിയസ് പഠിപ്പിച്ചു. അതിനാല്‍ പരിശുദ്ധ മറിയത്തെ ദൈവമാതാവ് (Theotokos) എന്ന് സംബോധന ചെയ്യുവാന്‍ പാടില്ല എന്നും ക്രിസ്തുവിന്റെ മാതാവ് (Christokos) എന്നാണ് സംബോധന ചെയ്യെണ്ടത് എന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത് സഭയില്‍ വലിയ വിവാദത്തിന് വഴിതെളിച്ചു. അല്കസാണ്ട്രിയുടെ മെത്രാനായിരുന്ന വി. സിറില്‍ നെസ്‌തോറിയസിന്റെ പഠനങ്ങളെ ഖണ്ഡിച്ചുകൊണ്ട് രംഗത്തുവരികയും ക്രിസ്തുവില്‍ മാനവികതയും ദൈവികതയും ഒരുപോലെ സമന്വയിക്കപ്പെട്ടിരിക്കുകയാണ് എന്നും അതിനാല്‍ പരിശുദ്ധ മറിയത്തെ ദൈവമാതാവ് (Theotokos) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല എന്നും പഠിപ്പിച്ചു.
നെസ്‌തോറിയസും അലക്‌സാണ്ട്രിയയിലെ വി. സിറിലും തങ്ങളുടെ വാദഗതികള്‍ സെലസ്റ്റിന്‍ മാര്‍പ്പാപ്പയുടെ പക്കല്‍ സമര്‍പ്പിച്ചപ്പോള്‍ വി. സിറിലിന്റെ പഠനങ്ങളെ അദ്ദേഹം അംഗീകരിച്ചു. വി. സിറിലിനാല്‍ പ്രേരിതനായി ഏ.ഡി. 430 ആഗസ്റ്റില്‍ റോമില്‍ സമ്മേളിച്ച സിനഡില്‍വെച്ച് നെസ്‌തോറിയസിനെയും അദ്ദേഹത്തിന്റെ പഠനങ്ങളെയും തെറ്റാണ് എന്ന് വിധിക്കുകയും നെസ്‌തോറിയസിനോട് മാര്‍പ്പാപ്പയുടെ തീരുമാനത്തിനു വിധേയപ്പെട്ടുകൊണ്ട് തന്റെ പഠനങ്ങള്‍ ഖണ്ഡിക്കുവാനും അവ പത്തുദിവസത്തിനുള്ളില്‍ പിന്‍വലിക്കുവാനും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അദ്ദേഹത്തെ സഭഭ്രഷ്ടനാക്കുമെന്നും കല്പിച്ചു. മാര്‍പ്പാപ്പയുടെയും സിനഡിന്റെയും തീരുമാനം നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം മാര്‍പ്പാപ്പ നെസ്‌തോറിയസിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സാണ്ട്രിയായിലെ വി. സിറിലിനെ ഏല്‍പ്പിച്ചു. സെലസ്റ്റിന്‍ മാര്‍പ്പാപ്പ അംഗീകരിക്കാത്തതും സംശയാസ്പദവുമായ പന്ത്രണ്ടു പ്രസ്താവനകള്‍ അംഗീകരിച്ചുകൊണ്ട് ഒപ്പുവെയ്ക്കുവാന്‍ വി. സിറില്‍ നെസ്‌തോറിയസിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനു വിസ്സമ്മതിച്ച നെസ്‌തോറിയസ് ബൈസന്റയിന്‍ ചക്രവര്‍ത്തിയായ തെയോഡൊസിയസ് രണ്ടാമനോട് ഒരു സൂനഹദോസ് വിളിച്ചുചേര്‍ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം, പ്രശ്‌നപരിഹാരത്തിനായി ചക്രവര്‍ത്തി ഏ.ഡി. 431 ജൂണ്‍ 7-ാം തീയതി എഫേസോസില്‍ ഒരു സാര്‍വത്രിക സൂനഹദോസ് വിളിച്ചുചേര്‍ത്തു. അന്ത്യോക്യന്‍ മെത്രാന്മാരും മാര്‍പ്പാപ്പയുടെ പ്രതിനിധികളും സൂനഹദോസ് സമ്മേളന സ്ഥലത്ത് എത്തിചേരുന്നതിനുമുമ്പേ ജൂണ്‍ 22-ാം തീയതി സൂനഹദോസ് ആരംഭിക്കുകയും അവരുടെ അസാന്നിധ്യത്തില്‍ തന്നെ നെസ്‌തോറിയസിന്റെ പഠനങ്ങള്‍ തെറ്റാണെന്ന് വിധിച്ച് അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കുകയും ചെയ്തു. ജൂലൈ പത്താം തീയതി മാര്‍പ്പാപ്പയുടെ പ്രതിനിധികള്‍ സമ്മേളനസ്ഥലത്ത് എത്തിച്ചേരുകയും സൂനഹദോസ് തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അന്ത്യോക്യയുടെ മെത്രാനായ മാര്‍ ജോണും അദ്ദേഹത്തിന്റെ സഹായികളും എഫേസോസില്‍ എത്തിച്ചേര്‍ന്നു. തങ്ങളുടെ അസാന്നിധ്യത്തില്‍ സൂനഹദോസ് അരംഭിച്ചതില്‍ പ്രതിഷേധിച്ച് അവര്‍ സൂനഹദോസ് തീരുമാനങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകാതിരിക്കുകയും തുടര്‍ന്നുള്ള സൂനഹദോസ് സമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ഈ നടപടിയില്‍ പ്രകോപിതരായി വി. സിറിലും മറ്റു കൗണ്‍സില്‍ പിതാക്കന്മാരും മാര്‍ ജോണിനെയും അദ്ദേഹത്തിന്റെ സഹായികളെയും സ്ഥാനഭ്രഷ്ടരാക്കി. ഇത് അന്ത്യേക്യയും അലക്‌സാണ്ട്രിയയും തമ്മിലുള്ള ഭിന്നിപ്പിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ ജോണിനെയും അദ്ദേഹത്തിന്റെ സഹായികളെയും സ്ഥാനഭ്രഷ്ടരാക്കിയ നടപടി അംഗീകരിക്കുവാന്‍ തയ്യാറായില്ല. ക്രമേണെ മാര്‍ ജോണും മറ്റുള്ളവരും നെസ്‌തോറിയസിന്റെ പഠനങ്ങളെ തള്ളികളയുമെന്നും സൂനഹദോസ് പഠനങ്ങള്‍ അംഗീകരിച്ച് സഭയുമായി പൂര്‍ണ്ണ ഐക്യത്തിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം പ്രതീഷ പ്രകടിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതീക്ഷപ്പോലെതന്നെ പിന്നീട് അന്ത്യേക്യന്‍ സഭാസമൂഹം സഭയുമായി രമ്യപ്പെടുകയും ഐക്യപ്പെടുകയും ചെയ്തു.
സെലസ്റ്റിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 432 ജൂലൈ 27 തീയതി ഇഹലോകവാസം വെടിയുകയും വിയ സലാരിയായിലുള്ള പ്രിസില്ലയുടെ നാമത്തിലുള്ള സിമിത്തേരിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശവകുടീരം എഫേസോസ് കൗണ്‍സിലിന്റെ ചിത്രങ്ങളാല്‍ അലംങ്കരിക്കുകയും ചെയ്തു.
St. Celestine I succeeded Boniface on September 10, 422. He resisted Pelagianism, Novatianism, and Nestorianism. He took the churches away from the Novatian community in Rome and ordered that the Julian Basilica be restored, since it had been damaged by the sack of Alaric the Visigoth. Celestine also set himself against Nestorianism, a new heresy that was brewing in the East. Nestorius taught that there were two persons in Christ, one human and the other divine, and that Mary was the mother of the human person of Jesus, not the divine. It followed, in Nestorius’s mind, that Mary should not be called theotokos (literally “God bearer,” or “mother of God”). St. Cyril of Alexandria encouraged the pope to condemn this position as heresy, which Celestine did in a Roman synod in 430. In the meantime Thedosius II, the Byzantine emperor, convened an ecumenical council at Ephesus to clear up the dispute. Although the pope did not attend, he sent legates whom he instructed to side with Cyril. Nestorius was excommunicated. Celestine died on July 26, 432,
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.