സമൂഹ അടുക്കള: മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് സുപ്രീം കോടതി

സമൂഹ അടുക്കള: മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹിക അടുക്കളകള്‍ രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് അധികമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ രണ്ടോ മൂന്നോ ശതമാനം സാമൂഹിക അടുക്കള പദ്ധതിക്കായി നീക്കിവെക്കണമെന്നാണ് ചില സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ചതെന്ന് സുപ്രീം കോടതി അറിയിച്ചു. ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നില്ലെന്നല്ല പറയുന്നത്, എന്നാല്‍ മാതൃകാ നയമുണ്ടാക്കണം. അത് സംസ്ഥാനങ്ങള്‍ നടപ്പാക്കുകയും വേണം. ഓരോ സംസ്ഥാനത്തും വെവ്വേറെ പ്രശ്നങ്ങളും ഭക്ഷണ ശീലങ്ങളും ആയിരിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ പഞ്ചായത്തിനാണ് കൈകാര്യം ചെയ്യാന്‍ സാധിക്കുകയെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചപ്പോള്‍, ഇതിനെ പരസ്പരം പഴിചാരാനുള്ള പരാതിയായി കണക്കാക്കരുതെന്ന് ബെഞ്ച് ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ച സുപ്രീം കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം നയമുണ്ടാക്കാന്‍ നവംബര്‍ 16ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ക്ഷേമരാഷ്ട്രത്തില്‍ പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴില്‍ നിന്നു കൊണ്ട് പദ്ധതി തയ്യാറാക്കുമെന്നാണ് കേന്ദ്രം അന്ന് അറിയിച്ചത്. അങ്ങനെയെങ്കില്‍ അത് നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാന്‍ സാമൂഹിക അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അനൂന്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.