5ജിയെ വിമാന കമ്പനികള്‍ ഭയക്കുന്നതെന്തിന്?.. ഇവ തമ്മിലുള്ള ബന്ധമെന്ത്?..

5ജിയെ വിമാന കമ്പനികള്‍ ഭയക്കുന്നതെന്തിന്?.. ഇവ തമ്മിലുള്ള ബന്ധമെന്ത്?..

അമേരിക്കയില്‍ 5ജി നെറ്റ് വര്‍ക്ക് സേവനം പ്രാബല്യത്തിലായതിനു പിന്നാലെ പല വിമാന കമ്പനികളും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.

അമേരിക്കയിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോ, ജോണ്‍.എഫ്.കെന്നഡി, ചിക്കാഗോ എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്ന് നെവാക്കിലേക്കുള്ള സര്‍വീസുമാണ് എയര്‍ ഇന്ത്യ ഇന്നലെ മുതല്‍ റദ്ദാക്കിയത്.

എയര്‍ ഇന്ത്യയ്ക്കു പുറമെ മറ്റ് പ്രമുഖ വിമാന കമ്പനികളും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്.

ജപ്പാന്‍ എയര്‍ലൈന്‍സ്, എ.എന്‍.എ ഹോള്‍ഡിംഗ്‌സ്, ഡെല്‍റ്റാ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, കൊറിയന്‍ എയര്‍, ചൈന എയര്‍, കാത്തെ പസഫിക് തുടങ്ങിയ പ്രമുഖ കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കുകയോ, വിമാനങ്ങള്‍ പുനക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ബോയിംഗ് 777 ജെറ്റ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം ഇരുപത്തിയഞ്ചോളം വിമാനങ്ങള്‍ യുഎസിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്.

എന്താണ് കാരണം?

5ജി സേവനത്തിന് ഉപയോഗിക്കുന്ന സി ബാന്‍ഡ് സ്പെക്ട്രം ബോയിംഗ് 777 വിമാനങ്ങളെയും മറ്റും മോശം കാലാവസ്ഥയില്‍ ലാന്‍ഡിംഗിന് സഹായിക്കുന്ന റഡാറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതാണ് പ്രധാന കാരണം. യു.എസില്‍ തണുപ്പ് കാലത്ത് മൂടല്‍മഞ്ഞില്‍ കാഴ്ച മറയുന്നത് പതിവായതിനാല്‍ പൈലറ്റുമാര്‍ ലാന്‍ഡിംഗിന് ഓട്ടോമാറ്റിംഗ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

വിമാനം വെള്ളത്തിനോ കരയ്‌ക്കോ മുകളിലായിരിക്കുമ്പോള്‍ അതിന്റെ ഉയരം കണക്കാക്കുന്നതിനായി വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് ഓള്‍ട്ടീമീറ്റര്‍. കുറഞ്ഞ ഉയരത്തില്‍ പറക്കേണ്ട സാഹചര്യങ്ങളില്‍ ഓള്‍ട്ടീമീറ്ററിന് വളരെയധികം പ്രാധാന്യമുണ്ട്.

എന്താണ് സി ബാന്‍ഡ്?

വായു തരംഗങ്ങളുടെ സ്‌പെക്ട്രത്തിന്റെ ഒരു ഭാഗമാണ് സി ബാന്‍ഡ്. ഇത് 5ജി കണക്ടിവിറ്റിയ്ക്ക് വളരെ പ്രധാനമാണ്. ഏകദേശം 3.3 ജിഗാഹെര്‍ട്സ് മുതല്‍ 4.2 ജിഗാഹെര്‍ട്സ് വരെയാണ് ഇതിന്റെ തരംഗാവൃത്തി (വേവ് ഫ്രീക്വന്‍സി). എന്നാല്‍ യുഎസില്‍ സി ബാന്‍ഡിന്റെ തരംഗാവൃത്തി 3.7 മുതല്‍ 3.98 ജിഗാഹെര്‍ട്സ് വരയാണ്. 4ജിയെ അപേക്ഷിച്ച് വേഗതയേറിയ കണക്ഷന് സഹായിക്കുന്ന വിശാലമായ സ്‌പെക്ട്രം ശ്രേണി സി ബാന്‍ഡിനുള്ളതിനാല്‍ ഇത് 5ജി നെറ്റ് വര്‍ക്കിംഗിന് വളരെയധികം പ്രധാനമാണ്.

സി ബാന്‍ഡും ഓള്‍ട്ടിമീറ്ററും

5ജിയുടെ സി ബാന്‍ഡ് പുറപ്പെടുവിക്കുന്ന സിഗ്‌നലുകള്‍ വിമാനത്തിന്റെ ഉയരത്തെ സംബന്ധിച്ച് ഓള്‍ട്ടിമീറ്ററിന് ലഭിക്കുന്ന സിഗ്‌നലുകളെ തടസപ്പെടുത്തുമെന്നാണ് വിമാന കമ്പനികള്‍ പറയുന്നത്. ഇത് വിസിബിലിറ്റി കുറഞ്ഞ ലാന്‍ഡിംഗുകളിലും മോശം കാലാവസ്ഥ സമയങ്ങളിലെ ലാന്‍ഡിംഗുകളിലും തടസത്തിന് കാരണമാകുമെന്നാണ് അമേരിക്കന്‍ വ്യോമയാന വ്യവസായം ആശങ്കപ്പെടുന്നത്. സിഗ്‌നലുകള്‍ തടസപ്പെടുമ്പോള്‍ ഓള്‍ട്ടീമീറ്ററില്‍ നിന്നുള്ള കണക്കുകളില്‍ വ്യതിയാനമുണ്ടാകുമെന്നും ഇത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിദഗ്ദ്ധര്‍ ആശങ്ക രേഖപ്പെടുത്തുന്നു.

എയര്‍ക്രാഫ്റ്റ് സുരക്ഷാ സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമായ റേഡിയോ ഓള്‍ട്ടിമീറ്ററുകളുമായുള്ള 5ജി സിഗ്‌നല്‍ ഇടപെടല്‍ പൂര്‍ണമായി മനസിലാക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 5ജി നെറ്റ് വര്‍ക്കുകള്‍ വ്യോമയാനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പുതിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഇത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് എ.ടി ആന്‍ഡ് ടി, വെരിസോണ്‍ ടെലികോം കമ്പനികള്‍ 5ജി സേവനം നല്‍കുന്നത് ആറുമാസത്തേക്ക് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.