ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം.
കേരളത്തില്‍ ജീവിക്കുന്ന നാമെല്ലാം റബ്ബര്‍ പരിചയം ഉള്ളവരാണ്. റബ്ബര്‍ കൊണ്ടുള്ള നിരവധി വസ്തുക്കള്‍ ഓരോ ദിവസവും ഉപയോഗിക്കുന്നവരാണ്. ഏറ്റവും ചെറിയ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശത്തേക്ക് അയക്കുന്ന റോക്കറ്റില്‍ വരെ റബ്ബര്‍ ഉപയോഗിക്കപ്പെടുന്നു.
പത്രങ്ങളില്‍ നാം പലപ്പോഴും വായിച്ചു കേള്‍ക്കുന്ന കാര്യമാണ് സ്വാഭാവിക റബ്ബര്‍, സിന്തറ്റിക് റബ്ബര്‍. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. സിന്തറ്റിക് റബ്ബര്‍ വ്യാജന്‍ ആണോ. എന്താണ് ഇവയുടെ ഉപയോഗങ്ങള്‍. ഇത്തരത്തിലുള്ള സംശയങ്ങളെ ദൂരീകരിക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയാണ് ജൂലിയസ് ആര്‍തര്‍ ന്യൂലാന്‍ഡ്. അദ്ദേഹം കൃത്രിമ റബ്ബറിന്റെ മേഖലയില്‍ ഏറെ പഠിച്ച വ്യക്തിയാണ്.
അദ്ദേഹത്തിന്റെ ജീവിതവും പഠനങ്ങളും റബ്ബര്‍ മേഖലയിലെ ശാസ്ത്ര വളര്‍ച്ചയെ കൂടുതല്‍ മനസിലാക്കാന്‍ നമ്മെ സഹായിക്കും. 1878 ഫെബ്രുവരി 14 ന് ബെല്‍ജിയത്തെ ഹാന്‍സ്‌ബെക്ക് എന്ന സ്ഥലത്താണ് അദ്ദേഹം ജനിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു.
1899 ല്‍ അമേരിക്കയിലെ നോത്രെദം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി പാസായി. 1903 ല്‍ ജൂലിയസ് ആര്‍തര്‍ ഒരു കത്തോലിക്കാ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. വാഷിങ്ടണിലെ കാത്തോലിക് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ബോട്ടണിയും കെമിസ്ട്രിയും പഠിച്ചു. 1904 ല്‍ തന്റെ ഡോക്ടറല്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
നോത്രെദം യൂണിവേഴ്‌സിറ്റിയില്‍ തിരികെ എത്തിയ ജൂലിയസ് ആര്‍തര്‍ ന്യൂലാന്‍ഡ് 1904 മുതല്‍ 1918 വരെ അവിടെ ബോട്ടണിയും തുടര്‍ന്ന് 1918 മുതല്‍ 1936 വരെ ഓര്‍ഗാനിക് കെമിസ്ട്രി പഠിപ്പിക്കുകയും ചെയ്തു. Acetylene എന്ന രാസപദാര്‍ത്ഥത്തിന്മേലുള്ള പഠനമാണ് അദ്ദേഹം ഡോക്ടറേറ്റ് അനുബന്ധിച്ചു നടത്തിയത്. തന്റെ ആദ്യകാല പരീക്ഷണങ്ങള്‍ക്കിടയില്‍ dichloro (2-chlorovinyl) arsine എന്ന പദാര്‍ത്ഥം അദ്ദേഹം കണ്ടെത്തി.
ഈ വസ്തു അങ്ങേയറ്റം വിഷലിപ്തമാണ്. വിഷമുള്ള സ്വഭാവത്തിന്റെ പേരില്‍ dichloro (2-chlorovinyl) arsine അദ്ദേഹം തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചില്ല. ഈ വസ്തു പിന്നീട് ഒരു മാരകായുധമായി രൂപപ്പെടുത്തിയെങ്കിലും ഒരിക്കലും ഉപയോഗിക്കപ്പെട്ടില്ല.
1920 ല്‍ അസെറ്റിലിന്‍ പോളിമെറൈസ് ചെയ്യാം എന്ന് അദ്ദേഹം കണ്ടെത്തി. പോളിമെറൈസ് ചെയ്യപ്പെടുക എന്നാല്‍ ചെറിയ മോളിക്യൂള്‍ ഒരുമിച്ച് ചേര്‍ത്തു വലിയ മോളിക്യൂള്‍ ആക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.
അസെറ്റിലിന്‍ പോളിമെറൈസ് ചെയ്യുമ്പോള്‍ divinylacetylene എന്ന പദാര്‍ത്ഥം ലഭിക്കുന്നു. monovinylacetylene ഹൈഡ്രജന്‍ ക്ലോറൈഡുമായി പ്രതിപ്രവര്‍ത്തനം നടത്തി അതിന്റെ ഫലമായുണ്ടാകുന്ന chloroprene പോളിമെറൈസ് ചെയ്താണ് അദ്ദേഹം നിയോപ്രീന്‍ ഉല്‍പാദിപ്പിച്ചത്. ഇത് റബ്ബറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പദാര്‍ത്ഥമാണ്.
സിങ്ക് ഓക്‌സൈഡ് അല്ലെങ്കില്‍ മഗ്‌നീഷ്യം ഓക്‌സൈഡ് കൊണ്ട് എളുപ്പത്തില്‍ വള്‍ക്കനൈസ് ചെയ്യപ്പെടാവുന്നതാണ് നിയോപ്രീന്‍. 11 വര്‍ഷങ്ങള്‍ക്ക് ശേഷം വാലസ് എച്ച് കാറോതെര്‍സ്, ഇ ഐ ദു പോണ്ട് ദേ നെമോഴ്‌സ് കമ്പനി എന്നിവര്‍ ന്യൂലാന്‍ഡിന്റെ കണ്ടുപിടുത്തം കുറച്ചൊന്ന് മാറ്റി വ്യാവസായിക അടിസ്ഥാനത്തില്‍ നിയോപ്രീന്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി.
ജൂലിയസ് ആര്‍തര്‍ ന്യൂലാന്‍ഡ് എന്ന വൈദികന്റെ പ്രതിഭ മനസിലാക്കാന്‍ അദ്ദേഹം അംഗമായിരുന്ന ശാസ്ത്ര കമ്മീഷനുകളുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അദ്ദേഹം ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ കെമിക്കല്‍ സൊസൈറ്റിയില്‍ അംഗമായിരുന്നു. Deutsche Chemische Gesselschaft എന്ന ജര്‍മന്‍ കെമിക്കല്‍ സൊസൈറ്റിയിലും അംഗമായിരുന്നു. ഇതോടൊപ്പം അമേരിക്കയിലെ ശാസ്ത്ര അഭിവൃദ്ധിക്കുള്ള സംഘത്തിലും (American Society for the Advancement of Science) അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
അമേരിക്കയിലെ ഇന്ത്യാന അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റ് (1929) ആയും പ്രസിഡന്റ് (1934) ആയും അദ്ദേഹം സ്ഥാനം ഏറ്റിട്ടുണ്ട്. 1932 ല്‍ അദ്ദേഹത്തിന് മോര്‍ഹെഡ് മെഡല്‍ ലഭിച്ചു. 1935 ല്‍ അമേരിക്കയിലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്യുട്ട് മെഡല്‍ അദ്ദേഹത്തെ തേടിയെത്തി. 1935 ല്‍ അമേരിക്കയില്‍ കെമിസ്ട്രിക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നിക്കോള്‍സ് മെഡല്‍ നല്‍കി ജൂലിയസ് ആര്‍തറിനെ ആദരിച്ചു.
1932 ല്‍ ദു പോണ്ട് നിയോപ്രീന്‍, ഡുപ്രീന്‍ എന്ന പേരില്‍ പുറത്തിറക്കാന്‍ തുടങ്ങി. സ്വാഭാവിക റബ്ബറിനേക്കാള്‍ പല കാര്യങ്ങളിലും നിയോപ്രീന്‍ മുന്നിട്ടു നിന്നു. സൂര്യ പ്രകാശത്തോടുള്ള പ്രതികരണം, കൂടിയ താപനിലകളിലുള്ള വ്യതിയാനങ്ങള്‍, തുടങ്ങിയ കാര്യങ്ങളില്‍ നിയോപ്രീന്‍ കൂടുതല്‍ മെച്ചമാണ്. ഇക്കാരണങ്ങളാല്‍ വൈദ്യുതി കമ്പിയുടെ ഇന്‍സുലേഷന്‍, ടെലിഫോണ്‍ കേബിള്‍, മേല്‍ക്കൂര സംവിധാനങ്ങള്‍ എന്നീ മേഖലകളില്‍ നിയോപ്രീന്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
1936 ജൂണ്‍ 11 ന് പദാര്‍ത്ഥങ്ങളുടെ ലോകത്തു നിന്നും പദാര്‍ത്ഥ രഹിത ലോകത്തേക്ക് അദേഹം യാത്രയായി. സിന്തറ്റിക് റബ്ബര്‍ മേഖലയില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് ജൂലിയസ് ആര്‍തര്‍ ന്യൂലാന്‍ഡ്. തന്റെ വിശ്വാസത്തിനോടൊപ്പം കെമിസ്ട്രിയിലും അദ്ദേഹം താല്പര്യം കാട്ടിയപോലെ നമ്മുടെ വിശ്വാസത്തെയും ഇഷ്ടപ്പെട്ട ശാസ്ത്ര വിഷയങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.