തിരിച്ചിറക്കം?.. ഒമിക്രോണ്‍ യൂറോപ്പില്‍ കോവിഡിന്റെ അന്ത്യം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടന

തിരിച്ചിറക്കം?.. ഒമിക്രോണ്‍ യൂറോപ്പില്‍ കോവിഡിന്റെ  അന്ത്യം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: ഒമിക്രോണ്‍ തരംഗത്തിനു ശേഷം യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ അഭിപ്രായപ്പെട്ടു. ഒമിക്രോണ്‍ കോവിഡ് മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയെന്നും മഹാമാരിയുടെ 'എന്‍ഡ് ഗെയിമിലേക്കാണ്' യൂറോപ്പ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനം പേരെയും ഒമിക്രോണ്‍ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം കുറഞ്ഞുകഴിഞ്ഞാല്‍, ശാന്തമായ കുറച്ച് ആഴ്ചകളും മാസങ്ങളും ഉണ്ടായേക്കാം. ഒരു ആഗോള പ്രതിരോധശേഷി നാം കൈവരിച്ചേക്കും, അതിന്, ഒന്നുകില്‍ വാക്സിന് നന്ദി പറയണം, അല്ലെങ്കില്‍ ആളുകള്‍ക്ക് അണുബാധ കാരണം പ്രതിരോധശേഷിയുണ്ടായി എന്ന് കരുതാം. ഈ വര്‍ഷാവസാനത്തോടെ കോവിഡ് മടങ്ങിവരുന്നതിന് മുമ്പായി ഒരു ശാന്തമായ കാലഘട്ടമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതേസമയം ഒരുപക്ഷെ, മഹാമാരി ഇനി തിരികെ വരണമെന്നുമില്ല'-ഹന്‍സ് ക്ലജ് വ്യക്തമാക്കി.

യു.എസിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചിയും സമാനമായ അഭിപ്രായവുമായി എത്തി. യു.എസിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായും ഇപ്പോള്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസും കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവെന്ന് അഭിപ്രായപ്പെട്ടു. ഒമിക്രോണിന്റെ ആധിപത്യമുള്ള നാലാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് ശേഷം ആദ്യമായി മരണങ്ങള്‍ കുറയുകയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കി. മെട്രോ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും വൈറസിന് നിരന്തരം ജനിതകവ്യതിയാനമുണ്ടാകുന്നുണ്ടെന്നും അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോണ്‍ ഉപവകഭേദങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടുതല്‍ കേസുകളും ബി.എ.-2 വകഭേദമാണ്. അതില്‍ മിക്കവയും ഒട്ടും രോഗലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. എന്നാല്‍ ആശുപത്രി പ്രവേശനവും ഐ.സി.യു. കേസുകളും വര്‍ധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.