മൊസൂളിലെ അല്‍ നൂറി മസ്ജിദ് പണിതത് ക്രിസ്തീയ ദേവാലയം പൊളിച്ചായിരുന്നെന്ന് കണ്ടെത്തല്‍

   മൊസൂളിലെ അല്‍ നൂറി മസ്ജിദ് പണിതത് ക്രിസ്തീയ ദേവാലയം പൊളിച്ചായിരുന്നെന്ന് കണ്ടെത്തല്‍

ബാഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ നൂറ്റാണ്ടുകളായുള്ള ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത് ക്രിസ്തീയ ദേവാലയ അവശിഷ്ടങ്ങള്‍ക്ക് മുകളിലെന്ന് കണ്ടെത്തി. അള്‍ത്താര സ്ഥിതി ചെയ്തിരുന്ന ഹാളിന്റേത് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വ്യക്തമായത് മസ്ജിദിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്. പള്ളി പൊളിച്ച് മസ്ജിദ് പണിതതാകാമെന്നാണ് അനുമാനം.

'ഔവര്‍ ലേഡി ഓഫ് ദി അവര്‍' പള്ളിയോടൊപ്പം മൊസൂളിന്റെ 'ഐക്കണിക് സൈറ്റു'കളിലൊന്നായി അറിയപ്പെടുന്ന പൗരാണിക ആരാധനാലയമാണ് ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദ്.2014 ജൂണ്‍ 29 ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദി 'രണ്ടാമത്തെ ഖിലാഫത്ത്' പ്രഖ്യാപിച്ചത് ഇവിടെ വെച്ചായിരുന്നു.ഇതോടെയാണ് അല്‍ നൂറി മസ്ജിദ് ലോകമെമ്പാടും അറിയപ്പെട്ടത്.

പുനര്‍ നിര്‍മ്മാണത്തിനായുള്ള ഖനനത്തിനിടെ, മസ്ജിദിന് കീഴില്‍ നിന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പ്രാര്‍ത്ഥനാ ഹാളിന്റെ അടിത്തറ തൊഴിലാളികള്‍ കണ്ടെത്തി. പുരാവസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഒരു പുരാതന ക്രിസ്ത്യന്‍ പള്ളിയുടേതാണ്. ഐഎസിന്റെ സൈനിക പരാജയത്തിലും ഈ വടക്കന്‍ മഹാനഗരത്തിന്റെ വിമോചനത്തിലും കലാശിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് പിന്തുണയുള്ള ഇറാഖി സൈനിക ആക്രമണത്തിനിടെ 2017-ല്‍ മസ്ജിദ് വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിരുന്നു.

'പഴയ പ്രാര്‍ത്ഥനാ ഹാളിന്റെ അടിത്തറ 1940 കളില്‍ നിര്‍മ്മിച്ച പ്രാര്‍ത്ഥനാ ഹാളിനേക്കാള്‍ വിപുലമാണ്'- നിനവേ പ്രവിശ്യയിലെ പുരാവസ്തു, പൈതൃക വകുപ്പിന്റെ ഡയറക്ടര്‍ ഖൈറെദ്ദീന്‍ നാസര്‍ പറഞ്ഞു. ശുചീകരണത്തിനായി ഉപയോഗിച്ചിരുന്ന നാല് മുറികളും പ്രാര്‍ത്ഥനാ ഹാളിന് കീഴില്‍ കണ്ടെത്തി. കല്ലും പ്ലാസ്റ്ററും കൊണ്ട് നിര്‍മ്മിച്ച ഓരോ മുറിക്കും മൂന്ന് മീറ്റര്‍ ഉയരവും 3.5 മീറ്റര്‍ വീതിയുമാണുണ്ടായിരുന്നത്.യുനെസ്‌കോയുടെ പിന്തുണയോടെയും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നുള്ള ധനസഹായത്തോടെയുമാണ് ഖനനം നടക്കുന്നത്. പണികള്‍ 2023 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

സാസാനിയന്‍ രാജാക്കന്മാരുടെ (ഇറാനിലെ ഷഹന്‍ഷാ) ഭരണകാലത്ത്, നാലാം നൂറ്റാണ്ടില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശുദ്ധ ബെഹ്നാം, സാറ എന്നിവരുള്‍പ്പെടെ 40 ക്രിസ്ത്യാനികളുടെ സ്മരണാര്‍ത്ഥം സ്ഥാപിതമായ 'നാല്‍പ്പത് രക്തസാക്ഷികളുടെ പള്ളി'യാകാം ഇതെന്ന നിഗമനമാണ് വിദഗ്ധര്‍ക്കുള്ളത്. പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ക്രിസ്ത്യന്‍ വിശ്വാസികളും ഇവിടേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. തുര്‍ക്കിയില്‍ ഹാഗിയാ സോഫിയ ഉള്‍പ്പെടെയുള്ള പല മസ്ജിദുകളും നേരത്തെ ക്രിസ്തീയ ദേവാലയങ്ങളായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.