രക്തപ്പുഴയില്ല; ബുര്‍ക്കിന ഫാസോയിലെ പട്ടാള വിപ്ലവം ജിഹാദി ഭീകരത തടയാനുള്ള വഴിയെന്ന് ജനങ്ങള്‍

രക്തപ്പുഴയില്ല; ബുര്‍ക്കിന ഫാസോയിലെ പട്ടാള വിപ്ലവം  ജിഹാദി ഭീകരത തടയാനുള്ള വഴിയെന്ന് ജനങ്ങള്‍

പാരിസ്: പ്രസിഡന്റിനെയും ജനകീയ മന്ത്രിസഭയെയും പുറത്താക്കി ബുര്‍ക്കിന ഫാസോയുടെ ഭരണം പട്ടാളം പിടിച്ചെടുത്തതില്‍ ജനങ്ങള്‍ പൊതുവേ ആഹ്‌ളാദത്തിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. കടുത്തു വന്നിരുന്ന ഇസ്‌ളാമിക ഭീകരതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ജനകീയ ഭരണം മാറിയതോടെ സൈന്യം ശക്തി വീണ്ടെടുത്ത് ജിഹാദികളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന പ്രതീക്ഷ വ്യാപകമാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തടവിലാക്കിയ ശേഷം സൈനിക ഭരണകൂടം പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഒരു ഡസനിലധികം കലാപകാരികള്‍ സ്റ്റേറ്റ് ടെലിവിഷനില്‍ പ്രഖ്യാപിച്ചു.തലസ്ഥാനത്ത ഒരു ദിവസം നീണ്ട വെടിവെപ്പ് പട്ടാള വിപ്‌ളവത്തിന്റെ ഭാഗമായിരുന്നു.ഭരണ ഘടന മരവിപ്പിച്ചതായും ദേശീയ അസംബ്ലി പിരിച്ചുവിട്ടതായും പുതിയ സൈനിക ഭരണകൂടം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു.

ഞായറാഴ്ച തന്നെ നൂറുകണക്കിന് ആളുകള്‍ സൈനികര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.അവരില്‍ ചിലര്‍ ഭരണകക്ഷിയുടെ ആസ്ഥാനത്തിന് തീയിട്ടു.ഭരണം സൈന്യം പിടിച്ചതായുള്ള ടെലിവിഷന്‍ പ്രഖ്യാപനത്തിന് ശേഷം, ജനക്കൂട്ടം തെരുവിലിറങ്ങി, ഏറ്റെടുക്കലിനെ പിന്തുണച്ച് ആഹ്ലാദിക്കുകയും കാര്‍ ഹോണ്‍ മുഴക്കുകയും ചെയ്തു.

ഒരുകാലത്ത് സുസ്ഥിരതയുടെ കോട്ടയായിരുന്ന ശേഷം ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള അട്ടിമറി കഴിഞ്ഞ 18 മാസത്തിനുള്ളില്‍ മേഖലയിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ്. രാജ്യ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമുള്ള ദേശസ്‌നേഹ പ്രസ്ഥാനം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു- ക്യാപ്റ്റന്‍ സിദ്‌സോര്‍ കബര്‍ ഔഡ്രാഗോ പറഞ്ഞു. വഷളായ സുരക്ഷാ സാഹചര്യവും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രസിഡന്റിന്റെ കഴിവില്ലായ്മയും കാരണമാണ് സൈനികര്‍ പ്രസിഡന്റ് റോച്ച് മാര്‍ക്ക് ക്രിസ്റ്റ്യന്‍ കബോറിന്റെ പ്രസിഡന്റ് സ്ഥാനം അവസാനിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കബോര്‍ എവിടെയാണെന്ന് ഇപ്പോള്‍ അറിയില്ല. അറസ്റ്റിലായവര്‍ക്കെതിരെ ശാരീരിക അതിക്രമങ്ങള്‍ ഒന്നുമുണ്ടാകില്ല. അവരുടെ അന്തസ് മാനിച്ച് സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ് -ഭരണകൂട വക്താവ് പറഞ്ഞു.കബോര്‍ രാജി സമര്‍പ്പിച്ചതായി അസോസിയേറ്റഡ് പ്രസ്സിനോട് ഒരു സൈനിക പ്രമുഖന്‍ പറഞ്ഞു. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിന് 'എല്ലാവര്‍ക്കും സ്വീകാര്യമായ' സമയക്രമം ഉണ്ടാക്കാന്‍ രാജ്യ നേതാക്കള്‍ പ്രവര്‍ത്തിക്കുമെന്ന് ക്യാപ്റ്റന്‍ ഔഡ്രാഗോ അറിയിച്ചു.



മുന്‍ ഫ്രഞ്ച് കോളനിയായ ബുര്‍ക്കിന ഫാസോ (പഴയ അപ്പര്‍ വോള്‍ട്ട) 1960-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം, നിരവധി ഭരണ അട്ടിമറികള്‍ മൂലം വിട്ടുമാറാത്ത അസ്ഥിരതയിലായിരുന്നു എന്നും. നൈജീരിയന്‍ മേഖലയിലെ സ്വര്‍ണ്ണ ഖനികളുള്ള പ്രദേശങ്ങളില്‍ നിന്ന് ഗ്രാമീണരെ ഓടിച്ച് ഭീകരര്‍ താവളമുണ്ടാക്കി. ഇവര്‍ വിദേശരാജ്യങ്ങളുടെ ഖനന കമ്പനികള്‍ക്കു നേരേയും ആക്രമണം നടത്തുകയാണെന്നു സൈനികര്‍ പറയുന്നു. ദേശീയ സൈന്യത്തിനു പലപ്പോഴും കാഴ്ചക്കാരാകേണ്ടിവന്നു.ഇതിനിടെയാണ് ഭീകരരുടെ പറുദീസയായ പടിഞ്ഞാറന്‍ മേഖലയില്‍ ഈയിടെ സൈന്യം കലാപത്തിന് മുതിര്‍ന്നത്.

സങ്കാറയുടെ ഭരണം ദുഃഖസ്മരണ

1983ല്‍ പ്രസിഡന്റ് ആയി അധികാരമേറ്റ വിപ്ലവകാരിയായ മിലിട്ടറി ഓഫീസര്‍ തോമസ് സങ്കാറ ആണ് 'സത്യസന്ധരായ മനുഷ്യരുടെ നാട്' എന്നര്‍ഥമുള്ള പേര് രാജ്യത്തിനായി തിരഞ്ഞെടുത്തത്. 1987-ല്‍ അദ്ദേഹത്തെ താഴെയിറക്കി കൊലപ്പെടുത്തി. ഇന്നും ആഫ്രിക്ക ഉള്‍ക്കിടിലത്തോടെ മാത്രം ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തോമസ് സങ്കാറയുടെ വധം. 'ആഫ്രിക്കയുടെ ചെഗുവേര' എന്നറിയപ്പെട്ടിരുന്ന സങ്കാറയെ വെടിവെച്ചു കൊന്നതിന് പതിനാലു പേര്‍ക്ക് നേരെയുള്ള വിചാരണ ഏറെ വൈകിയെങ്കിലും തുടങ്ങാന്‍ പോവുന്നതിനിടെയാണ് ഇപ്പോഴത്തെ പട്ടാള വിപ്‌ളവം.

ബുര്‍ക്കിന ഫാസോയുടെ സമരാധ്യനായ പ്രസിഡന്റായിരുന്ന തോമസ് സങ്കാറ, 1987 ഒക്ടോബര്‍ 15 -നു നടന്ന ഒരു സൈനിക കലാപത്തിനിടെ പട്ടാളക്കാരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. സങ്കാറയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ആത്മസ്‌നേഹിതന്‍ ബ്ലൈസ് കൊമ്പാറേ അധികാരത്തിലേറി. സങ്കാറയുടെ കൊല നടക്കുന്നതിനു നാലുവര്‍ഷം മുമ്പ് ഈ രണ്ട് ആത്മമിത്രങ്ങള്‍ ചേര്‍ന്നുതന്നെയാണ് സങ്കാറയെ അധികാരത്തിലേറ്റുന്ന വിപ്ലവത്തിനും ചുക്കാന്‍ പിടിച്ചത്.



കുറ്റം ആരോപിക്കപ്പെടുന്ന പതിനാലു പേരില്‍ കൊമ്പാറേയുമുണ്ട് . വിചാരണ ബഹിഷ്‌കരിച്ച് നാടുവിട്ട അയാള്‍ അയല്‍രാജ്യമായ ഐവറി കോസ്റ്റില്‍ അഭയം തേടി കഴിയുകയാണ്. 2014 -ല്‍ രാജ്യത്തുണ്ടായ വമ്പിച്ച ജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിറങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായി.സങ്കാറയുടെ കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല എന്ന് ഉറപ്പിച്ചു പറയുന്ന കൊമ്പാറേ വിചാരണയ്ക്ക് വിധേയനാവാന്‍ വിസമ്മതിച്ച് നാടുവിടുകയാണുണ്ടായത്.

എല്ലാം തികഞ്ഞ ഒരു മാതൃകാ ഭരണമാണ് സങ്കാറ കാഴ്ച വെച്ചത്. തന്റെ ശമ്പളത്തോടൊപ്പം രാജ്യത്തെ ബ്യൂറോക്രാറ്റുകളുടെ ചെലവുകളും വെട്ടിക്കുറച്ച പ്രസിഡന്റ്, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ ലക്ഷ്വറി സേവനങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിയും ഉത്തരവിറക്കിയിരുന്നു. 1983 -ല്‍ സങ്കാറ ഭരണം ഏറ്റെടുക്കുമ്പോള്‍ 13 ശതമാനം മാത്രമുണ്ടായിരുന്ന രാജ്യത്ത് സാക്ഷരത 1987 -ല്‍ അദ്ദേഹം കൊല്ലപ്പെടുമ്പോഴേക്കും ഉയര്‍ന്ന് 73 ശതമാനം ആയിരുന്നു. ഫ്യൂഡല്‍ ജന്മിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പട്ട കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ഇദ്ദേഹം രാജ്യത്ത് ഒരു ഹരിത വിപ്ളവം തന്നെ സൃഷ്ടിച്ചു.

ബുര്‍ക്കിന ഫാസോയില്‍ ആദ്യമായി ഒരു വാക്‌സിനേഷന്‍ ഡ്രൈവ് നടപ്പിലാക്കുന്നതും സങ്കാറ തന്നെ ആയിരുന്നു. ഐഎംഎഫ് അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങള്‍ നാട്ടില്‍ നടത്തുന്ന നിയോ കൊളോണിയലിസ്റ്റ് നീക്കങ്ങള്‍ക്കെതിരെയും അദ്ദേഹം പോരാടി. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയില്‍ ചെഗുവേരയ്ക്കുണ്ടായിരുന്നതിനു സമാനമായ ഒരു പ്രതിച്ഛായയാണ് ബുര്‍ക്കിന ഫാസോയിലും, ഏറെക്കുറെ ആഫ്രിക്കയിലും സങ്കാറയ്ക്കുണ്ടായിരുന്നത്.

സങ്കാറയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ ഡിയെബ്രെ, അന്നത്തെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഡിയാന്‍ഡ്രെ മുതല്‍ അന്നത്തെ കൊലക്കുറ്റം ഇന്ന് ആരോപിക്കപ്പെടുന്ന കൊമ്പാറോ അടക്കമുള്ളവരുടെ കരങ്ങള്‍ ഈ വധത്തിനു പിന്നിലുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്ത. സങ്കാറ വധത്തിന്റെ പിന്നിലെ ഗൂഢാലോചന നടത്തിയവരെ തന്നെ അന്വേഷണവും ഏല്‍പിച്ചതിനാല്‍ കൊമ്പാറോ അധികാരത്തിലുണ്ടായിരുന്ന 15 വര്‍ഷവും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.