'അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതി': ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

'അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതി': ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ബ്രിക്സ് അംഗ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

'ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക നികുതി ചുമത്തും. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല, നന്ദി' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ചത്. താരിഫ് ഉടമ്പടികള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് കത്ത് അയക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയങ്ങളില്‍ ആശങ്ക അറിയിച്ച ബ്രിക്സ് ഉച്ചകോടി, ഇത് ലോക വ്യാപാര ബന്ധങ്ങളെ തകര്‍ക്കുമെന്നും ലോക വ്യപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ബ്രിക്സ് നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് നേതാക്കള്‍ ആരോപിച്ചിരുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ ഇറാനു നേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചിരുന്നു. ഇന്ത്യക്കും ബ്രസീലിനും യു.എന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ 2009 ല്‍ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങളും ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായി. ഉച്ചകോടി ഇന്ന് അവസാനിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.