ഷാ‍ർജയുടെ സുല്‍ത്താന്‍

ഷാ‍ർജയുടെ സുല്‍ത്താന്‍

ഷാ‍ർജ: ഷാ‍ർജയുടെ ഭരണസാരഥ്യം ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റെടുത്തിട്ട് ഇന്നേക്ക് 50 വർഷങ്ങള്‍ പൂർത്തിയായി. യുഎഇയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിചേർക്കേണ്ടതാണ് ഷാ‍ർജയുടെ സാംസ്കാരിക നഗരത്തിലേക്കുളള യാത്ര. 1972 ജനുവരി 25 നാണ് ഷാർജയുടെ സുല്‍ത്താനായി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെത്തുന്നത്. പിന്നീടിങ്ങോട്ടുളള 50 വർഷങ്ങള്‍ സാമ്പത്തികമായും സാംസ്കാരികമായുമെല്ലാം ഷാർജ പുരോഗതി കൈവരിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുന്ന സുല്‍ത്താന്‍റെ ദീർഘവീക്ഷണമാണ് സാംസ്കാരിക നഗരമെന്ന ഖ്യാതി ഷാർജയ്ക്ക് നേടികൊടുത്തത്. അക്ഷരങ്ങളിലൂടെ വികസന വിപ്ലവം സാധ്യമാകുമെന്ന് ലോകത്തിന് തെളിയിച്ചുകൊടുത്ത ഭരണാധികാരി. വരും തലമുറയുടെ ഏറ്റവും വലിയ സമ്പത്ത് അക്ഷരാഭ്യാസമാണെന്ന തിരിച്ചറിഞ്ഞ് അതിനായി വിദ്യാലയങ്ങളും പുസ്തകശാലകളും സ്ഥാപിച്ചു. ഷാ‍ർജ സർവ്വകലാശാലയും അല്‍ ഖാസിമി യൂണിവേഴ്സിറ്റിയുമെല്ലാം എമിറേറ്റിന്‍റെ ഉമ്മറത്ത് തലയെടുപ്പോടെ നില്‍ക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.
സാമ്പത്തിക വികസനത്തില്‍ ഏറെ നിർണായകമായ എമിറേറ്റിലെ എണ്ണഖനി കണ്ടെത്തുന്നത് 1972 ഒക്ടോബർ 9 നാണ്. ആ മേഖലയെ മുബാറക്ക് എന്ന് സുല്‍ത്താന്‍ നാമകരണം ചെയ്തു. ഗതാഗതമേഖലയിലെ ആദ്യ ചുവടുവയ്പ് 1975 നവംബർ നാലിന്. ഗതാഗത വിഭാഗത്തിനായി കെട്ടിടം തുറന്നു. ഖോർഫക്കാന്‍ തുറമുഖം വരുന്നത് 1979 ല്‍. വ്യാവസായികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് മുതല്‍കൂട്ടായിരുന്നു ഖോർഫക്കാന്‍ തുറമുഖം. നിരവധി പേർക്ക് ജോലി അവസരവും ഇതിലൂടെ ലഭ്യമായി. 

വികസനയാത്ര ഒരുഭാഗത്ത് മുന്നേറുമ്പോഴും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു സുല്‍ത്താന്‍. കോണ്‍ക്രീറ്റ് വിപ്ലവം മാത്രമല്ല വികസനം, കലാസാംസ്കാരിക നവോത്ഥാനം കൂടിയാണ് വികസനത്തിന്‍റെ അടിത്തറ- 1979 ല്‍ ചെറുപ്പക്കാരായ കാണികള്‍ക്ക് മുന്നില്‍ നാടകപരിപാടി സംഘടിപ്പിച്ചുകൊണ്ട് സുല്‍ക്കാന്‍ നയം വ്യക്തമാക്കി. ലോകത്തെ ഷാ‍ർജയുമായി ബന്ധിപ്പിക്കുന്ന വിമാനത്താവളം പിറന്നത് 1979 ഏപ്രില്‍ 21 ന്. ഷാ‍ർജയെ അക്ഷരനഗരമാക്കി മാറ്റുന്നതില്‍ നിർണായമായ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങുന്നത് 1982 ജനുവരെ 18 ന്. ഷാ‍ർജ എക്സ്പോ സെന്‍ററിലായിരുന്നു ആദ്യ പുസ്തകോത്സവം നടന്നത്.

ഷാ‍ർജ ടിവിയുടെ ഉദ്ഘാടനം നടന്നത് 1985 ഫെബ്രുവരി 11 ന്. അതേവർഷം തന്നെയാണ് സുല്‍ത്താന്‍റെ നിർദ്ദേശ പ്രകാരം സാംസ്കാരിക കൊട്ടാരം തുറന്നത്. ഷാർജ ശാസ്ത്ര മ്യൂസിയം, കുട്ടികള്‍ക്കായി ഷാർജ ഷൂറ കൗണ്‍സില്‍, ഷാ‍ർജ ഫോർട്ട്, അമേരിക്കന്‍ സർവ്വകലാശാല, ഷാ‍ർജ സർവ്വകലാശാല, ഷുരൂഖ്,അല്‍ ഖാസിമിയ സർവ്വകലാശാല, ഷാ‍ർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി, ഷാ‍ർജ മീഡിയ സിറ്റി അങ്ങനെയങ്ങനെ അക്ഷരങ്ങളെ ചേർത്തുപിടിച്ചുളള വികസനയാത്രമാത്രം മതി ഷെയ്ഖ് സുല്‍ത്താനെന്ന ഭരണാധികാരിയുടെ ഭരണ നൈപുണ്യം തിരിച്ചറിയാന്‍. ഇക്കാലത്തിനിടയില്‍ നിരവധി ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എമിറേറ്റിന്‍റെയും രാജ്യത്തിന്‍റേയും ചരിത്രവും ജീവിതാനുഭവവും അടയാളപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അറിവിന്‍റെ പ്രഭയില്‍ അറബ് നാഗരികതയുടെ ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായമായി ഷാ‍ർജയും ഷാ‍ർജയുടെ സുല്‍ത്താനും എന്നും ശോഭിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.