തിരഞ്ഞെടുപ്പ് സൗജന്യ വാഗ്ദാനങ്ങള്‍ സാധാരണ ബജറ്റിന് അപ്പുറത്തേയ്ക്ക്: ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് സൗജന്യ വാഗ്ദാനങ്ങള്‍ സാധാരണ ബജറ്റിന് അപ്പുറത്തേയ്ക്ക്: ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് മര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സാധാരണ ബജറ്റിന് അപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടന് അനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ പോകുന്നതെന്നും ഗൗരവമായ പ്രശ്നമാണിതെന്നും കോടതി നിരീക്ഷിച്ചു.

നാല് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഒരു യോഗം മാത്രമാണ് കമ്മീഷന്‍ ചേര്‍ന്നതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

സൗജന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗം ചെയ്യുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.